|    Nov 15 Thu, 2018 10:26 am
FLASH NEWS

അശാസ്ത്രീയ ടാറിങ്‌ : ചേറ്റുവ പാലത്തില്‍ അപകട ഭീഷണി

Published : 16th June 2017 | Posted By: fsq

 

ചാവക്കാട്: മഴ കനത്തതോടെ ചേറ്റുവ പാലത്തില്‍ അപകട ഭീഷണി. കഴിഞ്ഞ വര്‍ഷം പാലത്തില്‍ ടാറിങ് നടത്തിയ ശേഷം പാലത്തിനു മുകളില്‍ വെച്ച് നിരവധി അപകടങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. പാലത്തില്‍ ടാറിങ് നടത്തിയിട്ടുള്ളത് അശാസ്ത്രീയമായാണെന്നും ഇത് അപകടങ്ങള്‍ കാരണമാകുന്നതായുമുള്ള വാര്‍ത്തകള്‍ അവഗണിച്ചതാണ് അപകടങ്ങള്‍ പതിവാകാന്‍ കാരണം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കനത്തില്‍ ടാര്‍ ഒഴിച്ച് മെറ്റല്‍ പാകിയാണ് പാലത്തിനു മുകളിലെ റോഡിനു ഗ്രിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അപരിചിതമായ ഈ പുതിയ വിദ്യയാണ് ചേറ്റുവ പാലത്തിലെ അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ മാസങ്ങളിലും പാലത്തില്‍ അപകടങ്ങളും വാഹനങ്ങളുടെ കൂട്ടിയിടികളും ഉണ്ടായിട്ടുണ്ട്. ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണ് അപകടത്തില്‍പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. റോഡിലെ ഗ്രിപ്പ് കുറവ് എന്നതിനേക്കാള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മിനുസമാണ് വില്ലനാവുന്നത്. ഗ്രിപ്പിനു വേണ്ടി വിരിച്ച മെറ്റലുകള്‍ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ടാറില്‍ അമര്‍ന്നു പോയ നിലയിലാണ്. മുമ്പ് ചാറ്റല്‍ മഴയുള്ള സമയത്ത് ചേറ്റുവ പാലത്തില്‍ അഞ്ചു വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. അന്ന് ടാറിങിലെ അപാകതക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ചാറ്റല്‍ മഴ സമയത്തു പോലും ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. ശക്തമായ മഴ വരാനിരിക്കെ ചേറ്റുവ പാലത്തിലെ ടാറിങിലെ അപാകതക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളായിരിക്കും അരങ്ങേറുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss