അവസാന ഓവറില്‍ കാര്‍ത്തിക് വെടിക്കെട്ട്; കടുകളെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്മാര്
Published : 18th March 2018 | Posted By: vishnu vis

കൊളംബോ: ദിനേഷ് കാര്‍ത്തിക് ബംഗ്ലാദേശ് കടുവകളെ വേട്ടയാടി വീഴ്ത്തിയപ്പോള്‍ നിദാഹാസ് ട്രോഫി കിരീടം ഇന്ത്യക്ക്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 166 റണ്‍സ് അടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 168 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ആവേശം അവസാന ഓവറിലെ അവസാന പന്തിലേക്കെത്തിയ മല്‍സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സര്‍ പറത്തി കാര്‍ത്തിക് (29) ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
മുസ്തഫിസുര്‍ റഹ്മാന് എറിഞ്ഞ 18ാം ഓവറില്‍ നാല് പന്തുകള്‍ വിജയ് ശങ്കര്‍ പാഴാക്കിയതോടെ ഇന്ത്യയുടെ സമ്മര്‍ദമുയര്‍ന്നു. ഈ ഓവറിലെ അവസാന പന്തില്‍ മനീശ് പാണ്ഡെയുടെ (28) വിക്കറ്റും ഇന്ത്യക്കു നഷ്ടമായതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. പിന്നീട് ഇന്ത്യയുടെ വിജയ ലക്ഷ്യം 12 പന്തില്‍ 34 എന്ന നിലയിലേക്കെത്തി. ക്രീസിലെത്തിയ കാര്‍ത്തിക് റൂബല്‍ ഹുസൈന്റെ ഓവറിലെ ആദ്യ പന്ത് സിക്സര്‍ പറത്തി. തൊട്ടടുത്ത പന്ത് ഫോര്‍, അടുത്ത ബോള്‍ സിക്സ്, അവസാന ബോള്‍ ഫോര്‍. 19ാം ഓവറില്‍ 22 റണ്‍സ് പിറന്നതോടെ ഇന്ത്യക്ക് ജയിക്കാന്‍ ആറ് പന്തില്‍ 12 റണ്‍സ്. പിന്നീട് അവസാന ഓവറിലെ അവസാന പന്തില്‍ തകര്‍പ്പന്‍ സിക്സോടെ കാര്‍ത്തിക് ഇന്ത്യക്ക് അവിസ്മരണീയ കിരീടം സമ്മാനിക്കുകയായിരുന്നു. എട്ട് പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 29 റണ്‍സാണ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ (56) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് പ്രതീക്ഷ നല്കുന്ന തുടക്കമാണ് തമിം ഇക്ബാലും (15) ലിറ്റന്‍ ദാസും (11) ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ രണ്ടോവറില്‍ 10 റണ്‍സ് ശരാശരയില്‍ റണ്‍സ് മുന്നേറിയെങ്കിലും നാലാം ഓവനറില് വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട് പൊളിച്ചു. ലിറ്റണ്‍ ദാസിനെ സുന്ദര്‍ സുരേഷ് റെയ്നയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ യുസ്വേന്ദ്ര ചാഹലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച തമിം ഇക്ബാലിനെ ബൗണ്ടറി ലൈനിനടുത്തുവച്ച് ശര്‍ദുല്‍ ഠാക്കൂര്‍ കൈയിലാക്കുകയായിരുന്നു. രണ്ടാമനായി ഇക്ബാല്‍ മടങ്ങുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ബോര്‍ഡ് 4.2 ഓവറില്‍ രണ്ട് വിക്കറ്റിന് 27 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സാബിര്‍ റഹ്മാന് (77) ഒരുവശത്ത് പോരാട്ടം തുടര്‍ന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഒരു റണ്‍സെടുത്ത സൗമ്യ സര്‍ക്കാരെ ചാഹല്‍ ധവാന്റെ കൈകളിലെത്തിച്ചു മടക്കി. അധികം വൈകാതെ ചാഹലിന്റെ സ്പിന്‍ കുരുക്കില്‍ വെടിക്കെട്ട് ബാറ്റ്സ്മാന് മുഷ്ഫിഖര്‍ റഹീമും (9) വീണതോടെ ബംഗ്ലാദേശ് സമ്മര്‍ദത്തിലായി. നാലാമനായി മുഷ്ഫിഖര്‍ പുറത്താവുമ്പോള്‍ 10.2 ഓവറില്‍ നാല് വിക്കറ്റിന് 68 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഒരു വശത്ത് പിടിച്ചുനിന്ന സാബിര്‍ കൂറ്റന്‍ ഷോട്ടുകളിലൂടെ ബംഗ്ലാദേശിന്റെ സ്കോര്‍ ഉയര്‍ത്തി.
ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക മല്‍സരത്തിലെ ബംഗ്ലാദേശിന്റെ വിജയ ശില്പി മഹമ്മൂദുല്ല (21) സാബിറിന് പിന്തുണയേകിയതോടെ ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്ക് കുതിച്ചു. മികച്ച രീതിയില്‍ ഇരുവരും മുന്നേറവെ മഹമ്മൂദുല്ല റണ്ണൗട്ടായി മടങ്ങി. അധികം വൈകാതെ നായകന് ഷക്കീബ് അല്‍ഹസനും റണ്ണൗട്ടായി കൂടാരം കയറി. 19ഓവറില്‍ വെടിക്കെട്ട് ബാറ്റിങോടെ കളം വാണ സാബിര്‍ റഹ്മാനെ ജയദേവ് ഉനദ്ഘട്ടും പുറത്താക്കി. 50 പന്തില്‍ ഏഴ് ഫോറും നാല് സിക്സറും പറത്തിയ സാബിറിനെ ഉനദ്ഘട്ട് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് അവസാന ഓവറില്‍ മെഹതി ഹസന് നടത്തിയ ബാറ്റിങ് വെടിക്കെട്ട് (19) ബംഗ്ലാദേശ് സ്കോര്‍ബോര്‍ഡിനെ 166 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്തിക്കുകയായിരുന്നു.
ഇന്ത്യക്കുവേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്ഘട്ട് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.