|    Apr 21 Sat, 2018 7:13 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അസംബന്ധങ്ങളുടെ എന്‍ജിനീയറിങ്

Published : 1st July 2016 | Posted By: SMR

slug-a-bവിദ്യാഭ്യാസത്തോടുള്ള അടിസ്ഥാന സമീപനത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇടതുപക്ഷ സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും. വിദ്യാഭ്യാസം കച്ചവടമല്ലെന്നും സാമൂഹികലാഭം ഉദ്ദേശിച്ചുള്ള ക്ഷേമപ്രവര്‍ത്തനമാണെന്നും പറയുന്നവരാണ് ഇടതുപക്ഷം. സാമ്പത്തികലാഭത്തിനായി വിദ്യാഭ്യാസമേഖലയില്‍ മുതല്‍മുടക്കുന്നവരാണ് രണ്ടാംകൂട്ടര്‍- മറിച്ചുള്ള ഭാവാഭിനയമൊക്കെ നടത്താറുണ്ടെങ്കിലും. എന്നിരിക്കെ, എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനകാര്യത്തില്‍ ഇരുപക്ഷവും എത്തിച്ചേര്‍ന്നിരിക്കുന്ന കരാര്‍ ചിന്തോദ്ദീപകമാണ്.
കുറേക്കാലമായി സംസ്ഥാനസര്‍ക്കാരിനെ ഇസ്‌പേഡാക്കുന്ന നെഗളിപ്പാണ് കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ചുപോരുന്നത്. നിയതമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം ഇപ്പോഴും രാജ്യത്തില്ലാത്തതിന്റെ ബലത്തിലാണ് ഈ തോന്ന്യാസമത്രയും. അങ്ങനെയൊരു നിയമനീക്കം നടത്തിയ അച്യുതാനന്ദന്‍ സര്‍ക്കാരിനെ മാനേജ്‌മെന്റുകള്‍ കോടതിയിലിട്ട് ബെടക്കാക്കി. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരാവട്ടെ നയംകൊണ്ടും നടപടികൊണ്ടും സ്വകാര്യമേഖലയ്ക്ക് ഓശാന പാടുന്ന കൂട്ടരായതുകൊണ്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ താന്തോന്നിത്തം തുടര്‍ന്നു. എന്നാല്‍, സ്വന്തം കമ്പോളനയപ്രകാരംപോലും അയുക്തികമായ പ്രക്രിയ പുലര്‍ത്തിക്കൊണ്ട് അവര്‍ മറ്റു വഴിക്ക് പ്രതിസന്ധി ക്ഷണിച്ചുവരുത്തുന്നുണ്ടായിരുന്നു. വിദ്യാഭ്യാസത്തെ കമ്പോളവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണല്ലോ ഈ സ്വകാര്യ ഏര്‍പ്പാട് ആവിര്‍ഭവിക്കുന്നതുതന്നെ. അപ്പോള്‍, കമ്പോളയുക്തിയാണ് ടി കച്ചവടത്തിന്റെ കാതല്‍. ഡിമാന്‍ഡ്-സപ്ലൈ സമവാക്യമാണ് അതിന്റെ അടിവര. നാട്ടില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് ഡിമാന്‍ഡ് കൂടിയിരുന്നാല്‍ സപ്ലൈയും കൂട്ടാം. മറിച്ചായാല്‍ സപ്ലൈ കുറയ്ക്കണം. എന്താണ് നമ്മുടെ സ്വാശ്രയ വിരുതന്‍മാര്‍ ചെയ്തത്?
ഈ മേഖലയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഡിമാന്‍ഡ് കൂടുതലും സപ്ലൈ വളരെ കുറവുമാണ്. സ്വാഭാവികമായും ടി ‘ചരക്കി’ന് വന്‍ വിലയാവും. അതാണ് ഫീസ് തൊട്ട് തലവരിപ്പണം വരെയുള്ള ഇനങ്ങളിലെ കൊള്ളക്കാശിന്റെ പൊരുള്‍. മെഡിക്കല്‍കോളജിന്റെ ചെലവേറിയ സെറ്റപ്പിന് വകയൊരുക്കാനാണ് ഈ വമ്പന്‍ തുകയെന്നു ന്യായം പറയാറുണ്ട്. പ്രതിവര്‍ഷം 25,000 രൂപ ഫീസ് വാങ്ങുന്ന സര്‍ക്കാര്‍തല എംബിബിഎസ് കോഴ്‌സിന് വാസ്തവത്തിലുള്ള ചെലവുതുക രണ്ടുലക്ഷത്തിനടുത്താണ്. എന്നുവച്ചാല്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം സബ്‌സിഡി ചെയ്യുകയാണു സര്‍ക്കാര്‍. സ്വാശ്രയ മേഖലയിലെ മെറിറ്റ് സീറ്റില്‍ ഇപ്പറഞ്ഞ രണ്ടുലക്ഷം മാനേജ്‌മെന്റിന് സര്‍ക്കാര്‍ തന്നെ ഉറപ്പിച്ചുകൊടുത്തിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയിലാവട്ടെ അഞ്ചുലക്ഷത്തിനു മീതെയും എന്‍ആര്‍ഐ ക്വാട്ടയില്‍ 10 ലക്ഷവുമാണ് ഫീസ്. യഥാര്‍ഥ ചെലവിനം കഴിച്ചാല്‍ ആളാംപ്രതിയുണ്ടാവുന്ന ലാഭം സങ്കല്‍പിച്ചുനോക്കുക. ഇതിനു പുറമെയാണ് 35 ലക്ഷം തൊട്ട് മേലേയ്ക്കുള്ള തലവരിപ്പണം. പിജി കോഴ്‌സുകളിലാവട്ടെ കോടികളിലാണ് കച്ചവടം. ഇങ്ങനെയൊക്കെയായിട്ടും സംഗതിയുടെ ഡിമാന്‍ഡ് നിലനിര്‍ത്തുന്നത് രണ്ടു ഘടകങ്ങളാണ്. ഒന്ന്, ഡോക്ടര്‍ക്ക് കല്യാണക്കമ്പോളം തൊട്ട് തൊഴില്‍ക്കമ്പോളം വരെയുള്ള ഉന്നതമൂല്യം, തല്‍ഫലമായ സാമൂഹികപദവി. രണ്ട്, സപ്ലൈയുടെ ഗംഭീരമായ കുറവ്. മെഡിക്കല്‍ കോളജ് നിര്‍മാണവും വികസനവും ഭാരിച്ച ചെലവുള്ളതാകയാല്‍ സപ്ലൈവശം പെരുപ്പിക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സ്വാശ്രയക്കാരുടെ നെഗളിപ്പിന് തല്‍ക്കാലം അറുതിയില്ല- വ്യക്തമായ ഒരു ദേശീയനിയമം വരുംവരേക്കെങ്കിലും.
എന്‍ജിനീയറിങിന്റെ കാര്യത്തിലാണ് നെഗളിപ്പ് ബൂമറാങ് ചെയ്തത്. കേരളത്തില്‍ വേണ്ടത്ര കോളജുകള്‍ ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ കാശ് അയല്‍സംസ്ഥാനങ്ങളിലേക്കു പോവുന്നു എന്ന തൊടുന്യായം പറഞ്ഞാണല്ലോ ആന്റണിസര്‍ക്കാര്‍ ഇവിടെ സ്വാശ്രയപ്രസ്ഥാനം ഉദ്ഘാടനം ചെയ്തത്. പിറ്റേക്കൊല്ലം തന്നെ മാടക്കടപോലെ പെരുകി, എന്‍ജിനീയറിങ് കോളജുകള്‍. ഡിമാന്‍ഡ് എത്രയുണ്ടെന്നു നോക്കിയല്ല, മറിച്ച് സപ്ലൈക്ക് അനുസൃതമായി ഡിമാന്‍ഡ് കൂടിവരുമെന്ന അയുക്തിക്കു മേലായിരുന്നു ഈ കെട്ടിപ്പൊക്കല്‍. ഇല്ലാത്ത ഡിമാന്‍ഡ് കൃത്രിമമായി സൃഷ്ടിക്കാന്‍ ദല്ലാള്‍മാരെയുമിറക്കി. അധ്യയന നിലവാരമോ വിദ്യാര്‍ഥികളുടെ ശേഷിയോ ചുറ്റുവട്ടമേന്മയോ ഒന്നും പരിഗണിക്കാതെയുള്ള ഈ വാണിഭപ്പൂരം വികസിപ്പിക്കാന്‍ പുതിയ കോഴ്‌സുകള്‍ തരപ്പെടുത്തിക്കൊണ്ടുമിരുന്നു. അക്കാര്യത്തില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനുള്ള ദേശീയ മേല്‍നോട്ടക്കാരും സംസ്ഥാനസര്‍ക്കാരും ഒത്താശ ചെയ്യുകയും ചെയ്തു. ഫലമോ? 50 ശതമാനം കുട്ടികളെങ്കിലും പരീക്ഷ പാസാവുന്നത് ആകെയുള്ള കോളജുകളില്‍ പാതിയെണ്ണത്തില്‍ താഴെ മാത്രം. വിജയം 10 ശതമാനത്തില്‍ താഴെയുള്ള 15ഓളം കോളജുകള്‍. തോല്‍ക്കുന്നവരും പാതിവഴിയില്‍ പഠിപ്പുനിര്‍ത്തിപ്പോവുന്നവരും യഥേഷ്ടം. പഠിപ്പിനായി അവരുടെ രക്ഷിതാക്കളെടുത്ത ബാങ്ക് വായ്പകള്‍ മറ്റൊരു ബാധ്യതയായി മാറുന്നു.
ഇനി പരീക്ഷാകടമ്പ കടന്നുകൂടിയവരില്‍ വലിയൊരുവിഭാഗം തൊഴില്‍രഹിതരായി നടക്കുന്നു. അല്ലെങ്കില്‍ പഠിച്ച പ്രഫഷനല്‍ കോഴ്‌സുമായി പുലബന്ധമില്ലാത്ത പണികളില്‍ ഏര്‍പ്പെടുന്നു. അഥവാ ഈ പണിക്കു പറ്റിയ ഉരുപ്പടികളല്ല എന്‍ജിനീയര്‍ എന്ന ലേബലില്‍ വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്നത്. ഇതൊന്നും ഒരു പ്രതിസന്ധിയായി കാണാതെ ഊതിപ്പെരുക്കിയ എന്‍ജിനീയറിങ് കുമിളയാണ് കഴിഞ്ഞ മൂന്നുകൊല്ലമായി പൊട്ടുന്നത്. നിലവാരമില്ലാത്ത കോഴ്‌സുകളും കോളജുകളും നാട്ടുകാര്‍ കൈയൊഴിയുന്നു. അതോടെ കമ്പോളവിരുതന്‍മാര്‍ പ്ലേറ്റ് തിരിച്ചുവച്ചു- തങ്ങളെ സര്‍ക്കാര്‍ താങ്ങിക്കൊള്ളണം എന്ന്. എന്നുവച്ചാല്‍, സ്വന്തം പീടിക പൂട്ടാതിരിക്കാന്‍ നാട്ടുകാര്‍ ഉപഭോക്താക്കളെ ഉദാരമായി സംഭാവന ചെയ്യണം, ടി സപ്ലൈ സുഗമമാക്കാന്‍ യോഗ്യതാമാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുതരണം. കേവലമായ കമ്പോളമര്യാദയ്ക്കുപോലും നിരക്കാത്ത ഈ ഡിമാന്‍ഡിന്‍മേലാണ് ഇപ്പോള്‍ ഒരു കരാറുണ്ടായിരിക്കുന്നത്.
പ്രത്യക്ഷത്തില്‍ തോന്നുക കരാര്‍, സര്‍ക്കാരിന്റെ വിജയമാണെന്നാണ്. എന്‍ട്രന്‍സ് പരീക്ഷയില്‍നിന്നേ ആളെയെടുക്കാവൂ എന്ന് സര്‍ക്കാര്‍ ആദ്യം തന്നെ ശഠിച്ചു. അതില്‍ത്തന്നെ ഓരോ വിഷയത്തിലും മിനിമം 10 മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമാണു യോഗ്യതയെന്നും. ടി ശാഠ്യം അംഗീകരിച്ച മാനേജ്‌മെന്റുകളെക്കൊണ്ട് പഠനഫീസ് കുറപ്പിക്കാനും സര്‍ക്കാരിനു സാധിച്ചു. ചുരുക്കത്തില്‍ രണ്ടു പോയിന്റിലാണു കരാര്‍. രണ്ടിലും മാനേജ്‌മെന്റുകള്‍ കീഴടങ്ങിക്കൊടുത്തു. ഇതില്‍ എവിടെയാണ് അവര്‍ക്കുള്ള ഗുണം? ഒന്നുംകിട്ടാതെ മണ്ടന്‍കളിക്കുന്നവരല്ല ഏതിനം കച്ചവടക്കാരും. സര്‍ക്കാര്‍ കല്‍പിക്കുന്നിടത്ത് ഒപ്പുവയ്ക്കാനായിരുന്നെങ്കില്‍ ഇങ്ങനെയൊരു തര്‍ക്കവും ചര്‍ച്ചയും തന്നെ വേണ്ടിയിരുന്നില്ലല്ലോ. അപ്പോള്‍, കരാര്‍ബാഹ്യമായ ധാരണയിലാണ് ഗുട്ടന്‍സ്. കരാര്‍പ്രകാരമുള്ള പ്രവേശനപ്രക്രിയക്കുശേഷവും സീറ്റ് ഒഴിവു വന്നാല്‍, ആയത് എന്‍ട്രന്‍സ് പരീക്ഷാഫലം നോക്കാതെ നികത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സമ്മതമൊത്തിട്ടുണ്ട്. ഇതുതന്നെയല്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ചെയ്തത്? ഏക വ്യത്യാസം, ഫീസ് കുറച്ചെടുക്കാന്‍ സാധിച്ചതാണ്. അതിപ്പോ, ഡിമാന്‍ഡില്ലാത്ത ചരക്കിന് ഡിസ്‌കൗണ്ട് നല്‍കാന്‍ ആരാണ് സമ്മതിക്കാത്തത്?
എന്‍ജിനീയറിങ് കോളജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനോ അനാവശ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനോ ഈ വിദ്യാഭ്യാസത്തിന് നിലവിലുള്ള ഗതികേട് തുടരാതിരിക്കാനോ വേണ്ട ഒരു നീക്കുപോക്കും ഇപ്പറയുന്ന കരാറിലില്ല. എന്നുവച്ചാല്‍, നാലണയുടെ ചെലവോ, കാലിഞ്ചിന്റെ സമീപനമാറ്റമോ കൂടാതെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വീണ്ടും വിജയിച്ചിരിക്കുന്നു. പ്രവേശനപ്പരീക്ഷ എന്ന ഏകമാത്ര അജണ്ടയ്ക്കുമേലായിരുന്നു ഈ പിടിവലിയത്രയും. അതിലേക്ക് സര്‍ക്കാരിനെ കൊണ്ട് കെട്ടി കാര്യം സാധിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കു കഴിഞ്ഞു. സര്‍ക്കാരാവട്ടെ പ്രവേശനപ്പരീക്ഷയ്ക്കു വേണ്ടി മസിലുപിടിച്ച് ആ കെണിയില്‍ വീഴുകയും ചെയ്തു. ഈ പരീക്ഷതന്നെയാണ് പ്രശ്‌നമര്‍മവും പരിഹാരക്രിയക്കുള്ള നാന്ദിയും എന്ന യാഥാര്‍ഥ്യം ഭംഗിയായി തമസ്‌കരിക്കപ്പെട്ടു.
സാധാരണ ഡിഗ്രി കോഴ്‌സുകളും പ്രഫഷനല്‍ കോഴ്‌സുകളും തമ്മില്‍ കാതലായ ഒരു വ്യത്യാസമുണ്ട്. അറിവ്, നൈപുണി, വ്യക്തിത്വവികാസം എന്നിവയാണ് ഏതു വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനമെങ്കിലും നൈപുണിക്ക് (സ്‌കില്‍) സവിശേഷ പ്രാധാന്യം വരുന്നത് പ്രഫഷനല്‍ കോഴ്‌സുകളിലാണ്. ഉദാഹരണമായി എന്‍ജിനീയറിങ്. അറിവുണ്ട്, ആള്‍ വിശ്വേശ്വരയ്യയാവുകയും ചെയ്തു, പക്ഷേ, നൈപുണിക്കുറവ് ടിയാനെ മോശം എന്‍ജിനീയറാക്കും. പ്രഫഷനല്‍ കോഴ്‌സിനെ ‘പ്രഫഷനല്‍’ കോഴ്‌സാക്കുന്ന ഈ നിര്‍ണായകഘടകം ആര്‍ജിക്കാന്‍ വേണ്ട അടിസ്ഥാന വസ്തുവിന്റെ പേരാണ് അഭിരുചി. അതാണ് ഏത് പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിലെയും നിര്‍ണായക മാനദണ്ഡം. എന്നിരിക്കെ, പ്ലസ്ടു പരീക്ഷയിലോ കൊട്ടിഘോഷിക്കുന്ന എന്‍ട്രന്‍സ് പരീക്ഷകളിലോ എവി ടെയാണ് അഭിരുചി അളക്കുന്ന ഏര്‍പ്പാടുള്ളത്?
ഡിഗ്രിക്ക് മുന്നോടിയായുള്ള സാമാന്യ ധാരണ മാത്രമാണ് ‘പ്രീഡിഗ്രി’ അഥവാ പ്ലസ്ടു പകരുന്നത്. അതിനെ മുന്‍നിര്‍ത്തി കടുത്ത മല്‍സരപ്പയറ്റിനുള്ള കറക്കിക്കുത്ത് അഭ്യാസമാണ് നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷ. 60 ശതമാനം ചോദ്യങ്ങള്‍ ഇപ്പറഞ്ഞ സാമാന്യ ധാരണയില്‍നിന്നു നേരിട്ടുള്ളവ, 20 ശതമാനം വിഷയധാരണയ്ക്കുമേലുള്ള പ്രയോഗശേഷി വേണ്ടുന്നവ, ബാക്കി ഒരല്‍പം ‘കടന്നകൈ’- ഇതാണ് ഏത് എന്‍ട്രന്‍സ് പരീക്ഷയുടെയും സ്ഥിരം ഫോര്‍മുല തന്നെ. ഇതില്‍ എവിടെയാണ് പ്രഫഷനല്‍ കോഴ്‌സ് മുന്‍നിര്‍ത്തിയുള്ള അഭിരുചി പരിശോധന? ചുരുക്കിയാല്‍, കുട്ടികളെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാക്കുകയും കോച്ചിങ് വാണിഭക്കാരുടെ കീശവീര്‍പ്പിക്കുകയും ചെയ്യുന്ന അസംബന്ധമാണ് എന്‍ട്രന്‍സ്. അതുകൊണ്ടുതന്നെ അത് വിദ്യാര്‍ഥിവിരുദ്ധവും വിദ്യാഭ്യാസത്തിന് പ്രതിലോമകരവുമാണ്. അങ്ങനെയുള്ള ഒരു പ്രവേശനരീതിയെ പിടിച്ചാണ് സര്‍ക്കാരും പൊതുമാധ്യമങ്ങളും ആണയിടുന്നത്!
ഈ എന്‍ട്രന്‍സ് ഏര്‍പ്പാട് റദ്ദാക്കണമെന്നു പറയുന്നവര്‍പോലും പ്ലസ്ടു പരീക്ഷ പ്രഫഷനല്‍ കോഴ്‌സിനുള്ള അഭിരുചി അളക്കാന്‍ പര്യാപ്തമേയല്ല എന്ന നേര് കാണുന്നില്ല. ഇനി, പ്ലസ്ടു പാഠ്യപദ്ധതി ആ വഴിക്ക് പരിഷ്‌കരിച്ചാല്‍ പോരേ എന്നു തോന്നാം. ഏതൊരു ഡിഗ്രി കോഴ്‌സിനുമുള്ള വിക്ഷേപണത്തറയായി വര്‍ത്തിക്കേണ്ട പ്ലസ്ടുവിനെ പ്രഫഷനല്‍ കോഴ്‌സുകള്‍ക്കുവേണ്ടി വക്രീകരിക്കുന്നത് മറ്റൊരു അവിവേകമാവും. ചെയ്യാവുന്നത്, പ്ലസ്ടുവിന്റെ തുടര്‍ച്ചയായി അതേ വിദ്യാലയത്തില്‍ ഒരുകൊല്ലത്തെ പ്രീ പ്രഫഷനല്‍ പഠനം നടപ്പാക്കുകയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഒരു പ്ലസ് ത്രീ സമ്പ്രദായം. അതിന്റെ ഒടുവിലായിവരുന്ന സ്വാഭാവിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനമാവാം. പ്രഫഷനല്‍ കോഴ്‌സ് തല്‍പരര്‍ ഒരധികവര്‍ഷം അഭിരുചിപരിശോധനയ്ക്ക് വിധേയരാവാനുള്ള പഠിപ്പിനു തുനിയട്ടെ. ഈ കോഴ്‌സുകളില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പ്ലസ്ടുവിനുശേഷം നേരേ മറ്റു ഡിഗ്രി കോഴ്‌സുകളിലേക്കു പോവാം. ഇപ്പോള്‍ത്തന്നെ എന്‍ട്രന്‍സില്‍ മുന്‍നിര റാങ്കുകള്‍ നേടുന്ന പലരും രണ്ടാംവട്ടവും മൂന്നാംവട്ടവുമൊക്കെ പരീക്ഷ എഴുതുന്നവരാണല്ലോ. അങ്ങനെയാവുമ്പോള്‍, അഭിരുചിയും ശേഷിയും നോക്കാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രക്ഷിതാക്കളുടെ സൂക്കേടിനും കുറവുണ്ടാവും.
അപ്പോഴും തീരുന്നതല്ല സ്വാശ്രയ കോളജുകളുടെ പ്രതിസന്ധി. 25,000 കോടിയുടെ മുതല്‍മുടക്കാണ് ഈ മേഖല നടത്തിയിരിക്കുന്നത്. അതിന് അവര്‍ക്കൊരു കമ്പോളവിഭാവനയുണ്ടായിരുന്നു. എന്‍ജിനീയറിങ് കോളജുകള്‍ മിനിമം 10 കൊല്ലത്തേക്കും മെഡിക്കല്‍ കോളജുകള്‍ 15 കൊല്ലത്തേക്കും ലാഭം പ്രതീക്ഷിക്കരുതെന്ന്. അത്തരമൊരു കമ്പോള ക്ഷമയ്ക്കുപോലും മനസ്സില്ലാത്തവരുടെ ആര്‍ത്തിയും തിടുക്കവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് മുഖ്യ കാരണം. തട്ടിക്കൂട്ടുസ്ഥാപനങ്ങള്‍, ആവശ്യത്തിലേറെ കോഴ്‌സുകള്‍, ചുളുവിലയ്ക്ക് നിലവാരമില്ലാത്ത മാഷന്മാര്‍, നാടിനെ പറ്റിക്കുന്ന കൃത്രിമ ഡിമാന്‍ഡ്, കൊള്ളയടിയുടെ നെഗളിപ്പ്, സര്‍വോപരി പ്രതിലോമകരമായ ഒരു വിദ്യാഭ്യാസസംസ്‌കാരം. ഈ രോഗാതുരതയ്ക്കുള്ള പരിഹാരമല്ല മറിച്ച്, വെറും പാച്ച് വര്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ കരാര്‍. തങ്ങള്‍ ഏതു യുക്തിയാലാണോ ഈ രംഗത്തു പ്രവേശിച്ചത്, അതേ യുക്തിക്ക് സ്വാശ്രയ വിരുതന്മാരും കീഴടങ്ങേണ്ടതുണ്ട്- കമ്പോളയുക്തി. അതില്‍നിന്ന് സര്‍ക്കാര്‍ എക്കാലവും സംരക്ഷണം തരണമെന്നാണ് അവരുടെ ഡിമാന്‍ഡ്. തങ്ങള്‍ മാറുന്ന പ്രശ്‌നമില്ല, തങ്ങള്‍ക്കുവേണ്ടി വ്യവസ്ഥകള്‍ മാറ്റിത്തരണമെന്ന്. അടിസ്ഥാനപരമായി ഈ കന്നന്തിരിവിന് ചൂട്ടുപിടിക്കുകയാണ് സര്‍ക്കാരും. ഇപ്പോള്‍ത്തന്നെ നാലുകാശിന് എട്ടായിരിക്കുന്ന നമ്മുടെ എന്‍ജിനീയറിങിനെ തറയില്‍നിന്ന് കുഴിയിലാക്കുന്ന തരവഴി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss