|    Oct 23 Mon, 2017 8:34 am
Home   >  Todays Paper  >  Page 5  >  

അവസാന മന്ത്രിസഭാ തീരുമാനങ്ങള്‍ തിരിച്ചടിയായി: ചെന്നിത്തല

Published : 15th June 2016 | Posted By: SMR

കൊച്ചി: കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്ത് ധൃതിപിടിച്ചെടുത്ത വിവാദ തീരുമാനവും  സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും യുഡിഎഫിന്റെ പരാജയത്തിനു കാരണമായെന്നാണു വിലയിരുത്തുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുഡിഎഫിനേറ്റ പരാജയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഗൗരവമായിട്ടാണു കാണുന്നത്. തോല്‍വിയുമായി ബന്ധപ്പെട്ട് ഞാന്‍, വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി എന്നിവരുമായി ഹൈക്കമാന്‍ഡ് ഒരുവട്ടം ചര്‍ച്ചനടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രമുഖരായ 50 നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ വീണ്ടും ഹൈക്കമാന്‍ഡ് ചര്‍ച്ചനടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് മാറണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. നിലവില്‍ അത്തരത്തില്‍ യാതൊരുവിധ തീരുമാനവുമില്ല. എന്തായാലും കേരളത്തിലെ പരാജയം ഹൈക്കമാന്‍ഡ് ഗൗരവമായിട്ടാണു കാണുന്നത്. വിശദമായ ചര്‍ച്ചയ്ക്കുശേഷം എല്ലാ കാര്യത്തിലും തീരുമാനമുണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ചചെയ്യും. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും പാര്‍ട്ടി പുനസ്സംഘടിപ്പിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം ആദ്യം ശരിയാക്കിയത് വി എസ് അച്യുതാനന്ദനെയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായിരുന്ന മുതിര്‍ന്ന നേതാവായ വിഎസിനെ ഇപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ഒതുക്കിയിരിക്കുകയാണ്. പിണറായി വിജയന്റെ കാലുപിടിക്കാതെ വി എസ് അച്യുതാനന്ദന് ഒന്നും ലഭിക്കില്ലെന്നതാണ് അവസ്ഥ. പിണറായി വിജയനും സീതാറാം യെച്ചൂരിയും ചേര്‍ന്ന് വി എസിനെ കബളിപ്പിച്ചിരിക്കുകയാണ്. വിഎസിനെ മാത്രമല്ല ജനങ്ങളെയും അവര്‍ കബളിപ്പിച്ചു. ഇനിയും എംഎല്‍എയായി തുടരണോയെന്ന് വി എസ് തന്നെ തീരുമാനിക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജീവനക്കാരോട് രാഷട്രീയപ്രേരിതമായി പെരുമാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ പോലും സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വിവിധ വകുപ്പുകളില്‍ രാഷ്ട്രീയപ്രേരിതമായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയാണ്. സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാര്‍ട്ടി അധികാരകേന്ദ്രമായി മാറില്ലെന്നു സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. പാര്‍ട്ടിയായിരിക്കും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. സ്വകാര്യ വ്യക്തികളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നു കോടിയേരി പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കണം. പാര്‍ട്ടിക്കു പുറത്തുള്ളവരുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അതു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഓഫിസില്‍ വരുന്നവരോടു മാന്യമായി പെരുമാറണമെന്ന നിര്‍ദേശം ആദ്യം നല്‍കേണ്ടത് മന്ത്രിമാര്‍ക്കുതന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക