|    Oct 20 Fri, 2017 3:23 am

അശാസ്ത്രീയ നഗര വികസനം: മാലിന്യങ്ങള്‍ കുന്നുകൂടുന്നു; ചെര്‍ക്കള ടൗണ്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

Published : 4th July 2016 | Posted By: SMR

ചെര്‍ക്കള: ലക്ഷങ്ങള്‍ മുടക്കി അശാസ്ത്രീയമായി ചെര്‍ക്കള നഗരത്തിന്റെ മുഖം മിനുക്കിയെങ്കിലും നഗരത്തിലൂടെ ദുര്‍ഗന്ധം മൂലം യാത്ര ചെയ്യാന്‍ സാധിക്കില്ല. ജില്ല മുഴുവന്‍ മഴക്കാലപൂര്‍വ ശുചീകരണം നടക്കുമ്പോഴും ലീഗ് ഭരിക്കുന്ന ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍ മാലിന്യകൂമ്പാരമായി മാറി. പുതിയ ബസ്സ്റ്റാന്റ് പരിസരവും ദേശീയ പാതയോരവും മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്.
പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഹൈവെ സൈഡില്‍ എല്ലാ മാലിന്യങ്ങളും കൂട്ടിയിടുകയും അവിടുങ്ങളിലെ അഴുക്കു വെള്ളം താഴെയുള്ള വീടുകളിലെ കുടിവെള്ളം പോലും മലിനമാക്കപ്പെടുകയാണ്. ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വാഹനയാത്രികര്‍ക്ക് മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവില്ല. മഴക്കാലം എത്തിയതോടെ പരിസരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ പകര്‍ച്ച വ്യാധിയുടെ ഭീഷണിയിലാണ്.
മാലിന്യ സംസ്‌ക്കരണത്തിന് പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി നഗരത്തിന്റെ മുഖം വാഹന ഡ്രൈവര്‍മാരുടെ ഗതി മാറ്റുന്ന രീതിയില്‍ മിനുക്കിയിട്ടുണ്ട്. നഗരത്തിലെത്തുന്ന ഡ്രൈവര്‍മാരെ വട്ടംകറക്കുകയാണ് ഇവിടുത്തെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം. ടൗണ്‍ വികസനത്തിന്റെ ഭാഗമായി നഗരത്തിലെ വിശാലമായ സ്ഥലം ഒരു പ്ലാനിങുമില്ലാതെ നടുവില്‍ തന്നെ പാര്‍ക്കിങ് സര്‍ക്കിളും, ട്രാഫിക് സര്‍ക്കിളും നിര്‍മിച്ചിരിക്കുകയാണ്. ഈ സര്‍ക്കിളുകളില്‍ മഴവെള്ളം കെട്ടി നിന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യസംസ്‌കരണത്തിനായി ചെങ്കള പഞ്ചായത്തില്‍ തുടങ്ങി വച്ച രണ്ടുപദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയാണ് പ്ലാന്റിനായ് ചെലവഴിച്ചത്. മാലിന്യസംസ്‌കരണത്തിനായി പൈക്കയില്‍ തുടങ്ങാനിരുന്ന പദ്ധതികളും ചെര്‍ക്കള ടൗണിലെ മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണവുമാണ് തുടങ്ങാന്‍ ഒരുങ്ങിയത്. ഇതിനായ് ആറുവര്‍ഷംമുമ്പ് പൈക്കയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിരുന്നു.
മാലിന്യനീക്കത്തിന് ലോറിയും വാങ്ങിയതിനുശേഷമാണ് പദ്ധതി ഉപേക്ഷിച്ചത്. ലോറി തുരുമ്പെടുത്ത് നശിച്ചിച്ചിട്ട് വര്‍ഷങ്ങാളായി. മൂന്ന് വര്‍ഷം മുമ്പ് തറക്കല്ലിട്ട ആധുനിക മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണവും നിലച്ചിരിക്കുകയാണ്. പ്ലാന്റിനായി ചുറ്റുമതിലും കുഴിയുമെടുത്തതിനുശേഷമാണ് പദ്ധതി വേണ്ടെന്നുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക