|    Oct 15 Mon, 2018 9:31 pm
FLASH NEWS

അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം വിനയാവുന്നു

Published : 15th September 2017 | Posted By: fsq

 

വടകര: അനുദിനം വികസിക്കുന്ന വടകര ടൗണില്‍ ഗതാഗത തടസ്സം നിത്യ സംഭവമാകുന്നു. ഓണത്തിന് മുമ്പ് ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരമാണ് വാഹനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും വിനയാകുന്നത്. പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ചെറു വാഹനങ്ങള്‍ക്ക് പോക്കറ്റ് റോഡുകളിലേക്ക് പോകാനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. പഴയ സ്റ്റാന്‍ഡില്‍ നിന്നും ന്യൂ ഇന്ത്യാ റോഡിലേക്ക് പോകേണ്ട ഓട്ടോ റിക്ഷയടക്കമുള്ള വാഹനങ്ങള്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ ചുറ്റി തിരികെ വന്നാല്‍ മാത്രമേ ഇതു വഴി പോകാന്‍ കഴിയുകയുള്ളൂ. ഇതേ സമയം നാദാപുരം, തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങളും, മാര്‍ക്കറ്റ് റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളും പഴയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് കടക്കുമ്പോള്‍ ഏറെ സമയം ഗതാഗത കുരുക്കില്‍ പെടുകയാണ്. ഇതിനിടയില്‍ മെയിന്‍ റോഡില്‍ തന്നെ നിര്‍ത്തി ഓട്ടോകള്‍ ആളെ കയറ്റുന്നതും തടയാന്‍ കഴിയാത്ത ട്രാഫിക് സംവിധാനം ഹെല്‍മറ്റ് വേട്ടയില്‍ ഒതുങ്ങുകയാണ്.എടോടി-കേളുവേട്ടന്‍ റോഡ്, നാരായണനഗരം ശ്രീനാരായണ സ്‌കൂള്‍ റോഡ്, ലിങ്ക് റോഡ് ജില്ലാ ആശുപത്രി റോഡ് എന്നീ റോഡുകളിലെല്ലാം വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദേശീയപാതയിലും മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുന്നതാണ് പുതിയ ട്രാഫിക് പരിഷ്‌കാരം. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ എത്തിചേരണമെങ്കില്‍ ഏറെ ചുറ്റി കറങ്ങേണ്ട അവസ്ഥയാണുള്ളത്. അടക്കാത്തെരു സിഗ്‌നല്‍ പോസ്റ്റില്‍ നിന്നും വില്യാപ്പള്ളി ഭാഗത്തേക്ക് കടക്കണമെങ്കില്‍ വലിയ കടമ്പ കടക്കണം. ജംഗ്ഷനില്‍ തന്നെ ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ ചരക്ക് കയറ്റുന്നതും, ഇറക്കുന്നതും തടയാന്‍ പോലീസിന് കഴിയാത്തത് ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുകയാണ്. ഇതേ അവസ്ഥയാണ് മാര്‍ക്കറ്റ് റോഡിലുമുള്ളത്. വലിയ ലോറികള്‍ തലങ്ങും, വിലങ്ങും വെച്ച് ചരക്കിറക്കുന്നത് ഏറെ പ്രയാസമുണ്ടാക്കുകയാണ്. ചരക്കിറക്കലിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് വ്യാപാരികളുടെയും, ചരക്കിറക്ക് തൊഴിലാളികളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മാര്‍ക്കറ്റ് റോഡില്‍ നിന്നും കേരളാ കൊയര്‍ പോക്കറ്റ് റോഡില്‍ വലിയ ലോറികള്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട് ചരക്കിറക്കുന്നത് കാരണം ഈ പ്രദേശത്തെ വീട്ടുകാര്‍ക്കും ദുരിത മാകുകയാണ്. ചെറു വാഹനങ്ങള്‍ക്കും, കാല്‍നടയാത്രയ്ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വഴി തടസ്സപ്പെടുന്നതോടെ സമീപത്തെ വീട്ടുകാരും, ഇതര സംസ്ഥാന വാഹന െ്രെഡവര്‍മാരും തമ്മില്‍ വാക്ക് തര്‍ക്കങ്ങളുണ്ടാകുന്നത് നിത്യ സംഭവമായി മാറിയിരിക്കയാണ്. ഈ വിവരം പല തവണ പോലീസ് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണെന്നാണ് പൊതുജനാഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss