|    Jan 22 Sun, 2017 1:10 am
FLASH NEWS

അശാസ്ത്രീയമായ നിര്‍മാണം; കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം നിലംപൊത്തി

Published : 13th July 2016 | Posted By: SMR

കല്‍പ്പറ്റ: അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ ദേശീയപാതയില്‍ കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഗാരേജിന് സമീപമാണ് സംഭവം. പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് കടപുഴകിയ മരം വീണ് ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തകര്‍ന്നു. കെട്ടിടം ഇടിഞ്ഞതോടെ ദേശീയപാതയും തകര്‍ച്ചാഭീഷണിയിലായി. ഗാരേജിനു മുന്‍വശത്തായി കുത്തനെയുള്ള ചരിവിലാണ് കെട്ടിടം നിര്‍മിച്ചു കൊണ്ടിരുന്നത്. പുലര്‍ച്ചെ ആദ്യം മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുന്നത് കണ്ട് ഗാരേജിലെ മെക്കാനിക് നോക്കിയപ്പോഴാണ് മണ്ണിടിഞ്ഞ് കെട്ടിടം ചെരിയുന്നത് കണ്ടത്. ഈ ഭാഗത്ത് ഏഴ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടായിരുന്നു. അപകടം മുന്നില്‍ക്കണ്ട് ജീവനക്കാര്‍ ആറു ബസ്സുകള്‍ ഇവിടെ നിന്നും മാറ്റുകയായിരുന്നു. അപകടകരമായ ചരിവില്‍ അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും മതിയായ അടിത്തറ ഒരുക്കിയില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
ചരിവില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണെടുത്തത് മഴക്കാലമാരംഭിച്ചതോടെ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് കാരണമാവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിനു മുകളില്‍ മരം വീണതിനാല്‍ പ്രാഥമിക കണക്കില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് അധികൃതര്‍ കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കി. നഷ്ടപരിഹാരം അനുവദിക്കാന്‍ കലക്ടര്‍ക്ക് നിവേദനവും നല്‍കി. കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ ഹരിദാസ് എന്നയാളുടേതാണ് കെട്ടിടം. സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലയിലെ വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും നിയമം ലംഘിച്ചും അശാസ്ത്രീയമായ രീതിയിലും നടക്കുന്ന നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ, ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവിലൂടെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മന്ത്രിതലത്തിലുള്‍പ്പെടെ സ്വാധീനം ചെലുത്തിയാണ് കലക്ടറുടെ ഈ ഉത്തരവിനെ കെട്ടിട ഉടമകള്‍ മറികടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക