|    Mar 27 Mon, 2017 12:27 pm
FLASH NEWS

അവസാന ഹജ്ജ് സംഘവും യാത്രയായി

Published : 6th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: ആഗ്രഹ സാഫല്യത്തിന്റെ കാരുണ്യംതേടി വിശുദ്ധ ഹജ്ജ് കര്‍മത്തിനായി നെടുമ്പാശ്ശേരിയില്‍ നിന്ന് അവസാന ഹാജിമാരുടെ സംഘവും യാത്രയായി. ആശങ്കകള്‍ക്കും  ആകുലതകള്‍ക്കും ഇടംനല്‍കാതെ 10,584  ഹാജിമാരെയും ഒരു കുറവുമില്ലാതെ യാത്രയാക്കിയതിന്റെ ആത്മനിര്‍വൃതിയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികളും വോളന്റിയര്‍മാരും.
ക്യാംപില്‍നിന്നുള്ള അവസാന ഹാജിമാരുടെ സംഘത്തെയും വഹിച്ചുകൊണ്ടുള്ള വിമാനം വിശുദ്ധ ഹറമിനെ ലക്ഷ്യമാക്കി നീലാകാശത്തേക്ക് പറന്നുയര്‍ന്നപ്പോള്‍ ഏവരും സര്‍വേശ്വരനെ വാഴ്ത്തി.
ഇന്നലെ വൈകീട്ട് 5.20നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 386  ഹാജിമാരാണ് യാത്ര തിരിച്ചത്. 203  പുരുഷന്മാരും 183 സ്ത്രീകളും. ഇതില്‍ ലക്ഷദീപില്‍നിന്നുള്ള ഹാജിമാരാണ് കൂടുതല്‍. 289 പേര്‍. പോണ്ടിച്ചേരിയില്‍നിന്നുള്ള 28 പേരും കേരളത്തില്‍ നിന്നുള്ള 69 പേരും  യാത്ര തിരിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ്  സംഘത്തിന്റെ പ്രതിനിധിയായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലും ഇവരോടൊപ്പം യാത്രതിരിച്ചു. 15 ദിവസക്കാലം നീണ്ടുനിന്ന ഹജ്ജ് ക്യാംപിന്റെ സമാപനത്തില്‍ പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. നെടുമ്പാശ്ശേരി ക്യാംപില്‍ നിന്ന് 26 വിമാന സര്‍വീസുകളിലായി 10,584  ഹാജിമാരാണ് ഇതുവരെ യാത്രതിരിച്ചത്. 5027 പുരുഷന്മാരും 5557 സ്ത്രീകളും 9 കുട്ടികളും  ഇതില്‍പ്പെടും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹാംഗര്‍ യൂനിറ്റിന്റെ ഭാഗത്ത്  അധികൃതരുടെ എല്ലാ വിധ സഹകരണത്തോടെ ഒരുക്കിയ ഹജ്ജ് ക്യാംപ് ഇതിനകം സര്‍വരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഹാജിമാരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും അവര്‍ക്ക് യാത്രാരേഖകള്‍ കൈമാറുന്നതിനും വിപുലമായ സൗകര്യമാണ് ക്യാംപിലുണ്ടായത്.
ഹാജിമാരുടെ താമസത്തിനും  പ്രാര്‍ഥനകള്‍ക്കുമെല്ലാം വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. ഹാജിമാര്‍ക്കും കൂടെ വരുന്നവര്‍ക്കും ഭക്ഷണമൊരുക്കിയ കാന്റീനെ ക്കുറിച്ച് നല്ല മതിപ്പാണ് ഏവരും പ്രകടിപ്പിച്ചത്. ക്യാംപില്‍ പ്രവര്‍ത്തിച്ച അലോപ്പതി, ഹോമിയോ മെഡിക്കല്‍  സെന്ററുകള്‍ ഹാജിമാര്‍ക്ക് അനുഗ്രഹമായിരുന്നു. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് ഹാജിമാരുടെ മടക്കയാത്ര.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക