|    Apr 26 Thu, 2018 6:53 pm
FLASH NEWS
Home   >  Kerala   >  

അവസാന ചിരി കുമ്മനത്തിന്റേതോ ?

Published : 5th January 2017 | Posted By: G.A.G

imthihan-SMALL

ഴിഞ്ഞ കുറച്ചു  ദിവസങ്ങളായി ഇടതു-വലതു മുന്നണികളിലെ ചക്കളത്തി പോരും തത്സംബന്ധമായ വിഴുപ്പലക്കലുകളുമാണ് വാര്‍ത്താമാധ്യമങ്ങളില്‍ നിറയെ. സ്വാഭാവികമായും ഗ്രൂപ്പ് കളിയില്‍ എപ്പോഴും മികച്ചുനില്‍ക്കാറുളള കോണ്‍ഗ്രസ് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്തുളളത്. കേരളത്തില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും സിപിഎം തന്നെയാണെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസിലെ വിഴുപ്പലക്കലിന് തുടക്കം കുറിച്ചത്.
സംസ്ഥാനത്തും കേന്ദ്രത്തിലും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷത്തിന്റെ ധര്‍മ്മം യഥാവിധി നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെന്ന നഗ്നസത്യമായിരുന്നു യഥാര്‍ത്ഥത്തില്‍ കെ മുരളീധരന്‍ ചൂണ്ടികാണിച്ചിരുന്നത്.  കോണ്‍ഗ്രസിനെപ്പോലൊരു സംഘടനയില്‍ അത്തരത്തിലുളള പരസ്യപ്രസ്താവനകള്‍ പുതുമയുളളതുമല്ല. എന്നാല്‍ പതിവിനു വിപരീതമായി മുരളീധരന്റെ പ്രസ്താവനയോട് കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായി പ്രതികരിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മില്‍ തല്ലുന്നേടത്തോളം സ്ഥിതി ഗതികള്‍ വഷളായി.
അങ്ങനെ ചീമുട്ടയേറും അസഭ്യവര്‍ഷവും സ്വന്തം നേതാക്കളെ വഴിതടയലും കയ്യാങ്കളിയും കൊണ്ട് പാര്‍ട്ടിയുടെ നൂറ്റി മുപ്പത്തൊറന്നാം ജന്മദിനാഘോഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിസ്മരണീയമാക്കി. മുരളിയും ഉണ്ണിത്താനും പരസ്പരം ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ ബാധിച്ച പുഴുക്കുത്തുകള്‍ എത്രത്തോളം മാരകമാണ് എന്നു മനസിലാക്കാന്‍ ഉപകരിക്കുമെങ്കിലും അവ മ’കാരം വാരികകള്‍ക്കു മാത്രം അച്ചടിക്കാവുന്ന നിലവാരത്തിലുളളവയായതിനാല്‍ ഉദ്ദരിക്കാന്‍ നിവൃത്തിയില്ല.
മുന്‍ കെപിസിസി പ്രസിഡണ്ട് ഗുണ്ടാതലവനാണെന്നും അദ്ദേഹത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ച് ഉണ്ണിത്താന്‍ പോലീസില്‍ പരാതിപെടുന്നതു വരെ പുരോഗമിച്ചിരിക്കുന്നു കാര്യങ്ങള്‍.  കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ട് ‘ലോ കമാന്റായ’ ഹൈകമാന്റിനാകട്ടെ എല്ലാ സന്ദര്‍ഭത്തിലും നിര്‍ദ്ദേശിക്കാനുളള ഒറ്റമൂലി ഒന്നു മാത്രം- പരസ്യ പ്രസ്താവനകള്‍ പാടില്ല.  എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും അത്  ‘അന്ത്യശാസനം’ തന്നെയാണ്. ഈ അന്ത്യശാസനത്തിനപ്പുറത്ത് യാതൊരു നടപടിക്കും ഹൈകമാന്റിന് സാധിക്കില്ലെന്ന്  കൃത്യമായറിയുന്ന കോണ്‍ഗ്രസുകാരാകട്ടെ ഹൈകമാന്‍ഡ് നിര്‍ദ്ദേശത്തിന് പളളിയിലെ ഉപദേശിയുടെ പ്രസംഗത്തിന്റെ വില പോലും കല്‍പിക്കുന്നില്ല.
നിയമസഭാതിരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വിക്കു ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പുതുതായി യാതൊന്നും പഠിച്ചിട്ടില്ല എന്ന് ഓരോ ദിവസവും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അസാരം ആദര്‍ശത്തിന്റെ അസുഖമുളള വി എം സുധീരനെ അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്തു ചാടിക്കാന്‍ വേണ്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന മുറവിളി ഉയര്‍ത്തുന്നതില്‍ മാത്രമാണ് പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പുകളുടെയും മുഴുവന്‍ ശ്രദ്ധയും.
പത്രപ്രസ്താവനകള്‍ക്കപ്പുറം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരില്‍ കാര്യമാത്രപ്രസക്തമായ ഒരു സമരം പോലും സംഘടിപ്പിക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ ആയിട്ടില്ല. സാധു ദുഷ്ടന്റെ ഫലം ചെയ്യുമെന്നു പറഞ്ഞ പോലെ  സഹകരണ ബാങ്കുകളുടെ അടിക്കല്ലിളക്കുന്ന കേന്ദസര്‍ക്കാറിന്റെ നയത്തിനെതിരെ സി പിഎമ്മുമായി യോജിച്ചു നടത്താനിരുന്ന സമരമാകട്ടെ വഴിയില്‍ വെച്ച് വി എം സുധീരന് ശുദ്ധാഅശുദ്ധ ശങ്കയുദിച്ചതിനാല്‍ ഉപേക്ഷിക്കേണ്ടിയും വന്നു.
തന്റെ അഭിപ്രായങ്ങള്‍ക്കും അനുയായികള്‍ക്കും ഹൈക്കമാന്റ് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് പരിഭവിച്ചു കൊണ്ട് സ്ഥാനമാനങ്ങളോ പദവികളോ ഏറ്റെടുക്കാതെ നിസഹകരണ സമരം നടത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവട്ടെ സംസ്ഥാന -കേന്ദ്രനേതൃത്വങ്ങളെ ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

മറുവശത്ത്, സംസ്ഥാനമന്ത്രിസഭയിലെ നവാഗതനും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം എം മണിയാണ് വിവാദങ്ങളുടെ കേന്ദ്രം. തന്റെ വാമൊഴി വഴക്കം കൊണ്ട് കുറച്ചുകാലമായി വിവാദപുരുഷനായി മാറിയ എം എം മണിയെ അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ വണ്‍ ടൂ ത്രീഫോര്‍ പ്രസംഗമാണ് കുരുക്കിയത്. അന്നത്തെ പ്രസംഗത്തിനിടെ നടത്തിയ വീരവാദങ്ങള്‍ തേഞ്ഞുമാഞ്ഞു പോയിരുന്ന അഞ്ചേരി ബേബി വധക്കേസിന് ജീവന്‍ നല്‍കുകയും മണിയെ കൊലക്കേസ് പ്രതിയാക്കുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു ശേഷം മണി എം എല്‍ എ ആവുകയും ബന്ധു നിയമന വിവാദത്തില്‍ പെട്ട് ഇപി ജയരാജന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാവുകയും ചെയ്തു.
എന്നാല്‍ സിപി എമ്മിന്റെയും മണിയുടെയും പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായി കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുളള വിടുതല്‍ ഹരജി കോടതി തളളിയിരിക്കുന്നു. സ്വാഭാവികമായും പ്രതിപക്ഷം മണിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു ശേഷമാണ്  മണി ജനങ്ങളുടെ കോടതിയില്‍ വിജയിച്ചു നിയമസഭാംഗമായതെന്നും അതിനാല്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്നുമുളള നിലപാടിലാണ് പാര്‍ട്ടി.
മറിച്ചുളള പ്രചാരണങ്ങള്‍ പ്രതിപക്ഷത്തിന്റെ പതിവു പല്ലവിയാണ് എന്ന രീതിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പുഛിച്ചുതളളുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍ നിന്നു തന്നെ വെടിപൊട്ടിയത്. അതും പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും പാര്‍ട്ടി സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി കാബിനറ്റ് റാങ്കില്‍ കുടിയിരുത്തിയ മാന്യദേഹത്തില്‍ നിന്നും. മണിയെ മുന്‍നിര്‍ത്തി ജനുവരിയില്‍ ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്ന പിണറായി വിജയനെക്കൂടി ആപ്പിലാക്കുകയാണ് ‘വിചാരണ നേരിടുന്നവര്‍ ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുന്നത് ശരിയല്ലെന്ന പാര്‍ട്ടിയുടെത്തന്നെ തീരുമാനത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വി എസ് നടത്തിയിരിക്കുന്നത് .  മണി മന്ത്രിസ്ഥാനം ഒഴിയണമെന്ന വി എസിന്റെ ആവശ്യത്തോട് താന്‍ പ്രവര്‍ത്തന പാരമ്പര്യവും പറഞ്ഞ് പിച്ചചട്ടിയുമായി ആരുടെ പിന്നാലെയും നടന്നിട്ടില്ലെന്ന മറുപടിയാണ് എം എം മണി നല്‍കിയിരിക്കുന്നത്.
മാലോകര്‍ മുഴുവനും വായിച്ച വി എസിന്റെ കത്തിനെക്കുറിച്ച് കേള്‍ക്കുകയോ അങ്ങനെയൊന്ന്  കാണുകയോ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വതങ്ങള്‍. അഴിമതിയും അധികാര ദുര്‍വിനിയോഗവും അതിന്റെ എല്ലാ സീമകളെയും ലംഘിച്ചിട്ടും കോടതികളില്‍ നിന്നു കണക്കില്ലാത്ത പ്രഹരമേറ്റിട്ടും നാണമില്ലാതെ അധികാരത്തില്‍ അളളിപ്പിടിച്ചിരുന്നതിനാലാണ് യുഡിഎഫ് മന്ത്രിസഭയെ കേരളത്തിലെ ജനങ്ങള്‍ വലിച്ചു താഴെയിട്ടത്.
കഷ്ടിച്ച് ആറുമാസം മുമ്പാണ് പിണറായി മന്ത്രിസഭ അധികാരത്തിലേറിയത്. അതിനിടയില്‍ രണ്ടാമത്തെ മന്ത്രിയുടെ രാജിയാവശ്യം, അതും ഒരു കൊലക്കേസില്‍ നിന്നും വിടുതല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എന്നത് എത്രമാത്രം ലജ്ജാവഹമാണ്. മണിയെക്കൂടാതെ തന്നെ സിപിഎം എംഎല്‍എമാരില്‍ മന്ത്രിമാരാവാന്‍ കഴിവും യോഗ്യതയുമുളളവര്‍ എത്ര പേരുണ്ടായിരുന്നു. നന്നെ ചുരുങ്ങിയത് മണിയാശാന്‍ നല്‍കിയ വിടുതല്‍ ഹരജിയുടെ ഗതിയെന്താവുമെന്നറിയുന്നതു വരെ മന്ത്രിസഭാ പുനസംഘടന നീട്ടിവെക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇവ്വിധം നാണംകെട്ട് യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാതെ ഓടിയൊളിക്കേണ്ടി വരുമായിരുന്നോ ?

കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന രണ്ടു പാര്‍ട്ടികളും ഈ വിധം സെല്‍ഫ്‌ഗോളുകളില്‍ അഭിരമിക്കുമ്പോള്‍ രാജ്യത്തിന്റെയും വിശിഷ്യാ സംസ്ഥാനത്തിന്റെയും അവസ്ഥകളെക്കുറിച്ച യാതൊരു ചിന്തയും രണ്ടുകൂട്ടരെയും അശേഷം അലട്ടുന്നില്ലാ എന്നതാണ് അദ്ഭുതകരം. ന്യൂനപക്ഷ പീഡനങ്ങളും ആവിഷ്‌കാര സ്വാതന്ത്യ ധ്വംസനങ്ങളും പിന്നിട്ട് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന ഘട്ടത്തിലേക്ക് മോഡിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ കടന്നിരിക്കുകയാണ്.
കളളപ്പണം പിടിക്കാനെന്ന പേരില്‍ മുന്തിയനോട്ടുകള്‍ പിന്‍വലിച്ച മോഡി കോര്‍പറേറ്റുകള്‍ക്ക് ചൂട്ടുപിടിക്കുകയായിരുന്നുവെന്ന് ഇതിനകം പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുന്നു. പൗരന്‍മാര്‍ക്ക് നേര്‍ക്കുളള കാര്‍പെറ്റ് ബോംബിംഗ് എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച ഇന്ത്യാ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ നടപടി അമ്പതുദിവസം പിന്നിടുമ്പോള്‍ സമ്പദ്ഘടനയുടെ എല്ലാ മേഖലകളും തകര്‍ച്ചയുടെ വക്കിലാണ്.
കാര്‍ഷിക മേഖലയുടെ തകര്‍ച്ച രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യത്തെ തളളിവിടുമെന്നുറപ്പായിരിക്കുന്നു.
എന്നാല്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ജാതിമതഭേദമന്യേ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം വീണുകിട്ടിയിട്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ സുവര്‍ണാവസരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു സാധിക്കുന്നില്ല. ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഇനിയും പ്രത്യക്ഷസ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കാത്ത അപൂര്‍വ്വം തുരുത്തുകളിലൊന്നാണ് കേരളം. എന്നാല്‍ പൊതുജനത്തെ പെരുവഴിയിലാക്കിയ തീവെട്ടിക്കൊളളക്കെതിരെ ശക്തമായ പ്രക്ഷോഭ നിര അണിനിരത്താന്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമവകാശപ്പെടുന്ന കോണ്‍ഗ്രസിനും കയ്യൂരിന്റെയും വയലാറിന്റെയും വീരസ്യം ഉയര്‍ത്തിപ്പിക്കാറുളള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും അരവിന്ദ്‌കെജരിവാളിന്റെ ആം ആദ്മിയും നടത്തിയ പ്രക്ഷോഭങ്ങളുടെ ഏഴയലത്തു പോലും നില്‍ക്കാവുന്ന ഒന്ന് കേരളത്തില്‍ നിന്നും സംഭാവന ചെയ്യാനായില്ല.
മൊത്തം സമ്പദ്ഘടനയെയും അടിമുടി നശിപ്പിക്കുന്ന മഹാവിപത്തിനെ സഹകരണ മേഖലയുടെ പ്രശനം മാത്രമാക്കി കേരളം ഒതുക്കികളഞ്ഞു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സംസ്ഥാനത്തിനായില്ല. അങ്ങനെ പറയുന്ന പക്ഷം നാഗ്പൂരില്‍ അച്ചടിക്കുന്ന രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്ന് ഭയന്നു പോയോ ആവോ.
ഭൈമീകാമുകന്‍മാരുടേയും സുഖഭോഗികളുടെയും താവളമായി മാറിയ കോണ്‍ഗ്രസില്‍  നിന്നും ഏറെയെന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നറിയാം. പക്ഷേ അങ്ങനെയല്ലല്ലോ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കാര്യം. പുലിക്കോടന്‍ നാരായണന്റെ ബൂട്‌സിന്റെ ചവിട്ടേറ്റിട്ട് കുലുങ്ങാത്ത പിണറായി മോഡിയുടെ അമ്പത്താറിഞ്ച് നെഞ്ച് കണ്ട് പതറിപ്പോയോ?.
ഇല്ലെങ്കില്‍ പിന്നെ സിനിമാശാലകളിലെ ദേശീയഗാനാലപനത്തോടനുബന്ധിച്ച് രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം അറസ്റ്റ് വിവാദങ്ങളും യുഎപിഎ കേസുകളുടെ അഭൂതപൂര്‍വ്വമായ വര്‍ധനയും കേരളത്തില്‍ എങ്ങനെ ഉണ്ടായി. അതോ ഇനി രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രദര്‍ശിപ്പിച്ചു കൊണ്ട് ബിജെപിയിലേക്കുളള ഭൂരിപക്ഷസമുദായത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാമെന്ന കണക്കുകൂട്ടലിലോ? എങ്കില്‍ മൃദുഹിന്ദുത്വസമീപനം പണ്ട് പയറ്റിയ കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഏതായാലും സംസ്ഥാന പോലീസിനെ ജോലിചെയ്യാനനുവദിക്കുക എന്ന് ബിജെപിയെപ്പോലൊരു പ്രതിപക്ഷ പാര്‍ട്ടിയെകൊണ്ട് പറയിപ്പിക്കുമാറ് പിണറായിയുടെ പോലീസ് അധപതിച്ചെങ്കില്‍ അവസാന ചിരി കുമ്മനത്തിന്റേതായിരിക്കുമെന്ന് പറയാന്‍ പാഴൂര്‍ പഠിപ്പുര വരെ പോകേണ്ടതില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss