|    Nov 19 Mon, 2018 7:35 pm
FLASH NEWS
Home   >  National   >  

അവസാനം കേന്ദ്രം അംഗീകരിച്ചു: ജസ്റ്റിസ് കെഎം ജോസഫ് സുപ്രിംകോടതി ജഡ്ജിയാവും

Published : 3rd August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കെഎം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ജൂലൈയില്‍ സുപ്രിംകോടതി കൊളീജിയം നിര്‍ദ്ദേശിച്ച മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കെ എം ജോസഫ്. ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരാണ് കേന്ദ്രം അംഗീകരിച്ച പട്ടികയിലുള്ള മറ്റു രണ്ടുപേര്‍.ജനുവരി ആദ്യമാണ് ജസ്റ്റിസ് ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എകെ സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയം ശുപാര്‍ശ ചെയ്തത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ തിരിച്ചയച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
സുപ്രിംകോടതിയില്‍ കേരളത്തിന് പ്രാതിനിധ്യം കൂടുമെന്നാണ് ശുപാര്‍ശ തിരിച്ചയക്കാന്‍ പ്രധാന കാരണമായി കേന്ദ്രസര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അന്ന് ജസ്റ്റിസ് കെ എം ജോസഫിനൊപ്പം സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ പുനപ്പരിശോധിക്കണമെന്നാണ് കേന്ദ്രം കൊളിജിയത്തോട് ആവശ്യപ്പെട്ടത്.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സീനിയോറിറ്റിയില്‍ ജസ്റ്റിസ് കെ എം ജോസഫ് 42ാം സ്ഥാനത്തും ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ 11ാം സ്ഥാനത്തുമാണെന്നും നിയമമന്ത്രാലയം ചൂണ്ടികാണിച്ചിരുന്നു. അതേസമയം, സീനിയോറിറ്റിയില്‍ പിന്നിലാണെങ്കിലും ഇന്ന് പദവിയിലിരിക്കുന്ന ചീഫ് ജസ്റ്റിസുമാരിലും ജഡ്ജിമാരിലും ഏറ്റവും മികച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ എം ജോസഫ് എന്ന വിലയിരുത്തലോടെയാണ് ജനുവരിയില്‍ അഞ്ചംഗ കൊളീജിയം ഐകകണ്‌ഠ്യേന അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.
എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി അധികാരദുര്‍വിനിയോഗത്തിന്റെ പരിധിയില്‍ വരുമെന്നും ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നും കൊളീജിയത്തിലെ അംഗം കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അഖിലേന്ത്യാ സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് കെ എം ജോസഫ് 42ാം സ്ഥാനത്താണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റി എടുത്താലും അദ്ദേഹം 11ാം സ്ഥാനത്താണ്.കെ എം ജോസഫിന്റെ മാതൃ ഹൈക്കോടതി കേരള ഹൈക്കോടതിയാണ്. അദ്ദേഹത്തെ നിയമിച്ചാല്‍ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിന് രണ്ടുപേരുണ്ടാവും. കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യമുണ്ട്. വിവിധ ഹൈക്കോടതികളിലും കേരളത്തിന്റെ പ്രാതിനിധ്യം കൂടുതലാണ്.
കെ എം ജോസഫിന് പുറമെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയുടെയും ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസുമാരാണ്. ഇവരുടെ മാതൃ ഹൈക്കോടതിയും കേരളമാണ്. കല്‍ക്കത്ത, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ ഹൈക്കോടതികള്‍ക്ക് നിലവില്‍ സുപ്രിംകോടതിയില്‍ പ്രാതിനിധ്യമില്ല. സുപ്രിംകോടതിയില്‍ കഴിഞ്ഞ കുറേക്കാലമായി പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യമില്ലെന്നുമാണ് ജോസഫിനെ തള്ളാനായി കേന്ദ്രം ഉന്നയിച്ച ന്യായങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss