|    Sep 20 Thu, 2018 8:55 am
FLASH NEWS

അശാസ്ത്രീയ നിര്‍മാണം : കുന്നംകുളം -കോഴിക്കോട് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു

Published : 28th May 2017 | Posted By: fsq

 

കുന്നംകുളം: കുന്നംകുളം -കോഴിക്കോട് റോഡ് മരണ റോഡായി മാറുന്നു. പാറേമ്പാടം മുതല്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിനുള്ളിലാണ് അപകടങ്ങള്‍ ഏറെയുമുണ്ടാകുന്നത്. വീതികൂട്ടി ടാര്‍വിരിച്ച് നിലവാരമുള്ള റോഡുണ്ടാക്കിയിട്ടും അപകടങ്ങള്‍ക്ക് ശമനമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. എന്നാല്‍ പെരുമ്പിലാവ് മുതല്‍ കടവല്ലൂര്‍ വരേയുള്ള റോഡിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് അപകടങ്ങളേ കുറിച്ച് പഠിക്കാനെത്തിയ വിദഗ്ധ സംഘം വിലയിരുത്തിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. പോലിസ് മേധാവികളും, മോട്ടോര്‍ വാഹന വകുപ്പും ഇത് ശരിവെക്കുകയും ചെയ്തിരുന്നതാണ്. ഒരുവര്‍ഷം മുമ്പ് ചോയി കെട്ടിയവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേര്‍ മരിക്കുകുയം, ഇതിനടുത്ത് തന്നെ സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് നാലു മരണവും നടന്നിരുന്നു. ഇതോടെയാണ് റോഡിനെകുറിച്ച് പഠിക്കാന്‍ വിദഗ്ധരെത്തിയത്. എന്നാല്‍ പഠനകുറിപ്പ് ബാഗിലിട്ട് അവര്‍ അന്ന് തിരിച്ചുപോയി.റോഡിനപ്പുറം വാഹനങ്ങളുടെ അതിപ്രസരവും വേഗതയുമാണ് ഇവിടെ വില്ലനാകുന്നത്. അക്കിക്കാവ്, പെരുമ്പിലാവ് ജംഗ്ഷനുകളിലുള്ള സിഗ്നലുകളില്‍ ഒരു മണിക്കൂര്‍ നേരം നിന്നാല്‍ കാണാം മലയാളിയുടെ ഡ്രൈവിംഗ് സംസ്‌കാരം.സ്വകാര്യ ബസ്സുകളാണ് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ വകവെക്കാതെയുള്ള ഇവരുടെ വേഗത ട്രാഫിക്ക് നിയമം പാലിക്കുന്നവര്‍ക്ക് പോലും കനത്ത അപകടമാണ് വരുത്തിവെക്കുന്നത്. അക്കിക്കാവ് സിഗ്നലില്‍ നിര്‍ത്തിയിട്ട ബൈക്കിന് പുറകില്‍ ബസ്സിടിച്ച് ചാലിശ്ശേരി ശിവന് പരിക്കേറ്റത് ഒരു വര്‍ഷം മുമ്പാണ്. ഇതിന് ശേഷം നാലു ദിവസം പോലിസ് ഇവിടെ നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു. പിന്നീട് അതും നിന്നു.കാനകളോ, ട്രാഫിക്ക് ലൈറ്റോ, കൃത്യമായ നടപാതയോ ഇല്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വേണ്ടി വേഗത കുറക്കാന്‍ ആരും തയ്യാറാകുന്നില്ല. എല്ലാവര്‍ക്കും ആദ്യം എത്തണം എന്നവാശി. കൂടുതല്‍ ദുരന്തമുണ്ടാക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്. കൃത്യമായി സീബ്രാ ലൈനുകളില്ലെന്നതിനാല്‍ റോഡ് മുറിച്ചു കടക്കുന്നത് പലവട്ടം തിരിഞ്ഞും മറിഞ്ഞും നോക്കി വേണം. ഈ മാസം ഇവിടെ കൊല്ലപെട്ട കാല്‍നടയാത്രക്കാര്‍ രണ്ടു പേരാണ്. ഇന്നലെ ഉണ്ടായ ദുരന്തം ഒരു പക്ഷെ എതിരെ വന്ന ടോറസ്് ലോറി ഡ്രൈവര്‍ മനസ്സുവെച്ചാല്‍ ഒഴിവാക്കാമായിരുന്നതാണ്. ഏതാണ്ട് 10 മീറ്ററിലേറെ ദൂരം ഇയാള്‍ ശക്തമായി ബ്രേക്ക് ചെയ്തിട്ടാണ് ലോറിയില്‍ ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് എതിരെ ലോറി വരുന്നത് കണ്ടത്. പരമാവതി ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചു.  അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണ്ടാകുന്ന ജാഗ്രതയാണ് ഇപ്പോള്‍. ഓരോ അപകടത്തിന് ശോഷവും വലിയ തോതിലുള്ള പരിശോധനയും, നിരീക്ഷണവും ഏര്‍പെടുത്തുന്ന പതിവ് ഇപ്പോഴും തെറ്റിച്ചിട്ടില്ല. പക്ഷെ ക്രിയാത്മകമായ ഇടപെടല്‍ ഇണ്ടാകുന്നില്ലെങ്കില്‍ അപകട പരമ്പരകള്‍ ഇനിയും തുടര്‍ന്നു കൊണ്ടെയിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss