|    Aug 21 Tue, 2018 9:16 am
FLASH NEWS
Home   >  National   >  

അസം പൗരത്വ പട്ടിക: മുന്‍മുഖ്യമന്ത്രിയും പുറത്ത്

Published : 4th August 2018 | Posted By: afsal aph


ദിസ്പൂര്‍: അസം സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയുടെ അന്തിമ കരടില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും പുറത്തായി.
ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായ സൈദ അന്‍വാറ തൈമുര്‍ ആണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായത്. 1980 ഡിസംബര്‍ മുതല്‍ 1981 ജൂണ്‍ വരെ അസമിലെ മുഖ്യമന്ത്രിയായിരുന്നു സൈദ. ഇപ്പോള്‍ മകനൊപ്പം ഓസ്‌ട്രേലിയയില്‍ കഴിയുന്ന അവര്‍ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
‘ എന്റെ പേര് ആ ലിസ്റ്റിലില്ലാത്തത് വളരെ വേദനാജനകമാണ്. ആഗസ്റ്റ് അവസാന ആഴ്ച അസമിലേക്ക് തിരിച്ചുവരികയും എന്റെ കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്റര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു കിട്ടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ചെയ്യും.’ സൈദ ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു.
അസമിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സൈദ എഐസിസി അംഗം കൂടിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മുന്‍തലമുറയെക്കുറിച്ചുള്ള യാതൊരു രേഖയും അവരുടെ പക്കലില്ലെന്നാണ് എന്‍ആര്‍സി അധികൃതര്‍ പറയുന്നത്.
മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ലഫ്റ്റനന്റ് ഇക്രമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാദുദ്ദീന്‍ അലി അഹമ്മദാണ് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായത്.
ജൂലൈ 30ന് പുറത്തുവിട്ട ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 40ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനതയെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. അതേസമയം, പൗരത്വ വിഷയത്തില്‍ മുസ്്‌ലിംകള്‍ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന പ്രസ്താവനയുമായി ബിജെപി ജനറല്‍ സെക്രട്ടറിയും രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss