|    Dec 11 Tue, 2018 6:32 am
FLASH NEWS
Home   >  Sports  >  Football  >  

അവസാന മല്‍സരത്തില്‍ റയലിന് സമനിലപ്പൂട്ട്

Published : 20th May 2018 | Posted By: vishnu vis

വിയ്യാറയല്‍: സ്പാനിഷ് ലീഗിന്റെ ഈ സീസണിലെ അവസാന മല്‍സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് സമനിലപ്പൂട്ട്. വിയ്യാറയലിന്റെ കളിക്കരുത്തിന് മുന്നില്‍ റയല്‍ മാഡ്രിഡ് 2-2 സമനില സമ്മതിക്കുകയായിരുന്നു. ചാംപ്യന്‍സ് ലീഗ് ഫൈനലിന് കളമൊരുങ്ങിക്കൊണ്ടിരിക്കുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടിയാണ് വിയ്യാറയലിനെതിരേ വഴങ്ങിയ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് റയല്‍ കളി കൈവിട്ട് കളഞ്ഞത്.
വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 4-3-1-2 ഫോര്‍മാറ്റില്‍ റയല്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ആതിഥേയരുടെ പടപ്പുറപ്പാട്.  കളിയുടെ 11ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിലൂടെ റയല്‍ മാഡ്രിഡ് അക്കൗണ്ട് തുറന്നു. ലീഡെടുത്തതോടെ ഏകപക്ഷീയ മുന്നേറ്റം നടത്തിയ റയല്‍ നിര 32ാം മിനിറ്റില്‍ ലീഡ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. പോസ്റ്റിന്റെ വലത് വശത്ത് നിന്ന് മാഴ്‌സലോ ഉയര്‍ത്തി നല്‍കിയ ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-0ന്റെ ലീഡ് റയലിനൊപ്പമായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച് വിയ്യാറയല്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ചു. 70ാം മിനിറ്റില്‍ മാര്‍ട്ടിനസാണ് വിയ്യാറയലിനുവേണ്ടി ആദ്യ ഗോള്‍ മടക്കിയത്. പിന്നീട് 85ാം മിനിറ്റില്‍ കാസ്റ്റിലീജോയിലൂടെ വിയ്യാറയല്‍ സമനില ഒപ്പിച്ചെടുക്കുകയായിരുന്നു.
ഇതോടെ 76 പോയിന്റുകളുമായി മൂന്നാം സ്ഥാനക്കാരായാണ് റയല്‍ മാഡ്രിഡ് ഈ സീസണിലെ സ്പാനിഷ് ലീഗ് അവസാനിപ്പിച്ചത്. 61 പോയിന്റുള്ള വിയ്യാറയല്‍ അഞ്ചാം സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss