|    Nov 17 Sat, 2018 10:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അവാര്‍ഡുകള്‍ക്കുള്ളിലെ ചരടുകള്‍

Published : 4th April 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്
അവാര്‍ഡുകളുടെ വസന്തകാലമാണ് ഇപ്പോള്‍ കേരളത്തില്‍. സര്‍ക്കാരും മാധ്യമങ്ങളും പുരസ്‌കാരങ്ങളും പണക്കിഴികളും നല്‍കി എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌കാരിക പൊതുപ്രവര്‍ത്തകരെയും വാഴ്ത്തുകയും പണവൃഷ്ടി നടത്തുകയും ചെയ്യുന്ന കാലം.
സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ അവാര്‍ഡുകളൊക്കെ പരസ്യമായി പ്രകടമാക്കുന്ന രാഷ്ട്രീയചരടുള്ളതാണെന്നു കാണാം. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മില്‍ സമീപകാലത്തു ശക്തിപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയ അവിഹിതബന്ധവും ഇതില്‍ പ്രകടമാണ്. മാധ്യമങ്ങളുടെ വായ്ത്തല വളയ്ക്കാനും ചെറുതാക്കിയും വലുതാക്കിയും തമസ്‌കരിച്ചും മാധ്യമങ്ങളുടെ വഴിവിട്ട സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ അവാര്‍ഡുകള്‍ ദുരുപയോഗിക്കുന്നു. മാധ്യമങ്ങളാവട്ടെ, പത്ര ഉടമയുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബാന്ധവങ്ങള്‍ക്കും ഭാഗ്യാന്വേഷണങ്ങള്‍ക്കും തങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും അവാര്‍ഡുദാന ചടങ്ങുകളും സാഘോഷം ഉപയോഗപ്പെടുത്തുന്നു.
ഇതിനിടയിലാണ് കര്‍ണാടകയില്‍ നിന്ന് ഒരു വാര്‍ത്ത ദേശീയശ്രദ്ധ ആകര്‍ഷിച്ചത്. ഒരു ഉന്നത വനിതാ പോലിസ് ഓഫിസര്‍ കാണിച്ച വേറിട്ട മാതൃക വ്യാപകമായ ചര്‍ച്ചയും ശ്രദ്ധയും ആവശ്യപ്പെടുന്നു. രാഷ്ട്രീയചരടും സ്വാധീനവുമുള്ള പുരസ്‌കാരങ്ങളെ എങ്ങനെ സമീപിക്കണമെന്ന ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും അവരുടെ സുവ്യക്ത പ്രതികരണം കൃത്യമായി അടയാളപ്പെടുത്തുന്നു; പ്രത്യേകിച്ചും പൊതുസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുപോലെ ശ്രദ്ധിക്കാന്‍.
കര്‍ണാടക ഹോം ഗാര്‍ഡ്‌സ് സിവില്‍ ഡിഫന്‍സ് ഐജി ഡി രൂപയാണ് അവാര്‍ഡ് നിരസിക്കുന്നതിന്റെ കാരണം വിശദീകരിച്ച് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ബംഗളൂരുവിലെ ‘നമ്മ ബംഗളൂരു അവാര്‍ഡ്’ മനസ്സാക്ഷിയുടെ പേരില്‍ നിരസിക്കുകയായിരുന്നു രൂപ. അവാര്‍ഡിനൊപ്പം ലഭിക്കുന്ന കാഷ് അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നാണ് രൂപ വ്യക്തമാക്കിയത്. അവര്‍ ചൂണ്ടിക്കാണിച്ച, പൊതുസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മാനദണ്ഡം ഇങ്ങനെ:
എല്ലാ സര്‍ക്കാര്‍ സേവകരും നിഷ്പക്ഷത പുലര്‍ത്തേണ്ടതും എല്ലാവിധ രാഷ്ട്രീയ സംഘടനകളില്‍ നിന്നും പരിമിതമായെങ്കിലും രാഷ്ട്രീയധ്വനിയുയര്‍ത്തുന്ന അസോസിയേഷനുകളില്‍ നിന്നും സമദൂരം പാലിക്കേണ്ടതുമുണ്ട്. അപ്പോള്‍ മാത്രമേ പൊതുജനത്തിനു മുമ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംശുദ്ധവും നീതിയുക്തവുമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ പറ്റൂ; പ്രത്യേകിച്ചും സംസ്ഥാനം തിരഞ്ഞെടുപ്പു നേരിടുന്ന സ്ഥിതിയില്‍.
ബിജെപിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ചതാണ് ഏഴു വര്‍ഷമായി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡും സമ്മാനത്തുകയും. നേരത്തേ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഈ വര്‍ഷം രണ്ടു ലക്ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയില്‍ ‘പെണ്‍സിംഹ’മെന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഡി രൂപ തന്റെ തീരുമാനം ഫൗണ്ടേഷനെ അറിയിച്ചത്.
ജയില്‍ ഡിഐജി ആയിരിക്കെ രൂപയാണ് എഐഎഡിഎംകെ (അമ്മ) വിഭാഗം നേതാവ് വി കെ ശശികലയ്ക്ക് ബംഗളൂരുവിലെ അഗ്രഹാരം ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നത് പുറത്തുകൊണ്ടുവന്നത്. അത് വിവാദമായതോടെ ജയില്‍ ചുമതലയില്‍ നിന്ന് രൂപയെ ഹോം ഗാര്‍ഡ്‌സിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ മാതൃകാ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന വിഭാഗത്തിലെ അവാര്‍ഡാണ് രൂപ നിരസിച്ചത്. എങ്കിലും പൗരന്മാരെ കേന്ദ്രീകരിച്ചുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുകയും പൗരകേന്ദ്രീകൃത സാമൂഹികപ്രവര്‍ത്തനം ആര് നടത്തിയാലും തന്റെ സഹകരണമുണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.
ഈ വാര്‍ത്ത ശ്രദ്ധേയമാവുന്നത് അവാര്‍ഡ് നിരസിച്ച തീരുമാനം കൊണ്ടു മാത്രമല്ല; അതിനവരെ പ്രേരിപ്പിച്ച കാഴ്ചപ്പാടിന്റെ പേരിലാണ്. രാഷ്ട്രീയചരടുകളുള്ള പുരസ്‌കാരങ്ങളും ലക്ഷങ്ങളുടെ പണപ്പൊതിയും അത് സ്വീകരിക്കുന്ന വ്യക്തിയുടെ നിഷ്പക്ഷതയെയും പ്രതിച്ഛായയെയും ദോഷമായി ബാധിക്കുന്നുവെന്ന തിരിച്ചറിവ് ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ്.
പ്രധാനമന്ത്രിയുമായോ മുഖ്യമന്ത്രിയുമായോ അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകനെയോ ഉപദേശകനെയോ പുരസ്‌കാരം നല്‍കിയും പ്രശംസയില്‍ പൊതിഞ്ഞും തങ്ങള്‍ക്കാവശ്യമായ രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ വളഞ്ഞ വഴിയില്‍ സമ്പാദിക്കുന്ന പ്രവണത ചുറ്റും വളര്‍ന്നുവന്നിരിക്കുന്നു. പരസ്പരം പുറംചൊറിയുന്ന സഹകരണം. രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രമുഖരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും തമ്മിലുള്ള അധികാരത്തിന്റെ കൊള്ളക്കൊടുക്കകളായി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അതിവേഗം മാറുകയാണ്. അവാര്‍ഡ് നല്‍കുന്ന മുഖ്യമന്ത്രിക്കു മുമ്പില്‍ ചിലര്‍ കൃഷ്ണനു മുമ്പില്‍ കുചേലന്‍ പോലും കാണിക്കാത്ത ഭവ്യതയോടെ ശിരസ്സു കുനിച്ചുനില്‍ക്കുന്ന കാഴ്ച വേദനാജനകം. പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, പത്രപ്രവര്‍ത്തക സംഘടനകള്‍ തുടങ്ങിയവയ്ക്കും സ്വകാര്യതാല്‍പര്യത്തിലും ലാഭത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ ഉള്‍പ്പെടുത്തിയും അല്ലാതെയും പൊതുഖജനാവില്‍ നിന്നുള്ള പണം വാരിക്കോരി കൊടുക്കുന്നു. ഈ പ്രവണത ഇടതുപക്ഷ ഗവണ്‍മെന്റ് വന്നതോടെ വര്‍ധിച്ചിരിക്കുകയാണ്.
കലാ-സാംസ്‌കാരിക മേഖലകളില്‍ ന്യായമായി ചെലവഴിക്കേണ്ട പൊതുപണം മന്ത്രിമാരുടെ വ്യക്തിപരമായ ഇഷ്ടത്തിന്റെയും പ്രീണനത്തിന്റെയും അടിസ്ഥാനത്തില്‍ വ്യാപകമായി ദുര്‍വ്യയം ചെയ്യലാണിത്. പ്രാദേശികമായി അടുത്തകാലത്ത് പൊതു മാനദണ്ഡമില്ലാതെ കലാ-സാംസ്‌കാരിക മേളകള്‍ സര്‍ക്കാര്‍ പണച്ചെലവില്‍ പൊടിപൊടിക്കുന്നു; ഖജനാവ് സ്തംഭിക്കുകയും. നിയമാനുസൃതം നല്‍കേണ്ട ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയും വയറു മുറുക്കി ചെലവു ചെയ്യണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് ഇത്തരം മാമാങ്കങ്ങള്‍ പെരുകുന്നത്.
എഴുത്തിലും അഭിപ്രായപ്രകടനത്തിലും വിമര്‍ശനത്തിലും മയപ്പെടുത്തലും മായംകലര്‍ത്തലും ഉദ്ദേശിച്ചിട്ടുള്ള ഈ നീക്കങ്ങള്‍ക്കു വിധേയരാവുന്നവര്‍ ഡി രൂപയെന്ന, അനീതിക്കും അഴിമതിക്കുമെതിരേ ഉറച്ച നിലപാടെടുക്കുന്ന പോലിസ് ഉദ്യോഗസ്ഥയുടെ ധീരമായ നിലപാട് സ്വയം പരിശോധിക്കണം. തങ്ങള്‍ ഏറ്റുവാങ്ങുന്ന പുരസ്‌കാരങ്ങളിലൂടെ സ്വയം ചോര്‍ത്തിക്കളയുന്ന സ്വാഭിമാനവും നിര്‍ഭയത്വവും താരതമ്യപ്പെടുത്തണം. എംടി, ടി പത്മനാഭന്‍, സുഗതകുമാരി, എം ലീലാവതി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വാക്കിനും നാക്കിനും നട്ടെല്ലിനും വിലങ്ങിടാന്‍ നിന്നുകൊടുക്കാത്ത ചുരുക്കം പേരെ മാറ്റിനിര്‍ത്തി പറയേണ്ടിവരുന്നു, നിങ്ങള്‍ വിലയ്‌ക്കെടുക്കപ്പെടുകയാണെന്ന്. ഈ കനത്ത പണപ്പൊതിയും പ്രശംസാപത്രവും കലാഭംഗിയുള്ള പുരസ്‌കാര ശില്‍പവും ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ക്കെന്താ യോഗ്യതക്കുറവ്?
അത്തരം യോഗ്യവാന്മാരുടെയും യോഗ്യവതികളുടെയും ആള്‍ക്കൂട്ടത്തിലിതാ വേറിട്ടുനില്‍ക്കുന്നു ആദര്‍ശനിഷ്ഠയും സത്യസന്ധതയുമുള്ള ഒരു കാക്കിക്കുപ്പായക്കാരി.                                                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss