|    Nov 16 Fri, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം പൗരത്വ പട്ടിക: കാലാവധി നീട്ടി

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ അവകാശവാദവും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15 വരെ സുപ്രിംകോടതി നീട്ടി. പൗരത്വം തെളിയിക്കുന്നതിന് പുതിയതായി അഞ്ചു രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ രേഖകള്‍ മുമ്പ് എന്‍ആര്‍സി അധികൃതര്‍ നിരാകരിച്ചിരുന്നു. നിലവില്‍ 10 രേഖകളാണ് സ്വീകരിക്കുന്നത്. പൗരത്വ പട്ടികയില്‍ നിന്നു പുറത്തായ 40 ലക്ഷത്തോളം പേര്‍ക്ക് ആശ്വാസം പകരുന്നതാണ് കോടതി നിര്‍ദേശം. നേരത്തേ നവംബര്‍ 25 ആയിരുന്നു അവസാന തിയ്യതി.
പുതുതായി അംഗീകരിച്ച അഞ്ചു രേഖകള്‍ എളുപ്പത്തില്‍ വ്യാജമായി ഉണ്ടാക്കാന്‍ കഴിയുമെന്ന എന്‍ആര്‍സി സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേലയുടെ വാദം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളി. 15ഓളം രേഖകള്‍ പൗരത്വ പട്ടികയ്ക്കായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു.
1951ലെ എന്‍ആര്‍സി, 1971 മാര്‍ച്ച് 24 വരെയുള്ള വോട്ടേഴ്‌സ് കാര്‍ഡ്, പൗരത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, അഭയാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖ, 1971 മാര്‍ച്ച് 24ന് മുമ്പ് നല്‍കിയ റേഷന്‍ കാര്‍ഡ് എന്നിവയാണ് പുതുതായി അംഗീകരിച്ച രേഖകള്‍. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് 2019 ജനുവരി 15 വരെ നോട്ടീസ് അയക്കാവുന്നതാണ്. രേഖകളുടെ പരിശോധന 2019 ഏപ്രില്‍ 1നാണ് ആരംഭിക്കുക.
അസമില്‍ 40 ലക്ഷം ആളുകളാണ് ജൂലൈ 30ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇവര്‍ക്കു പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കിയിരുന്നു. നേരത്തേ പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് സുപ്രിം കോടതി സപ്തംബര്‍ 25 മുതല്‍ 60 ദിവസത്തെ സമയം നീട്ടിനല്‍കിയിരുന്നു. അന്തിമ കരടുപട്ടികയില്‍ 3.29 കോടി അപേക്ഷകരില്‍ നിന്ന് 2.89 കോടി ആളുകളുടെ പേര് മാത്രമാണ് ചേര്‍ത്തത്.
ഭൂമിയുടെ ഉടമാവകാശം തെളിയിക്കുന്ന രേഖകള്‍, അസമിന് പുറത്ത് സ്ഥിരതാമസമാക്കിയതിനുള്ള രേഖകള്‍, പാസ്‌പോര്‍ട്ട്, എല്‍ഐസി പോളിസി, സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഏതെങ്കിലും ലൈസന്‍സോ സാക്ഷ്യപത്രമോ, പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ തൊഴില്‍ ചെയ്യുന്നത് തെളിയിക്കുന്ന രേഖകള്‍, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഉള്ള അക്കൗണ്ട് രേഖകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, യൂനിവേഴ്‌സിറ്റിയില്‍ നിന്നോ സ്‌കൂള്‍ ബോര്‍ഡില്‍ നിന്നോ ലഭിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, കോടതിയില്‍ നിന്നു ലഭിക്കുന്ന രേഖകള്‍ എന്നിവയാണ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി നേരത്തേ അംഗീകരിച്ചിരുന്നത്.
അസമില്‍ 1971 മാര്‍ച്ച് 25ന് മുമ്പ് താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്‍മാരെയും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss