|    Sep 21 Fri, 2018 12:10 pm
FLASH NEWS

അവിഹിത ബന്ധം: മക്കളടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ പെരുകുന്നു

Published : 27th April 2018 | Posted By: kasim kzm

ചാവക്കാട്: അവിഹിത ബന്ധത്തിനായി മക്കളെയും ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ പെരുകുന്നു. കണ്ണൂര്‍ പിണറായിയില്‍ സൗമ്യ എന്ന യുവതി മാതാപിതാക്കളേയും മക്കളേയും വിഷം കൊടുത്തു കൊന്ന കേസാണ് ഇവയില്‍ ഏറ്റവും ഒടുവിലത്തേത്.
ഇത്തരത്തില്‍ സ്ത്രീകള്‍ പ്രതികളായ നിരവധി കൊലപാതക കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ പോലിസ് സ്‌റ്റേഷനുകളിലുള്ളത്.  കണ്ണൂര്‍ സ്വദേശി ഡോ. ഓമന കാമുകനെ ഊട്ടിയില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കി പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചത് ആരുടേയും സഹായമില്ലാതേയായിരുന്നു. 1996 ജൂലായ് 11 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. കാമുകന്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ ഡോ. ഓമനയെ പ്രേരിപ്പിച്ചത്. പിന്നീട് ഓമന പോലിസ് പിടിയിലാവുകയും 1998ല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷത്തിനു ശേഷം 2001ല്‍ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇതോടെ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെയോ മക്കളെയോ മാതാപിതാക്കളേയോ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളത്.
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍തൃ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെങ്ങന്നൂര്‍ സ്വദേശിനി ഷെറിന്‍, അമ്മായിമ്മയേയും സ്വന്തം മകളേയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആറ്റിങ്ങല്‍ സ്വദേശിനി അനുശാന്തി, ഭര്‍ത്താവിന്റെ മാതാവിനേയും പിതാവിനേയും കൊലപ്പെടുത്താന്‍ കൂട്ടു നിന്ന കേസില്‍ പിടിയിലായ തോലന്നൂര്‍ സ്വദേശിനി ഷീജ, നാലു വയസ്സുള്ള മകളെ കൊല്ലാന്‍ കാമുകനെ സഹായിച്ച തിരുവാണിയൂര്‍ സ്വദേശിനി റാണി, പത്രജീവനക്കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ സഹായിച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്ത ആലുവ മുപ്പത്തടം സ്വദേശിനി സീമ, കാമുകനൊപ്പം ജീവിക്കാന്‍ രണ്ടര വയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞു കൊന്ന കുറുവിലങ്ങാട് സ്വദേശിനി ടിന്റു, കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പയ്യാവൂര്‍ സ്വദേശിനി ആനി, കാമുകനൊപ്പം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുരുവായൂര്‍ സ്വദേശിനി ശാശ്വതി, ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പുനലൂര്‍ സ്വദേശിനി സോഫിയ തുടങ്ങിയവരെല്ലാം കാമുകന്‍മാരുമായി ചേര്‍ന്നുള്ള കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ചിലരാണ്.
കണ്ണൂര്‍ ഇരിട്ടിയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം തെളിഞ്ഞത്. കര്‍ണാടക സാത്തനഹള്ളി സ്വദേശി രാജുവിന്റെ ഭാര്യ ശോഭയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞ പോലിസ് തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ശോഭയുടെ ബന്ധുവായ കാമുകന്‍ മഞ്ജുനാഥനാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ആഡംബരഭ്രമവും ലൈംഗികാസക്തിയും   ചേര്‍ന്ന ജീവിതമാണ് ഇത്തരത്തിലുള്ള ഒട്ടുമിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രേരണയാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss