|    Nov 19 Mon, 2018 12:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അസം പൗരത്വ പട്ടിക; ചില പിന്നാമ്പുറക്കാഴ്ചകള്‍

Published : 6th August 2018 | Posted By: kasim kzm

കെ എച്ച് അബ്ദുല്‍ ഹാദി

അസം പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ കരടുപട്ടിക ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു കാരണമായിക്കൊണ്ടിരിക്കുകയാണ്. 3.29 കോടിയിലധികം വരുന്ന അസം ജനസംഖ്യയില്‍ 2.89 കോടി മാത്രമാണ് ഇന്ത്യന്‍ പൗരന്‍മാരെന്നും ബാക്കി 40 ലക്ഷം പേരും വിദേശികളാണെന്നുമാണ് പട്ടിക പറയുന്നത്. ഇതുസംബന്ധിച്ച അവകാശവാദങ്ങളും ആശങ്കകളും മുഖവിലയ്‌ക്കെടുത്താവണം നടപടി പാടില്ലെന്നു സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടാവുക.
1985ല്‍ കേന്ദ്രസര്‍ക്കാരും ഓള്‍ അസം വിദ്യാര്‍ഥി യൂനിയനും (ആസു) ഒപ്പുവച്ച അസം കരാറിന്റെ തുടര്‍ച്ചയെന്നോണമാണ് 2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പുതിയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിന് ധാരണയുണ്ടാക്കിയത്. ഇതനുസരിച്ച് 1971 മാര്‍ച്ച് 24നുശേഷം, അഥവാ ബംഗ്ലാദേശ് നിലവില്‍വന്നതിനുശേഷം ഇന്ത്യയിലേക്കു കടന്നുവന്നവരെ വിദേശപൗരന്‍മാരായി കണക്കാക്കും. തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൗരത്വം സംബന്ധിച്ച പരാതികള്‍ക്കു തീര്‍പ്പുകല്‍പ്പിക്കുന്നതിന് ട്രൈബ്യൂണലുകളും സ്ഥാപിച്ചു. പുറമെ സംശയത്തിന്റെ നിഴലിലുള്ള സമ്മതിദായകരെ ഡിവോട്ടര്‍ എന്നു വിളിച്ച് അവരധികമുള്ള പ്രദേശങ്ങളില്‍ ഫീല്‍ഡ് പഠനങ്ങളും നടന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കരാര്‍ ജോലിക്കാര്‍, സ്വകാര്യ എന്‍ജിഒകള്‍ എന്നീ സംവിധാനങ്ങളില്‍ നിന്ന് ഏതാണ്ട് 62,000 മനുഷ്യവിഭവശേഷിയും കോടിക്കണക്കിന് രൂപയും ഈ മേഖലയില്‍ സര്‍ക്കാര്‍ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.
ഒരാള്‍ നുഴഞ്ഞുകയറ്റക്കാരനാണ് എന്നു പരാതിയുള്ളത് ആര്‍ക്കാണോ അയാളാണ് അക്കാര്യം തെളിയിക്കേണ്ടത് എന്നും ആരോപിക്കപ്പെടുന്നയാളല്ല അതിന് ഉത്തരവാദി എന്നുമായിരുന്നു മുമ്പ് അസമില്‍ നിലനിന്നിരുന്ന നിയമം. എന്നാല്‍, ഇന്നത്തെ അസം ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ് സോനുവാള്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഈ നിയമം എടുത്തുകളഞ്ഞു. ഇപ്പോള്‍ ഏതൊരാള്‍ക്കെതിരേയും നുഴഞ്ഞുകയറ്റ ആരോപണമുയര്‍ത്തുകയും പരാതി സമര്‍പ്പിക്കുകയുമാവാം. പ്രസ്തുത പരാതി സ്വീകരിക്കുന്ന മുറയ്ക്ക് ആരോപണവിധേയനായയാള്‍ പിന്നീട് ഡിവോട്ടര്‍ അഥവാ ഡൗട്ട്ഫുള്‍ വോട്ടര്‍ എന്ന ഗണത്തിലാണ് പെടുക. തുടര്‍ന്ന് ട്രൈബ്യൂണല്‍ മുമ്പാകെ താന്‍ പൗരനാണെന്നു തെളിയിക്കേണ്ട ബാധ്യത ആരോപണവിധേയനില്‍ വന്നുചേരുന്നു. ഇതിനായി പന്ത്രണ്ടോളം തിരിച്ചറിയല്‍ രേഖകളാണ് ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടത്. ചിലപ്പോള്‍ ഇത്തരത്തില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ പോലും ഡിവോട്ടറായി തുടരുന്നു. അതോടെ വോട്ടവകാശവും ആനുകൂല്യങ്ങളും മറ്റും നഷ്ടപ്പെടുകയാണ് ഉണ്ടാവുക.
വിഭജനാനന്തര ഇന്ത്യ അഭിമുഖീകരിക്കുന്ന വര്‍ഗീയതയുടെയും വംശീയതയുടെയും ഏറ്റവും ഭയാനകമായ ചിത്രമാണ് അസമില്‍ തെളിഞ്ഞുവരുന്നത്. വിഭജനത്തിനു മുമ്പുള്ള അവിഭക്ത ബംഗാളിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊക്കെ മനസ്സിലാക്കിക്കൊണ്ടുള്ള പരിഹാരമാണിവിടെ വേണ്ടത്. ഇതൊന്നും പക്ഷേ, രാഷ്ട്രീയലാഭം മാത്രം കണ്ടുകൊണ്ടുള്ള പൗരത്വ നിര്‍മിതിയില്‍ കടന്നുവരുന്നില്ല. ചുരുക്കത്തില്‍, വിഭജനാനന്തരം ഇന്ത്യാരാജ്യത്തു തന്നെ തുടരാന്‍ തീരുമാനിച്ച ബംഗാളി സംസാരിക്കുന്നവരോട് പുലര്‍ത്തിപ്പോരുന്ന ഇരട്ടനീതിയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ബംഗ്ലാദേശിലേക്കു പോവാതെ ഇന്ത്യയെ മാതൃരാജ്യമായി തിരഞ്ഞെടുത്തവരെ ഏതുവിധേനയും പുറന്തള്ളാനുള്ള അസമിലെ വരേണ്യരുടെ തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
ബ്രഹ്മപുത്രയുടെ തീരത്തെ സമതലപ്രദേശങ്ങളില്‍ കൃഷിചെയ്തു ജീവിച്ചുപോരുന്ന മുസ്‌ലിംകളാണ് പ്രധാനമായും ഈ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുള്ളത്. ബ്രഹ്മപുത്ര തീരത്ത് എല്ലാ വര്‍ഷവും വന്നെത്തുന്ന വെള്ളപ്പൊക്കം കൃഷിയും സമ്പത്തും ചിലപ്പോള്‍ ഭൂമിയും നഷ്ടപ്പെടുത്തുന്നു. ഇവര്‍ക്ക് അവശ്യരേഖകള്‍ നല്‍കാനോ സഹായം നല്‍കാനോ ഔദ്യോഗിക സംവിധാനങ്ങള്‍ മെനക്കെടാറുമില്ല. ഇങ്ങനെ ബ്രഹ്മപുത്രയോട് ചേര്‍ന്ന ദൂബ്രി, കരിംഗഞ്ച്, ഗോല്‍പാറ ജില്ലകളിലായി പതിനായിരക്കണക്കിന് ജനങ്ങളുണ്ട്. അധികവും മുസ്‌ലിംകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 1954 മുതല്‍ 2014 വരെ അസമിന്റെ 3000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി നദി കവര്‍ന്നിട്ടുണ്ട്. അങ്ങനെ ബഹിഷ്‌കൃതരായവര്‍ അനവധി. പുറമെ സര്‍ക്കാര്‍ വക കുടിയൊഴിപ്പിക്കല്‍ നടക്കുന്നു. കാസിരങ്ക വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്ന ജനവാസമേഖലകള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മൂന്നു മുസ്‌ലിം ഗ്രാമങ്ങളാണ് തോക്കും ബുള്‍ഡോസറും ഉപയോഗിച്ച് അസം സര്‍ക്കാര്‍ ഒഴിപ്പിച്ചിട്ടുള്ളത്. അതേസമയം, കാസിരങ്ക വനമേഖലയോടു ചേര്‍ന്ന് മുസ്‌ലിംകളല്ലാത്തവരുടെ ആവാസമേഖലകള്‍ ഉണ്ടായിട്ടും അവയ്‌ക്കൊന്നും ഒന്നും സംഭവിച്ചില്ല. ഒഴിപ്പിച്ച ഗ്രാമങ്ങള്‍ റവന്യൂ വില്ലേജുകളാണെന്നതിന് സര്‍ക്കാര്‍ രേഖകള്‍ സാക്ഷിയുമാണ്. ഇതോടൊപ്പം തന്നെയാണ് നെല്ലിയിലെയും കൊക്രാജറിലെയും വംശഹത്യകളെയും കൂട്ടിവായിക്കേണ്ടത്.
പുതിയ കരടുപട്ടിക ഇപ്പോള്‍ പുറത്തിറക്കിയതിലൂടെ, വരുന്ന തിരഞ്ഞെടുപ്പുകളിലാണ് ബിജെപി നോട്ടമിട്ടിട്ടുള്ളത്. ഇതൊക്കെ വേണ്ടവണ്ണം പ്രതിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നത്തെ ഒരു ബംഗാളി, ബിഹാറി വേഴ്‌സസ് അസമി പ്രശ്‌നമാക്കിയാണ് വ്യാഖ്യാനിച്ചതെങ്കിലും സന്ദര്‍ഭോചിതമായ അവരുടെ ഇടപെടലും ബിജെപിക്കെതിരായ നിലപാടും പ്രശംസാര്‍ഹമാണ്. ഒരു രാജ്യം അതിന്റെ മക്കളെ തന്നെ അഭയാര്‍ഥികളാക്കുന്ന മഹാദുരന്തത്തിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss