|    Nov 18 Sun, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം പൗരത്വ രജിസ്റ്റര്‍ കരടു പട്ടികനടപടി പാടില്ലെന്ന് സുപ്രിംകോടതി

Published : 1st August 2018 | Posted By: kasim kzm

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ പട്ടികയില്‍ (എന്‍ആര്‍സി) നിന്നു പുറത്തായ 40 ലക്ഷം പേര്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി. എന്‍ആര്‍സിയുടെ കരട് മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ നിന്ന് പുറത്തായ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കരുതെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വാദങ്ങള്‍ കേള്‍ക്കാന്‍ നീതിയുക്തമായ അവസരം നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനും അസം എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്കും കോടതി നിര്‍ദേശം നല്‍കി. പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ച് അടുത്ത വിചാരണ നടക്കുന്ന ആഗസ്ത് 16ന് സര്‍ക്കാര്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നടപടിക്രമങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും പട്ടികയില്‍ നിന്ന് പുറത്തായവരുടെ വാദങ്ങളും വിയോജിപ്പുകളും കേള്‍ക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ആഗസ്ത് മധ്യത്തോടെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കിയ നടപടിക്രമങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അവ കോടതി പരിഹരിക്കുമെന്നു ജസ്റ്റിസ് ഗൊഗോയി പറഞ്ഞു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഏതെങ്കിലും തിയ്യതി തീരുമാനിച്ചിട്ടില്ല. അത് കോടതിയാണ് നിശ്ചയിക്കേണ്ടതെന്നും എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ കോടതിയില്‍ വ്യക്തമാക്കി. ഡിസംബര്‍ 31ന് മുമ്പ് എന്‍ആര്‍സിയുടെ ഏകദേശരൂപം തയ്യാറാവും. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍സഹിതം അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാനും പരാതികള്‍ നല്‍കാനും അവസരം നല്‍കും. ആഗസ്ത് ഏഴു മുതല്‍ പട്ടിക ജനങ്ങള്‍ക്ക് ലഭ്യമാക്കും. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 28 വരെ വാദങ്ങളും പരാതികളും കേള്‍ക്കുമെന്നും ഹലേജ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ക്കായി കോടതി കാത്തിരിക്കുകയാണെന്നും കോടതിയുടെ ഇപ്പോഴത്തെ മൗനം സമ്മതമോ എതിര്‍പ്പോ ഉറപ്പോ അല്ലെന്നും ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കി.
വര്‍ഷങ്ങളായി രാജ്യത്തു കഴിയുന്ന 3.29 കോടി അപേക്ഷകരില്‍ 2.9 കോടി പേരാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്തിമ ദേശീയ പൗരത്വ പട്ടികയുടെ കരടില്‍ ഇടം നേടിയത്. അവശേഷിക്കുന്ന 40.07 ലക്ഷം പേര്‍ക്കു പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. രജിസ്റ്ററുമായി ബന്ധപ്പെട്ട തിരുത്തലുകളും എതിര്‍പ്പും അറിയിക്കാന്‍ ആഗസ്ത് 30 മുതല്‍ ഒരു മാസം നല്‍കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss