|    Jan 23 Mon, 2017 6:17 pm
FLASH NEWS

അവസാന വെള്ളി; പള്ളികളില്‍ വന്‍തിരക്ക്

Published : 2nd July 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: റമദാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഒന്നിച്ചുവന്ന ഇന്നലെ പള്ളികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ പള്ളികളില്‍ കയറിയ പലരും ഇന്ന് പുലര്‍ച്ചയോടെയാണ് തിരിച്ചിറങ്ങിയത്. മിക്ക പള്ളികളിലും നോമ്പ് തുറക്കാനും അത്താഴത്തിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ ലൈലത്തുല്‍ ഖദ്‌റെന്ന പുണ്യരാവിനെ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവിനെ വിശ്വാസികള്‍ ആരാധനകള്‍ കൊണ്ട് പൊതിഞ്ഞു. നമസ്‌കാരങ്ങളും ദാനധര്‍മങ്ങളും ഇഅ്ത്തിഖാഫും ഖുര്‍ആന്‍ പാരായണവുമായി വിശ്വാസികള്‍ രാത്രിയെ പകലെന്ന പോലെ സജീവമാക്കി. ചില പള്ളികളില്‍ സ്ത്രീകളും കുട്ടികളും വരെ ഇഅ്ത്തിഖാഫിരുന്നു.
അവസാന വെള്ളിയായ ഇന്നലെ മിക്ക പള്ളികളിലും ജുമുഅ നമസ്‌കരിക്കാനെത്തിയവരുടെ നിര പുറത്തേക്ക് നീണ്ടു. റമദാന് മുമ്പ് അറ്റകുറ്റപ്പണി നടത്തി കൂടുതല്‍ സൗകര്യമൊരുക്കിയിരുന്നെങ്കിലും ജനബാഹുല്യം കാരണം പലയിടത്തും പുറത്ത് പായയും കടലാസും വിരിച്ചാണ് നമസ്‌കരിച്ചത്.
റമദാനില്‍ സ്ഫുടം ചെയ്‌തെടുത്ത ഹൃദയം പാപക്കറ പുരളാതെ സൂക്ഷിക്കാന്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു. തെറ്റുകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഹൃദയത്തിന്റെയും കണ്ണിന്റെയും കാതിന്റെയും നാക്കിന്റെയും വ്രതം തുടരണമെന്നും സല്‍ക്കര്‍മങ്ങളില്‍ മല്‍സരിക്കാന്‍ നോമ്പ് നല്‍കിയ പരിശീലനത്തിലൂടെ സാധിക്കണമെന്നും ഖത്തീബുമാര്‍ സന്ദേശം നല്‍കി. പുണ്യങ്ങളുടെ പൂക്കാലം കഴിഞ്ഞു പോവുകയാണെന്ന നൊമ്പരവും ആത്മീയാനുഭൂതിയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണമെന്ന ഓര്‍മപ്പെടുത്തലും ഖുതുബകളില്‍ നിറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക