|    Jun 27 Tue, 2017 5:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവിശ്വാസ പ്രമേയം; കുറ്റിക്കോല്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണനഷ്ടം

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്: സിപിഎം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടമായി. യുഡിഎഫ് വിമതര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബിജെപി അനുകൂലമായി വോട്ട് ചെയ്തതോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി പുറത്തായത്. ഇന്നലെ രാവിലെ 11ഓടെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്തത്. 16 അംഗ ഭരണസമിതിയില്‍ സിപിഎം ഏഴ്, കോണ്‍ഗ്രസ് വിമതര്‍ അഞ്ച്, ആര്‍എസ്പി ഒന്ന്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചായിരുന്നു യുഡിഎഫ് വിമതര്‍ അവിശ്വാസം കൊണ്ടുവന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിജെപിയിലെ ദാമോദരന്‍  നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്, ആര്‍എസ്പി അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതോടെയാണ്് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. ഇതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, ഇവരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നില്ല. ഇതോടെയാണ് ഇവര്‍ കോണ്‍ഗ്രസ് അംഗങ്ങളായിത്തന്നെ തുടരുന്നത്. രൂപീകരണ കാലംമുതല്‍ സിപിഎം മാത്രം ഭരിക്കുന്ന കുറ്റിക്കോലില്‍ ഭരണം നഷ്ടപ്പെട്ടതോടെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് സംരക്ഷണത്തിലായിരുന്നു പ്രമേയാവതരണം. പ്രസിഡന്റ് പുറത്തായതോടെ സിപിഎം പ്രവര്‍ത്തകര്‍ കുറ്റിക്കോല്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക