|    Jun 20 Wed, 2018 11:28 am
Home   >  Todays Paper  >  page 12  >  

അശാസ്ത്രീയ മല്‍സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും; സംസ്ഥാനത്തെ കടല്‍മല്‍സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു

Published : 14th October 2016 | Posted By: SMR

എച്ച്  സുധീര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടല്‍മല്‍സ്യസമ്പത്തിന് വന്‍ ഭീഷണി. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് മല്‍സ്യസമ്പത്ത് കുറഞ്ഞിരിക്കുന്നു. കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണകേന്ദ്രത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഎംഎഫ്ആര്‍ഐയുടെ കണക്കനുസരിച്ച് 2012നു ശേഷം കേരളതീരത്ത് മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. 2014 നെ അപേക്ഷിച്ച് 2015ല്‍ മല്‍സ്യലഭ്യതയില്‍ 0.94 ലക്ഷം ടണ്ണിന്റെ കുറവാണ് നേരിട്ടത്.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതാണ് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായതെന്നാണു വിമര്‍ശനം. ചെറുമല്‍സ്യങ്ങളുടെ അമിതചൂഷണം, അശാസ്ത്രീയമായ മല്‍സ്യബന്ധനരീതികള്‍ എന്നിവയാണ് മല്‍സ്യലഭ്യത കുറയാനുള്ള പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, പ്രതിസന്ധി ഇത്രയേറെ രൂക്ഷമായിട്ടും ഫിഷറീസ് വകുപ്പ് ഇക്കാര്യത്തില്‍ കാര്യമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നത് വന്‍ വീഴ്ചയാണ്. പെലാജിക് ട്രോള്‍ നെറ്റുകള്‍ ഉപയോഗിച്ചുള്ള പെലാജിക് ട്രോളിങും പഴ്‌സീന്‍, പെലാജിക് ആന്റ് മിഡ്‌വാട്ടര്‍ ട്രോള്‍ നെറ്റുകള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനവും കടലില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തു മാത്രം മൂവായിരത്തിലേറെ ബോട്ടുകള്‍ പെലാജിക് നെറ്റുകള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതായി ആരോപണമുണ്ട്. വ്യാപക പരാതിയെ തുടര്‍ന്ന് 14 ഇനം ചെറുമല്‍സ്യങ്ങളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും നിയമലംഘനം ഇപ്പോഴും തുടരുന്നു. സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനവും മല്‍സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിനുപുറമേ, തീരങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നതും മലിനജലം ഒഴുക്കുന്നതും മല്‍സ്യസമ്പത്തിന് ഭീഷണിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരദേശമേഖലയെ മാലിന്യമുക്തമാക്കാനായി ആരംഭിച്ച ശുചിത്വതീരം പദ്ധതി വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് ഫീഷറീസ് വകുപ്പ്. മുഴുവന്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളവും ശുചിമുറികളും മാലിന്യസംസ്‌കരണസംവിധാനങ്ങളും പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി തീരദേശത്തും കായലോരത്തും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ സ്വയംസഹായ സംഘങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ തീരപ്രദേശത്ത് സര്‍വേനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മല്‍സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. ഇതിനായി എല്ലാ വര്‍ഷവും 47 ദിവസം മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നടപ്പാക്കുന്നുണ്ട്. അനധികൃത മല്‍സ്യബന്ധനം തടയുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കടലില്‍ പട്രോളിങും നടത്തുന്നുണ്ട്. ഇതിനുപുറമേ, കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അനധികൃത മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാറുണ്ട്. മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാനായി പൊതുജലാശയങ്ങളില്‍ മല്‍സ്യ/കൊഞ്ച് വിത്തുകളും നിക്ഷേപിക്കുന്നുണ്ട്.
മല്‍സ്യങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കാനായി മല്‍സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുക, കൃത്രിമ പാരുകള്‍ നിക്ഷേപിക്കുക എന്നീ പദ്ധതികളും നടപ്പാക്കുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി മല്‍സ്യത്തൊഴിലാളികളുടെയും മല്‍സ്യസമ്പത്തിന്റെയും സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss