|    May 26 Sat, 2018 7:25 am

അഷ്ടമുടിയുടെ ഓളപ്പരപ്പില്‍ ആവേശം വിതറി ജലോല്‍സവം

Published : 11th November 2016 | Posted By: SMR

കൊല്ലം: അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം കൊല്ലത്തിന്റെ ആവേശമായി മാറി. 16 ചുണ്ടനുകള്‍ മാറ്റുരച്ച മല്‍സരങ്ങള്‍ക്ക് ഇന്നലെ സായംസന്ധ്യയോടെ ആവേശത്തിന്റെ കൊടുമുടി കയറി. അവസാനം ആലപ്പുഴ ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറിയപ്പോള്‍ കുറ്റിത്തുറ ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകനും കരുനാഗപ്പള്ളി എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍തും കുമരകം എന്‍സിടിസി ബോട്ട് ക്ലബ്ബിന്റെ പായിപ്പാടനും ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ ഫൈനലില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചു. ഇവയ്ക്ക് പുറമെ വെപ്പ് എ, ഇരുട്ടുകുത്തി ബി, തെക്കനോടി, വെപ്പ് ബി, ഇരുട്ടുകുത്തി എ എന്നീ വിഭാഗങ്ങളിലായി 32 വള്ളങ്ങള്‍ കൂടി ജലമേളയ്‌ക്കെത്തിയതോടെ ആവശം അല തല്ലി.വെപ്പ് ബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഹാഷിം അപ്‌സര ക്യാപ്റ്റനായിട്ടുള്ള ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ എബ്രഹാം മൂന്നു തെക്കന്‍ നേടി. വിനായക ബോട്ട് ക്ലബിന്റെ പുന്നത്ര പുരക്കല്‍ രണ്ടാം  സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി എ വിഭാഗത്തില്‍ ഫിനിക്‌സ് കലാ സാംസ്‌കാരിക സമിതിയുടെ മൂന്ന് തൈക്കന്‍ ഒന്നാം സ്ഥാനവും ചെന്നിത്തല ഫിനിക്‌സ് ബോട്ട് ക്ലബിന്റെ മാമൂടന്‍ രണ്ടാം സ്ഥാനവും നേടി, ജലോല്‍സവത്തില്‍ ചുണ്ടന്‍ വിഭാഗത്തില്‍ കിരീടം നേടിയ ടീമിന് പ്രസിഡന്റ്‌സ് ട്രോഫിയും ഒന്നര ലക്ഷം രൂപ സമ്മാന തുകയും ലഭിച്ചു. സിയാചിനില്‍ മരിച്ച ബി സുധീഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എവര്‍റോളിങ് ട്രോഫിയും വിജയികള്‍ക്ക്  ഈ വര്‍ഷം മുതല്‍ നല്‍കി. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍ക്ക് യഥാക്രമം 125000 രൂപ, 100000 രൂപ, 75000 രൂപ എന്ന ക്രമത്തില്‍ സമ്മാനതുക ലഭിച്ചു. ചുണ്ടന്‍ വിഭാഗത്തില്‍ ആദ്യ എട്ടു സ്ഥാനക്കാര്‍ക്ക് 175000 രൂപ വീതവും അടുത്ത എട്ട് സ്ഥാനക്കാര്‍ക്ക് 140000 രൂപ വീതം ബോണസും നല്‍കി. ഇന്ത്യയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന പ്രതിഭാ ദേവി സിങ് പാട്ടീല്‍ 2011ല്‍ കൊല്ലം പൗരാവലിക്ക് സമ്മാനിച്ചതാണ് പ്രസിഡന്റ്‌സ് ട്രോഫി. രാഷ്ട്രപതി ഭവന്റെ തന്നെ നാമോധയത്തിലുള്ള ഇന്ത്യയിലെ ഏക കായിക വിനോദം എന്ന പ്രത്യേകതയും ഇതിനുണ്ട്.ഉച്ചക്ക് രണ്ടിന് എം നൗഷാദ് എംഎല്‍എ പതാകയുയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 2.30ഓടെ എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങുകള്‍ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് എസി മൊയ്തീന്റെ അഭാവത്തില്‍ ജല മേള  ഉദ്ഘാടനം ചെയ്തത്.  ജലോല്‍സവ സുവനീര്‍ ‘പൊന്നോട’ത്തിന്റെ പ്രകാശനം എം മുകേഷ് എംഎല്‍എ നിര്‍വഹിച്ചു.  തുടര്‍ന്ന് നിര നിരയായി നിന്ന 16 ചുണ്ടന്‍ വള്ളങ്ങളുടെ ക്യാപ്ടന്‍മാരുടെ സല്ല്യൂട്ട് വി രാജേന്ദ്രബാബു സല്യൂട്ട് സ്വീകരിച്ചു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എംപി കെ സോമപ്രസാദ്, എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജലോല്‍സവ സൊസൈറ്റി സെക്രട്ടറി എന്‍ പീതാംബരക്കുറുപ്പ്, ജില്ലാ കലക്ടര്‍ മിത്ര സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss