|    Sep 21 Fri, 2018 7:16 pm
Home   >  Todays Paper  >  page 12  >  

അശാന്തനോടുള്ള അനാദരവില്‍വ്യാപക പ്രതിഷേധം

Published : 2nd February 2018 | Posted By: kasim kzm

കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ ചിത്രകാരനും ശില്‍പിയുമായ അശാന്ത(മഹേഷ്)ന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ മുറ്റത്ത് പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കാതെ തടഞ്ഞ എറണാകുളം ശിവക്ഷേത്രം ഭാരവാഹികളുടെ നിലപാടിനെതിരേ സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വ്യാപക പ്രതിഷേധം. അശാന്തനെ അപമാനിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് മന്ത്രി എ കെ ബാലന്‍ ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കി.ദര്‍ബാര്‍ ഹാളിള്‍ ആര്‍ട്ട് ഗാലറിയിലെ ലളിതകലാ അക്കാദമിയുടെ മുന്‍വശത്ത് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചാല്‍ പടിഞ്ഞാറുവശത്തുള്ള ശിവക്ഷേത്രം അശുദ്ധമാവുമെന്നാണ് അന്ധവിശ്വാസത്തിന്റെ വക്താക്കളായ ചില സവര്‍ണ വര്‍ഗീയവാദികള്‍ പറഞ്ഞത്. മരണത്തിനു മുമ്പില്‍ നാം എല്ലാവരും തുല്യരാണെന്നിരിക്കെ ഒരു മൃതദേഹം ക്ഷേത്രത്തിന്റെ അടുത്തുകൂടെ പോയാല്‍ അശുദ്ധമാവുമെന്നു പ്രചരിപ്പിച്ചത് സമൂഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമമായേ കാണാനാവുകയുള്ളൂവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.അശാന്തന്‍ എന്ന കലാകാരന്റെ മൃതദേഹത്തോട് സംഘപരിവാരം കാണിച്ച അനാദരവും വെല്ലുവിളിയും പ്രതിഷേധാര്‍ഹമാണെന്ന് ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ സത്യപാലും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.സ്വയംഭരണാവകാശമുള്ള ലളിതകലാ അക്കാദമി തങ്ങളുടെ അധികാരങ്ങള്‍ സംഘപരിവാരത്തിന് അടിയറവച്ചു. സമൂഹത്തില്‍ പ്രതിരോധത്തിന്റെ ഇടങ്ങളിലെല്ലാം ഭയം വിതറുക എന്നുള്ള ഫാഷിസ്റ്റ് അജണ്ടതന്നെയാണ് അശാന്തന്റെ ജഡത്തിലൂടെ സംഘപരിവാരം നടപ്പാക്കിയതെന്നും അദ്ദേഹം ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. അശാന്തന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ മുറ്റത്ത് പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കാതിരുന്ന നടപടി അപഹാസ്യമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. വേദവും ഉപനിഷത്തും പഠിക്കാന്‍ തുനിഞ്ഞ ദലിതനായ അശാന്തന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തോട് വേദാധികാരമുള്ള ബ്രാഹ്മണ്യം പകവീട്ടുകയായിരുന്നോയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്‍ എം സിദ്ദീഖ് തന്റെ ഫേസ് ബുക്ക് പേജില്‍ ചോദിച്ചു. അശാന്തന്റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്റെ മൃതദേഹവും ആയിരുന്നു അതെന്ന് ചരിത്രകാരിയും ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് മെംബറുമായ ഡോ. കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് മെംബര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണെന്നും കവിതാ ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.അശാന്തനോട് അനാദരവ് കാട്ടിയതിനെതിരേ കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധവും നടന്നു. രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയുടെ മുമ്പില്‍ നിന്ന് മൃതദേഹത്തിന്റെ കോലവുമായി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലേക്കായിരുന്നു പ്രതിഷേധം. അശാന്തന്റെ ചിത്രംവരച്ചാണ് സമരപരിപാടി ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss