|    Jun 18 Mon, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അവസാനം കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു

Published : 15th October 2016 | Posted By: SMR

കൊച്ചി:കാത്തിരിപ്പുകള്‍ക്കു വിരാമം. ഐഎസ്എല്‍ മൂന്നാം സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യജയം . കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുകുത്തിച്ചാണ് കേരളം വിജയമാഘോഷിച്ചത്.
ടീമുടമകളിലൊരാളായ സചിനും ഭാര്യയും ഉള്‍പ്പെട്ട സ്വന്തം നാട്ടിലെ മൈതാനത്ത് തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയായിരുന്നു കേരളത്തിന്റെ ജയം. മൈക്കിള്‍ ചോപ്ര കളിയുടെ 58ാം മിനിറ്റില്‍ നേടിയ ഗോളാണ് കേരളത്തിന് ആദ്യജയം നല്‍കിയത്.
ആദ്യ മല്‍സരങ്ങളിലെ പിഴവുകള്‍ തീര്‍ക്കാന്‍ ആര്‍ത്തിരമ്പുന്ന സ്വന്തം കാണികള്‍ക്കുമുന്നില്‍ പുതിയ തന്ത്രങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. . ആദ്യ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 4-2-3-1 ശൈലിയിലാണ് കേരളമിറങ്ങിയത്. മുഹമ്മദ് റാഫി മൈക്കിള്‍ ചോപ്ര, മുഹമ്മദ് റഫീക്ക്, കെര്‍വന്‍സ് വെല്‍ഫോര്‍ട്ട് എന്നീ നാല് സ്‌ട്രൈക്കര്‍മാരുമായാണ് കേരളം പോരിനിറങ്ങിയത്.
ലക്ഷ്യമില്ലാതെ ആദ്യപകുതി

കളിയുടെ ആദ്യം മുതല്‍ക്കേ അക്രമിച്ച് കളിച്ച ഇരുടീമുകളും ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചുകൊണ്ടേയിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം മുഹമ്മദ് റാഫി പാഴാക്കി.  റാഫിക്ക് നീട്ടികിട്ടിയ പാസ് ക്രിത്യമായി കണക്ട് ചെയ്ത് ലക്ഷ്യത്തിലെത്തിക്കാന്‍ റാഫിക്കായില്ല. റാഫിയുടെ ഷോട്ട് മുംബൈ ഗോളിക്ക് ഭീഷണി ഉയര്‍ത്താതെ കടന്നുപോയി. കളിയുടെ 30ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മൈക്കിള്‍ ചോപ്രയുടെ സൂപ്പര്‍ ഷോട്ട് മുംബൈ പ്രതിരോധ നിരയെ ഭേദിക്കാനായില്ല.  പിഴവുകള്‍ ആവര്‍ത്തിച്ച മൈക്കിള്‍ ചോപ്ര ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കി. കളിയുടെ 45ാം മിനിറ്റില്‍ ഇടത് വിങില്‍നിന്ന് ലഭിച്ച സൂപ്പര്‍ പാസ് ചോപ്ര പിടിച്ചെടുത്ത് ഷൂട്ട് ചെയ്‌തെങ്കിലും മുംബൈ ഗോളിയുടെ കൈയില്‍ തട്ടി പുറത്തുപോയി.
കളിയുടെ അതികനേരവും പന്തു കൈവശംവെച്ച് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ പകുതി പിരിയുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സീസണില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത നിരാശയുമായാണ് താരങ്ങള്‍ പിരിഞ്ഞത്.
ജയിക്കാനുള്ള രണ്ടാപകുതി
ഗോള്‍ നേട്ടം മാത്രം മുന്നില്‍കണ്ട് ഇരുടീമുകളും രണ്ടാം പകുതിയില്‍ പോരടിച്ചപ്പോള്‍ മല്‍സരം തൂടുതല്‍ ആവേശകരമായി. കളിയുടെ 52ാംമിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എന്‍ഡോറയുടെ തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോളി തടഞ്ഞിട്ടു. 58ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണിലെ ആദ്യ ഗോള്‍ ചോപ്രയിലൂടെ സ്വന്തമാക്കിയപ്പോള്‍ കൊച്ചി മൈതാനം ആദ്യ ജയത്തിന്റെ ആര്‍പ്പുവിളികളോടെ ഇളകി മറിഞ്ഞു. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ട് തുറക്കാനുള്ള ഭാഗ്യം മൈക്കിള്‍ ചോപ്രയുടെ പേരിലായി. ഗോല്‍ നേട്ടത്തോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച ബ്ലാസ്റ്റേഴ്‌സ് മുംബൈ ഗോള്‍ പോസ്റ്റില്‍ അക്രമണം അഴിച്ചുവിട്ടു. കളിയുടെ 80ാം മിനിറ്റില്‍ ചോപ്രയെ തിരികെ വിളിച്ച് അന്റോണിയോ ജര്‍മനെ കളത്തിലിറക്കി അറ്റാക്കിങ് ശക്തമാക്കി.ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ടീമിലേക്ക് തിരിച്ചെത്തിയത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയി.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മൂന്ന് കളികളില്‍ രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങുകയും ഒരു മല്‍സരം സമനിലയില്‍ പിരിയുകയും ചെയ്തിരുന്നു.
ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒകു ഗോളിന് തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും ഒരു ഗോളിന് മുട്ടുമടക്കി. മൂന്നാം മല്‍സരത്തില്‍ അടിമുടി മാറ്റവുമായി ഇറങ്ങിയെങ്കിലും ഡെല്‍ഹി ഡൈനാമോസിനോട് ഗോള്‍ രഹിത സമനില വഴങ്ങി ഒരു പോയിന്റ് സ്വന്തമാക്കി.
കരുത്തരായ മുംബൈ ആദ്യ രണ്ട് മല്‍സരത്തിലെ വിജയത്തിന് ശേഷം മൂന്നാം മല്‍സരം സമനിലയും വഴങ്ങിയിരുന്നു. ആദ്യ മല്‍സരത്തില്‍ കരുത്തരായ പൂനെ സിറ്റിയെ ഒരു ഗോളിന് തകര്‍ത്താണ് മുംബൈ മൂന്നാം സീസണ്‍ തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും മുംബൈ ഒരു ഗോളിന് കീഴ്‌പ്പെടുത്തി.
എന്നാല്‍ മൂന്നാം മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരേ 1-1 സമനില മുംബൈക്ക് തിരിച്ചടിയായി. ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ തോല്‍വി മുംബൈക്ക് തലപ്പെത്താനുള്ള അവസരം തട്ടിത്തെറിപ്പിച്ചു.
സീസണിലെ ആദ്യ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം ഗ്രൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. അടുത്ത മല്‍സരത്തില്‍ പൂനെ സിറ്റിയുമായി അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേ്‌സിന്റെ അടുത്ത പോരാട്ടം.ആദ്യ ജയത്തോടെ കൂടുതല്‍ വിജയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss