|    Dec 19 Wed, 2018 5:26 pm
FLASH NEWS
Home   >  National   >  

അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Published : 20th July 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഭരണത്തിന്റെ അവസാനവര്‍ഷം കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 126നെതിരേ 325 വോട്ടിന് തള്ളി.അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനായി. റഫേല്‍ അഴിമതിയും സാധാരണക്കാരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതങ്ങളും വിവരിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷത്തെ ഉത്തരംമുട്ടിക്കുന്നതായിരുന്നു.

അതിനിടെ, പധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും ആരോപിച്ച രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് സഭയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കി. അപ്രതീക്ഷിതമായ ആലിംഗനത്തില്‍ ആദ്യം അമ്പരന്ന മോദി പിന്നീട് ചിരിയോടെ രാഹുലിനെ ഹസ്തദാനം ചെയ്തു.
റാഫേല്‍ വിമാനഇടപാടില്‍  രഹസ്യ ഉടമ്പടിയുണ്ടെന്ന നിലപാട് കള്ളമാണെന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രി രാജ്യത്തോട് ഇക്കാര്യം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇടപാടില്‍ രഹസ്യ ഉടമ്പടിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് നേരിട്ടുപറഞ്ഞതായി രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. മോദിക്കും അമിത് ഷായ്ക്കും അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. അധികാരം പോയാല്‍ പല നടപടികളും നേരിടേണ്ടിവരും. ഇതുഭയന്നാണ് അടിച്ചമര്‍ത്താന്‍ ഇരുവരും ശ്രമിക്കുന്നത്. സ്ത്രീകളും ദലിതരും ആക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുന്നു രാഹുല്‍ ആരോപിച്ചു
മോദിക്ക് തന്റെ കണ്ണില്‍ നോക്കാന്‍ പോലും ഭയമാണ്്.  നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്‌നമില്ല. കോണ്‍ഗ്രസുകാര്‍ എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണ്, അതിന് എന്നും കടപ്പാടുണ്ട്്. സഭയില്‍ ഉയര്‍ന്ന കൈയടികള്‍ക്കിടെ രാഹുല്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍, എന്‍സിപി നേതാവ് താരീഖ് അന്‍വര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയ്, എഐഎഡിഎംകെ എംപി വേണുഗോപാല്‍, ബിജെപി എംപി രാകേഷ് സിങ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss