|    Oct 19 Thu, 2017 5:40 am
FLASH NEWS

അശാസ്ത്രീയ റോഡ് നിര്‍മാണം; അപകടം തുടര്‍ക്കഥയാവുന്നു

Published : 12th October 2016 | Posted By: Abbasali tf

പാലാ: ചേര്‍പ്പുങ്കല്‍ ഹൈവേ ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അശാസ്ത്രീയമായ റോഡിന്റെ ഘടനയാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. പാലാ-ഏറ്റുമാനൂര്‍ ഹൈവേയും ചേര്‍പ്പുങ്കല്‍ പള്ളി, കൊഴുവനാല്‍ റോഡും ചേര്‍പ്പുങ്കല്‍ ടൗണിലേക്കുള്ള റോഡും സംഗമിക്കുന്ന ഇവിടെ മറ്റു ദിശകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.കൊഴുവനാല്‍-ചേര്‍പ്പുങ്കല്‍ പള്ളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു ഹൈവേയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. പളളി റോഡില്‍ നിന്നെത്തുന്ന വഹനങ്ങള്‍ ഹൈവേയില്‍ പ്രവേശിച്ച ശേഷമാണു പാലാ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ഇതു ഹൈവേയിലൂടെ പോവുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യമാണ്. രണ്ടു ഡസനിലേറെ അപകടങ്ങളാണു കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്. കഴിഞ്ഞ ദിവസം പാലായില്‍ നിന്നു കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ ചേര്‍പ്പുങ്കല്‍ റോഡില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ തിടനാട് വിജയഭവനില്‍ ആശിഷി (28)ന് സാരമായി പരിക്കേറ്റിരുന്നു. ആശിഷിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ ഹമ്പുകളോ ശ്രദ്ധയില്‍പെടുന്ന സൂചനാ ബോര്‍ഡുകളോ ഇല്ല. അപകടങ്ങള്‍ വര്‍ധിച്ചതോടെ ട്രാഫിക് വിഭാഗം ഹൈവേയുടെ വശത്തായി മിറര്‍ സ്ഥാപിച്ചെങ്കിലും വാഹന ഡ്രൈവര്‍മാരുടെ കണ്ണില്‍ പോലും പെടില്ലെന്ന് ആക്ഷേപമുണ്ട്. ചേര്‍പ്പുങ്കല്‍-കൊഴുവനാല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഹൈവേയ്‌ക്കൊപ്പം മണ്ണിട്ട് ഉയര്‍ത്തി രാജ്യാന്തര നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റോഡ് നന്നാക്കിയതോടെ ഹൈവേയും പോക്കറ്റ് റോഡും മനസ്സിലാക്കാതെ വാഹനങ്ങള്‍ പരസ്പരം കടന്നുപോവുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇതിനു പരിഹാരമായി റോഡില്‍ നിന്ന് ഹൈവേയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഹമ്പുകള്‍ സ്ഥാപിക്കുകയോ വലിയ റോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക