|    Jan 24 Tue, 2017 4:52 pm
FLASH NEWS

അവാര്‍ഡ് വേണോ… അവാര്‍ഡ്…!

Published : 15th September 2015 | Posted By: admin

വെട്ടും തിരുത്തും’
ഈയാഴ്ച പുരസ്‌കാരവിശേഷങ്ങളാണ്. മഹാനായ എം പി വീരേന്ദ്രകുമാര്‍ രണ്ടു വമ്പന്‍ സമ്മാനങ്ങള്‍ തന്റെ മാത്രം മേല്‍വിലാസത്തില്‍ എഴുത്തുകാരായ മിത്രങ്ങള്‍ക്കു നല്‍കിവരുന്നു. നല്ലതെന്നു മാത്രമല്ല വെരി വെരി ഗുഡ് കൃത്യം! പിതാവിന്റെ പേരിലുള്ള പത്മരാഗക്കല്ല് പതക്കം’അടങ്ങുന്ന പുരസ്‌കാരമാണൊന്ന്. തകഴിയും എം ടിയും ജീവിച്ചിരിക്കുന്ന നാട്ടില്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന് “പതക്കം’ നല്‍കിയാണ് ഒന്നാം സംഭവത്തിന്റെ തുടക്കം. സംഭവം എഴുത്തുകാര്‍ക്കിടയില്‍ കുശുമ്പും കുന്നായ്മകളുമൊക്കെ ആയി വളര്‍ന്നപ്പോള്‍ അണിയറയില്‍ കേട്ടത് ഇപ്പറയും പ്രകാരം: “ഗുരുവായൂര്‍ തൊഴാന്‍ എന്നും വലിയ തിരക്കാണ്. ഉണ്ണികൃഷ്ണന്‍ പരിസരത്തുണ്ടെങ്കില്‍ സകല സൗകര്യവും ചെയ്തുതരും. ആവശ്യത്തിലധികം പാല്‍പ്പായസവും നിവേദ്യ പലഹാരങ്ങളും കൊട്ടപ്പടി ലഭിക്കും. പുതൂരിന്റെ ആനക്കമ്പവും അമൃതം ഗമയും വീട്ടുകാര്‍ക്ക് ഇഷ്ടവുമാണ്.’’ഒരാള്‍ സ്വന്തം പോക്കറ്റില്‍ കിടക്കുന്ന കാശെടുത്ത് തനിക്കിഷ്ടമുള്ള എഴുത്തുകാരന് ഗുരുവായൂര്‍ നൈവേദ്യങ്ങളുടെ മറവില്‍ നല്‍കുന്നു. ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ, പത്തു നൂറു വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു ദിനപത്രത്തിന്റെ പേരില്‍ പുരസ്‌കാരം നല്‍കുമ്പോള്‍ കുടുംബാംഗങ്ങളായ മറ്റു ഷെയര്‍ ഹോള്‍ഡേഴ്‌സിനും, എന്തിനേറെ സ്വന്തം പുത്രനും “തൃപ്തി’ ആവണം. ഈ വര്‍ഷം രണ്ടുലക്ഷം രൂപയുടെ പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭനാണു നല്‍കുക. നല്ലത്. കാശിനു ബുദ്ധിമുട്ടുള്ള ആളല്ല, മിസ്റ്റര്‍ പപ്പേട്ടന്‍. “കഥയുടെ കുലപതി’ എന്നൊക്കെ പറഞ്ഞ് നല്‍കുമ്പോള്‍ അതു സൃഷ്ടിക്കുന്ന “രോമാഞ്ചജനകമായ ചമ്മല്‍’ ഒന്നു വേറെ തന്നെ. പ്രസ്തുത രണ്ടുലക്ഷം പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ എം ടി, ഒ വി വിജയന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല, കോവിലന്‍ എന്നിവര്‍ക്കു നല്‍കി.

വളരെ നല്ല തീരുമാനമായിരുന്നു. അന്നും “കഥയുടെ കുലപതി’ കണ്ണൂര്‍ പള്ളിക്കുന്നില്‍ തനിക്കിഷ്ടമില്ലാത്തവരെപ്പറ്റി “നുണ’ പറഞ്ഞും സ്ഥിരമായി ചൊറിയുന്നവരെ പ്രകാശിപ്പിച്ചും ജീവിക്കുന്നുണ്ടായിരുന്നു. എം ടിക്കു ലഭിച്ച വര്‍ഷം “കഥയുടെ കുലപതി’ കമന്റടിച്ചു: “”അതൊക്കെ ചോദിച്ചു വാങ്ങിക്കാന്‍ അയാള്‍ക്കറിയും…’’സര്‍ക്കാരാഭിമുഖ്യത്തിലുള്ള “എഴുത്തച്ഛന്‍; കേരള സാഹിത്യ അക്കാദമി, മോദിയുടെ കേന്ദ്ര സാഹിത്യ അക്കാദമി തൊട്ടുള്ള “അധോലോക കമ്പനി’കള്‍ നല്‍കുന്ന അവാര്‍ഡുകളുടെ അണിയറക്കഥകള്‍ കേട്ടാലോ…?

ഇക്കഴിഞ്ഞ മാമ്പഴ സീസണില്‍ കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ ഇനം മേത്തരം പഴുത്ത മാങ്ങ രണ്ടു കുട്ടകളില്‍ “തുരന്തോ’ എക്‌സ്പ്രസ്സില്‍ കയറ്റി എഴുത്തുകാരന്‍ “എ’ ശിങ്കിടി മുഖാന്തരം ഡല്‍ഹിയിലെത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മന്ദിരമായിരുന്നു ലക്ഷ്യം. മാമ്പഴ മണം ആസ്വദിച്ച ഡല്‍ഹിയിലെ സാംസ്‌കാരികകേന്ദ്രം ഉത്തമാധികാരി മാമ്പഴക്കൂട ലക്ഷ്യത്തിലെത്തിച്ചില്ല. തന്റെ ഫഌറ്റിലേക്ക് കൊണ്ടുപോയി. ആര്‍.കെ. പുരത്താണ് വിദ്വാന്റെ ഫഌറ്റ്. അവാര്‍ഡ് കൈമറിഞ്ഞപ്പോഴാണ് എഴുത്തുകാരന്‍ “എ’ മാമ്പഴം ഫഌറ്റ് മാറി കയറിയ വിവരം അറിഞ്ഞതുതന്നെ.കുറ്റിയാട്ടൂര്‍’ എന്നു കേള്‍ക്കുമ്പോള്‍ “അത് കഥാകാരി സിതാരയുടെ ഊരല്ലേ’ എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. സിതാരയുടെ പിതാവ് ശശി മാഷ് എന്‍ പ്രഭാകരന്റെ സുഹൃത്തല്ലേ എന്നും കേള്‍വിക്കാര്‍ക്കു തെറ്റിദ്ധരിക്കാം.

പലര്‍ക്കും അവാര്‍ഡുകള്‍ ഒപ്പിച്ചുകൊടുത്ത ഒരു മഹാവിരുതന്റെ കഥ ഇതിലൊക്കെ വിചിത്രമാണ്. ഇയാള്‍ക്ക് ചെറിയ ഇനം അവാര്‍ഡുകളേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2015-16 കാലത്ത് കനപ്പെട്ട ഒരു അവാര്‍ഡ് ഇയാള്‍ക്ക് ലഭിക്കുമെന്നാണ് അവാര്‍ഡ് തരപ്പെടുത്തുന്ന കേന്ദ്രത്തിലെ ചില വീരന്മാര്‍ പറയുന്നത്. ഗള്‍ഫ് യാത്രാ വിസ, സ്വര്‍ണ നാണയം അടക്കം ചെയ്ത അതിവിശേഷ ചില്ലുപേടകം, കോഴിക്കോട് പാലാഴി ജങ്ഷനിലെ “മാളു’കളിലൊന്നില്‍ 25 വര്‍ഷ കാലാവധിക്ക് ലോണായി ഫഌറ്റ് ഒക്കെ ഇയാള്‍ ഒരു മൂന്നംഗ സമിതിക്കു വാഗ്ദാനം ചെയ്തിരിക്കുന്നു.

ഈ കഥയില്‍ കുമാരന്‍, ഹാഫിസ് മുഹമ്മദ്, സതീശ്ബാബു പയ്യന്നൂര്‍ മുതലായവര്‍ കഥാപാത്രങ്ങളല്ല എന്നും സത്യം! സത്യം! സത്യം!കഥയുടെ മറ്റൊരു കുലപതി സാക്ഷാല്‍ എം ടി ആശാന്‍ വരയുടെ തമ്പുരാനായ നമ്പൂതിരി—ക്ക് മുണ്ടും ജുബ്ബയും പിറന്നാള്‍ സമ്മാനമായി നേരിട്ടു നല്‍കിയിരിക്കുന്നു. സത്യം, വാസേവന്‍ നമ്പൂതിരി ഇങ്ങനെ ഒരാവശ്യം എം ടിയോട് ഉന്നയിച്ചിട്ടേ ഇല്ല. കാരണം, നമ്പൂതിരി—ക്ക് മുണ്ടും ജുബ്ബയും ആവശ്യത്തിലധികമുണ്ട്. എം ടിക്ക് “ആരോ’ പിറന്നാള്‍ സമ്മാനമായി മുമ്പൊരിക്കല്‍ നല്‍കിയതും ഉപയോഗിച്ച് കേടാവാത്തതുമാണു നല്‍കിയിട്ടുണ്ടാവുക എന്ന് കുശുകുശുപ്പുണ്ട്. എങ്കിലിതാ, എം ടി സമ്മാനിച്ച വസ്തുക്കളുടെ ബില്‍ എമൗണ്ട്. എഴുത്തുകാര്‍ ഞെട്ടണ്ട. ടാക്‌സ് അടക്കം 2,372ക. സത്യം!അടുത്തത്: കേസരി ഓണപ്പതിപ്പില്‍ (28 വെള്ളി ആഗസ്ത് 2015) സ്വാമി ദര്‍ശനാനന്ദ സരസ്വതിക്ക് സംഭവിച്ച മനോദുഃഖമാണ്. 156ാം പേജില്‍ സ്വാമിജിയുടെ നാമധേയം “സ്വാമി ജ്ഞാനാനന്ദ സരസ്വതി’ എന്ന് അച്ചടിച്ചിരിക്കുന്നു. ഈ മനോദുഃഖത്തില്‍ പങ്കുചേര്‍ന്ന് മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെ തിരുത്തിക്കൊണ്ട്… ലാല്‍ സലാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക