|    Sep 22 Fri, 2017 5:00 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

അവസാനിക്കാത്ത കശ്മീര്‍ പ്രശ്‌നം

Published : 24th September 2016 | Posted By: SMR

പി അര്‍ഷക്

”ബുര്‍ഹാന്‍ തേരെ ഖൂന്‍ സെ, ഇന്‍ക്വിലാബ് ആയേഗാ.” (ബുര്‍ഹാന്‍, നിന്റെ രക്തം വിപ്ലവം കൊണ്ടുവരും).
കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം കശ്മീരില്‍ ഉടലെടുത്ത പ്രക്ഷോഭവേളയില്‍ നിരന്തരം ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളില്‍ ഒന്നാണിത്. മുമ്പൊന്നുമില്ലാത്തവിധം കൂടുതല്‍ ശക്തമായ പ്രക്ഷോഭമാണിതെന്ന് ഇതിനോടകം പലരും വിലയിരുത്തിക്കഴിഞ്ഞു. പ്രക്ഷോഭം മൂന്നാംമാസമായപ്പോള്‍ മരണമടഞ്ഞത് 86 പേരാണ്. ഭാഗികമായ പരിക്കുകളോടെ കഴിയുന്നവര്‍ 13,000ത്തിലധികവും. 1989നു ശേഷം മാത്രം കശ്മീരില്‍ കൊല്ലപ്പെട്ടത് 70,000 പേരാണ്. കാണാതായവരുടെ എണ്ണം 8,000 കവിയും. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറിയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒട്ടേറെ പട്ടാളക്കാര്‍ മരണമടഞ്ഞതോടെ പ്രശ്‌നം വീണ്ടും ലോകശ്രദ്ധയില്‍ വന്നിരിക്കുന്നു.
കശ്മീര്‍ പ്രശ്‌നം ഇത്ര സങ്കീര്‍ണമായതിന്റെ അടിസ്ഥാന കാരണം അതിനു രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ അഭാവമാണ്. പ്രശ്‌നത്തെ സൈനികമായി പരിഹരിക്കാന്‍ കഴിയില്ലെന്നു സൈനിക മേധാവികള്‍ തന്നെ പറയുന്നു. താഴ്‌വരയില്‍ എത്ര ചോര ഒഴുക്കേണ്ടി വന്നാലും അവിടത്തെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കരുതെന്ന ജനസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ബല്‍രാജ് മധോകിന്റെ വാക്കുകള്‍ ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. മധോകിന്റെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?
പക്ഷംപിടിച്ച മാധ്യമ റിപോര്‍ട്ടുകളുടെ കാലത്ത് കശ്മീരിനെക്കുറിച്ചുള്ള വസ്തുതാപരമായ ജ്ഞാനസമ്പാദനം ധീരമായ പ്രവൃത്തിയാണ്. കശ്മീരിന്റെ അനിഷേധ്യ ദേശീയ നേതാവായിരുന്ന ശെയ്ഖ് അബ്ദുല്ലയ്ക്കാണ് ഫ്യൂഡല്‍ ഭരണാധികാരിയായ രാജ ഹരിസിങിനെക്കാള്‍ കൂടുതല്‍ ജനസമ്മതിയെന്നും അദ്ദേഹമാണ് കശ്മീരി ജനതയുടെ ജനാധിപത്യാഭിലാഷങ്ങളെ പ്രതിനിധീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യനെന്നും നെഹ്‌റുവിന് നന്നായറിയാമായിരുന്നു. അതുകൊണ്ടുതന്നെ ശെയ്ഖ് അബ്ദുല്ല സമ്മതിച്ച ശേഷമാണ് ഹരിസിങുമായി ലയനക്കരാര്‍ ഉണ്ടാക്കാന്‍ നെഹ്‌റു തയ്യാറായത്.
1947 ഒക്ടോബര്‍ 27ന് ഇന്ത്യ ലയനക്കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ കശ്മീരിന് സ്വയംഭരണം ഉറപ്പുനല്‍കിയിരുന്നു. പിന്നീട് 1948ല്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിനു മധ്യസ്ഥതവഹിച്ച ഐക്യരാഷ്ട്രസഭയ്ക്കു പ്രവിശ്യയില്‍ ഹിതപരിശോധന നടത്താമെന്നും ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ജനസംഖ്യയില്‍ 90 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകള്‍ പാകിസ്താന് അനുകൂലമായി വോട്ട് ചെയ്യുമോ എന്ന ഭയമായിരുന്നു തത്ത്വത്തില്‍ അംഗീകരിച്ചിട്ടും ഹിതപരിശോധനയില്‍നിന്നു പിന്മാറാന്‍ നമുക്ക് പ്രേരണയായത്. പാകിസ്താനില്‍ ചേരാനോ ഇന്ത്യയില്‍ ലയിക്കാനോ അല്ല, മറിച്ച് സ്വതന്ത്രമായി നിലകൊള്ളാനാണ് കശ്മീരികള്‍ കൊതിക്കുന്നതെന്നാണ് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുന്നത്.
അന്നു തുടങ്ങിയ ജനരോഷമാണ് ഇന്നും കെടാതെ കത്തുന്നത്. ഓരോ ദിവസവും കൊല്ലപ്പെടുന്ന കശ്മീരികള്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഭീകരവാദികളാണ്. എന്നാല്‍, കശ്മീര്‍ ജനതയെ സംബന്ധിച്ചിടത്തോളം അവരെല്ലാം സ്വാതന്ത്ര്യസമര സേനാനികളാണ്. ആ വികാരമാണ് ബുര്‍ഹാന്റെ രക്തം വിപ്ലവം കൊണ്ടുവരും എന്ന മുദ്രാവാക്യമുയര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്.
പ്രക്ഷോഭത്തെ ചെറുത്തുതോല്‍പിക്കാന്‍ വേണ്ടി സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളോ കശ്മീരിലെ സൈനിക വിന്യാസത്തിലെ ഹിന്ദുത്വശക്തികളുടെ പങ്കോ ഇതേവരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. താലിബാനെതിരേ ശബ്ദമുയര്‍ത്തി പ്രശസ്തയായ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ്‌സായ് കശ്മീരിലെ അടിച്ചമര്‍ത്തലിനെതിരേ സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് ഒരു പാകിസ്താനി പെണ്‍കുട്ടി മാത്രമായി. ഇന്ത്യയില്‍ മലാലയെയും മലാല കാംപയിനെയും പിന്തുണച്ച് സ്തുതിപാടിയവര്‍ അവരുടെ വാക്കുകള്‍ അവഗണിച്ചു.
പ്രവിശ്യയിലെ തെറ്റായ നടപടികളെ ന്യായീകരിക്കാന്‍ ആവശ്യമായവിധത്തില്‍ മൗനത്തിലാണ് ഭൂരിപക്ഷം വരുന്ന ബുദ്ധിജീവികളും മനുഷ്യാവകാശപ്രവര്‍ത്തകരും. ഈ മൗനം തുടരുന്നിടത്തോളം കാലം കശ്മീരും കശ്മീരികളും കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നവരും സംശയത്തിന്റെ നിഴലിലാവും. അവര്‍ക്ക് എളുപ്പത്തില്‍ ഭീകരവാദപട്ടം ലഭിക്കുകയും ചെയ്യും. രൂപംകൊണ്ട് കശ്മീരിയെപ്പോലെ തോന്നുന്നു എന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് ആക്രമണം നേരിടേണ്ടിവരുന്നതും കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിക്കുന്നവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരുന്നതും അതുകൊണ്ടാണ്.
1946 ആഗസ്ത് ആറിന് കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ഗാന്ധിജി നടത്തിയ പ്രസ്താവന ഇന്ന് ഏറെ പ്രസക്തമാണ്: ”ജമ്മുകശ്മീരിന്റെ ഭാവി നിശ്ചയിക്കേണ്ടത് അവിടത്തെ ജനങ്ങളുടെ ഇച്ഛയാണ്. ജനങ്ങളുടെ ഇച്ഛയെന്തെന്ന് മനസ്സിലാക്കാനുള്ള നീതിപൂര്‍ണമായ ശ്രമങ്ങളുണ്ടാവണം. എത്രത്തോളം നേരത്തേ അത് ചെയ്യുന്നുവോ അത്രത്തോളം നല്ലത്.”

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക