|    Dec 17 Mon, 2018 3:33 am
FLASH NEWS
Home   >  Editpage  >  Editorial  >  

അസം പൗരത്വ പട്ടിക മനുഷ്യത്വവിരുദ്ധം

Published : 1st August 2018 | Posted By: kasim kzm

അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അവസാന കരടുപട്ടിക തിങ്കളാഴ്ച പുറത്തുവന്നപ്പോള്‍ 40 ലക്ഷത്തിലേറെ പേര്‍ പൗരത്വം നഷ്ടമാവുമെന്ന ഭീതിയിലാണ്. 3.29 കോടി അപേക്ഷകരില്‍ 2,89,83,677 പേര്‍ക്കു മാത്രമാണ് പട്ടികയില്‍ ഇടം ലഭിച്ചത്. 1971 മാര്‍ച്ച് 24ന് മുമ്പ് തങ്ങള്‍ അസമിലാണ് താമസിക്കുന്നതെന്ന് രേഖാമൂലം തെളിയിക്കണമെന്നതാണ് രജിസ്‌ട്രേഷനുള്ള വ്യവസ്ഥ.
പട്ടികയില്‍ പേരില്ലാത്ത 40,07,707 പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടാവില്ല. മറ്റു പൗരാവകാശങ്ങളും നഷ്ടമാവും. അസമില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ സംശയാസ്പദമായ വോട്ടര്‍മാരായി കണ്ടിരുന്നത് 2.48 ലക്ഷം പേരെ മാത്രമായിരുന്നു. 90കളിലെ പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രകാരം മൂന്നര ലക്ഷം പേരെയാണ് യഥാര്‍ഥ വോട്ടര്‍മാരല്ലെന്നു സംശയിച്ചിരുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് റിപുന്‍ ബോറ പറയുന്നു. അവശേഷിക്കുന്ന 36.5 ലക്ഷം എങ്ങനെ പൗരത്വത്തില്‍ നിന്നു പുറത്തായി? ഇത് കേവലം സംഖ്യയല്ല, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആബാലവൃദ്ധം വരുന്ന ജീവന്‍ തുടിക്കുന്ന മനുഷ്യരാണ്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ സ്വാഭാവികമായും അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി അവര്‍ നാടുകടത്തപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യും.
പ്രസിദ്ധീകരിച്ച പട്ടിക കരടു മാത്രമാണെന്ന് ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് പറയുന്നു. ഒഴിവാക്കപ്പെട്ടവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്ന അസമിലെ ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ പ്രഖ്യാപനം ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ആവര്‍ത്തിച്ചു.
പൗരത്വത്തിന് മതം ഒരു മാനദണ്ഡമാവാമെന്ന് നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെയും വര്‍ഗീയത പ്രചരിപ്പിച്ചു ഭൂരിപക്ഷം നേടിയ സംസ്ഥാന ഭരണകൂടത്തിന്റെയും നിര്‍ദേശപ്രകാരം തയ്യാറാക്കിയതാണ് പട്ടികയെന്ന ആരോപണം അപ്രസക്തമല്ല. ഇനി ബംഗ്ലാദേശില്‍ മതവിവേചനമുണ്ടെന്ന ന്യായത്തില്‍ ഹിന്ദുക്കളെ പട്ടികയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ദശാബ്ദങ്ങളായി അസമില്‍ അധിവസിക്കുന്ന മുസ്‌ലിംകളാണ് പുറത്താവുക.
മൂന്ന് പതിറ്റാണ്ട് ഇന്ത്യന്‍ അതിര്‍ത്തി കാത്ത ഗുവാഹത്തി സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖും കുടുംബവും പട്ടികയില്‍ പേരില്ലാതെ അനിശ്ചിതാവസ്ഥയിലായവരിലുണ്ട് എന്നത് കാര്യങ്ങളുടെ യഥാര്‍ഥ ചിത്രം നല്‍കുന്നുണ്ട്.
സ്വന്തം രാജ്യത്ത് അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന നടപടിയാണിതെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമമാണിതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതാണ് ശരി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കുകയെന്ന ഫാഷിസ്റ്റുകളുടെ വംശീയ അജണ്ടയല്ലാതെ മറ്റൊന്നുമല്ല നടപ്പാവുന്നത്. അതിനെതിരേ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയര്‍ത്തേണ്ടിയിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss