|    Jan 21 Sat, 2017 5:40 am
FLASH NEWS

അവര്‍ ‘സലഫി’യെ തേടിയെത്തി

Published : 17th August 2016 | Posted By: SMR

എം അബ്ദുല്ല

ഒരു ദുരന്തവും ആഘോഷിക്കപ്പെടേണ്ടതല്ല, വിശേഷിച്ചും ചരിത്രം ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍. അഗാധമായ ദുഃഖത്തോടെയാണ് ഒട്ടു പ്രകോപനപരമായ ഈ കുറിപ്പിന്റെ തലവാചകം കുറിച്ചിടുന്നത്. ‘വയലിലെ പണിയെയും വരമ്പത്തെ കൂലിയെയും’ കുറിച്ച് ഒരുപാട് പറയപ്പെടുന്നകാലവുമാണല്ലോ നമ്മുടേത്. മാര്‍ട്ടിന്‍ നിയമെല്ലര്‍ക്ക് സ്തുതി! പത്തെഴുപത്തഞ്ച് കൊല്ലം മുമ്പ് അങ്ങ് എന്റെ നാടിന്റെ വിധി മറ്റേതോ മൂര്‍ത്ത സാഹചര്യങ്ങളില്‍നിന്നാണെങ്കിലും എത്ര കൃത്യമായി പ്രവചിച്ചു! ഇന്നലെ രാത്രിയും പകലും ടെലിസ്‌ക്രീനുകള്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരുന്ന വാര്‍ത്തയുടെ പിന്നാമ്പുറത്തിന്റെ വസ്തുതകള്‍ എന്തെന്നു പറയാന്‍ ഈ കുറിപ്പുകാരനാളല്ല. പക്ഷേ, അനേകകാലം, ആഗോള സലഫിസത്തിന്റെ പ്രാദേശിക വിപണനക്കാര്‍ അറിഞ്ഞോ അറിയാതെയോ എടുത്തണിഞ്ഞ ഒറ്റന്റെ ഒരു റോളുണ്ടായിരുന്നു. ‘അതാ പോവുന്നു പിടിച്ചോ, ഭീകരനാണാ പോവുന്നത്’ എന്ന മട്ടില്‍. പലതുകൊണ്ടും അരക്ഷിതത്വത്തിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പുന്ന ഒരു സമുദായത്തില്‍ ഏതെങ്കിലും തരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമങ്ങള്‍ എപ്പോഴെല്ലാം നടന്നുവോ അപ്പോഴൊക്കെ രാജ്യദ്രോഹത്തിന്റെ/ഭീകരതയുടെ കുടംകൊണ്ട് അതിനെ തല്ലിത്തകര്‍ക്കുന്ന ഫാഷിസത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ ഒരൊളിയമ്പ് സലഫി പ്രഭാഷകന്‍ എപ്പോഴും കൂടെ കരുതിയിരുന്നു. തങ്ങളല്ലാത്ത സമുദായത്തിലെ മുഴുവന്‍ ഉപവിഭാഗങ്ങള്‍ക്കു നേരെയും സമയാസമയങ്ങളില്‍ അതവര്‍ പ്രയോഗിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ വരേണ്യ ഫാഷിസ്റ്റ് ആഭിമുഖ്യങ്ങള്‍ എക്കാലവും ഈ സമുദായത്തില്‍ ഒരു ഭീകരനെ ഉടുത്തൊരുക്കി നിര്‍ത്തിയിരിക്കുന്നുവെന്നത് അക്ഷരാന്വേഷണ വിദഗ്ധരായ, വേദങ്ങളെ അക്ഷരങ്ങളില്‍ ഒതുക്കി വായിക്കാന്‍ സമര്‍ഥരായ ശുദ്ധമതോപാസകരുടെ ജ്ഞാനാന്വേഷണ തൃഷ്ണയില്‍പ്പെടാതെ പോവാന്‍ വഴിയില്ല.
അതെപ്പോഴും അങ്ങനെയായിരുന്നു- ചന്ദ്രഗുപ്തന് കൗടില്യന്‍ എന്ന ബ്രാഹ്മണന്‍ രാഷ്ട്രമീമാംസയുടെ കുടിലസൂത്രങ്ങള്‍ എഴുതിയും ചൊല്ലിയും പഠിപ്പിക്കുന്നതിനു മുമ്പുതന്നെ. ദൈവം തുല്യരായി സൃഷ്ടിച്ച മനുഷ്യന്റെ മേല്‍ മറ്റൊരു മനുഷ്യന്‍ ആധിപത്യം നേടാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് മനുഷ്യന് ഒരു സുഹൃത്തില്ലാതെ ജീവിക്കാം, ഒരു ശത്രുവില്ലാതെ വയ്യെന്നായിരുന്നു ചരിത്രം. രാഷ്ട്രവ്യവഹാരം ഒരു സ്ഥാപിതാധികാരമായതോടെ കാലാകാലങ്ങളില്‍ ‘ശത്രുനിര്‍മാണം’ വെറുമൊരു കുടില്‍വ്യവസായമായിരുന്നില്ല, അതൊരു സെസ് വ്യവസായം തന്നെയായിരുന്നു മനുഷ്യന്. പൊതുനന്മ എന്ന് രാഷ്ട്രാധികാരം നിര്‍വചിക്കുന്ന സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ബലിയാവുക എന്നതാണ് ഒരു ശരാശരി പൗരന്റെ കടമയെന്ന് രാഷ്ട്രതന്ത്രവ്യവഹാരങ്ങള്‍ നമ്മെ നിരന്തരം അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘രക്തവും വിയര്‍പ്പും തരുക,’ രാജ്യത്തിന് എന്തു നല്‍കി എന്നു ചോദിക്കുക, രാജ്യം എന്തുനല്‍കി എന്നല്ല എന്നതു മുതല്‍ക്ക് ഭ്രാന്തമായ ദേശീയതയുടെ പച്ചയായ ഇരമ്പലുകള്‍ വരെയ്ക്കും സാധുവായ പൗരന്റെ അവകാശങ്ങള്‍ നിശ്ശബ്ദമാക്കാന്‍ ശക്തമായ ഉപായങ്ങള്‍ വരേണ്യ ഫാഷിസ്റ്റാഭിമുഖ്യങ്ങള്‍ എക്കാലവും പ്രയോഗിച്ചുവന്നിരുന്നു. സ്ത്രീകള്‍, അംഗപരിമിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിമനിവാസികള്‍, നിറവും അറിവും തെളിയാത്തവര്‍- പാര്‍ശ്വവല്‍കൃതരുടെ ഒരു നിരതന്നെ ബലിയിടാനായി അധികാരിവര്‍ഗം ഒരുക്കിനിര്‍ത്തിയിരുന്നു. ലോകത്തെവിടെയും ഈ സ്ഥിതിവിശേഷം മറികടക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളെയാണു നാം മനുഷ്യന്റെ സാംസ്‌കാരികചരിത്രം എന്ന നിലയില്‍ എഴുതിവായിക്കുന്നത്.
സംഗതിവശാല്‍ ബ്രിട്ടിഷുകാരന്റെ ഭരണം മുതല്‍ക്ക് ഇന്ത്യയില്‍ ‘ശത്രുവാകാന്‍’ നിയോഗം വന്നുചേര്‍ന്ന വിഭാഗങ്ങളില്‍ ഒന്നാമത് മുസ്‌ലിംകളായി. പലരും ആരോപിക്കുന്നതുപോലെ യേശുവിന്റെ മതം ക്രിസ്ത്യാനിയുടെ അധികാരമായി പരിണമിച്ച ചരിത്രസാഹചര്യങ്ങള്‍ക്ക് അതില്‍ പങ്കുണ്ടാവാം. ഗോത്രങ്ങള്‍ സാമ്രാജ്യങ്ങളും ഗോത്രപ്രമുഖര്‍ രാജാക്കന്മാരുമായി തീരുകയും പടയോട്ടങ്ങളും വെട്ടിപ്പിടിത്തങ്ങളും സുരക്ഷയുടെ ആവശ്യങ്ങള്‍ വിട്ട് വിനോദങ്ങളും അഭിമാനവിജ്രംഭണങ്ങളുമായി തീര്‍ന്ന് ചരിത്രത്തില്‍ ശത്രുനിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ക്ക് ക്ഷാമമില്ലാതായിത്തീര്‍ന്നത് മറ്റൊരു കാരണവുമാവാം. ഒരര്‍ഥത്തില്‍ ദുരന്തമായിത്തീര്‍ന്ന ഇന്തോ-പാക് സ്വാതന്ത്ര്യപ്രഖ്യാപനം ഉപഭൂഖണ്ഡത്തില്‍ ശത്രുനിര്‍മാണത്തെ ഒരു ഹോള്‍സെയില്‍ ഇടപാടാക്കുകയും ചെയ്തു. അതിരിന്റെ ഇരുഭാഗത്തും അന്തമില്ലാത്ത ദുരന്തങ്ങള്‍ അത് വരുത്തിവച്ചു. നാട് മാത്രമല്ല, മനസ്സുകളും വിഭജിതമായി. അതിര്‍ത്തിക്കിരുവശത്തു മാത്രമല്ല, അതിരുകള്‍ക്കകത്തും. ജീവിതമെന്നത് പലര്‍ക്കും വെറും നിലനില്‍പായിത്തീര്‍ന്നു. രാഷ്ട്രം നിര്‍മിക്കാന്‍ തയ്യാറാക്കിയ മഹത്തായ മൂല്യങ്ങള്‍ പലതും വ്യര്‍ഥമായ പാനോപചാരങ്ങളായിത്തീര്‍ന്നു. ആഹാരവും വസ്ത്രവും ആശിര്‍വാദ ഉപചാരങ്ങളും ആചാരങ്ങളും നല്‍കിയ വൈവിധ്യങ്ങളോരോന്നും ‘ശത്രുനിര്‍മാണ’ത്തിന് അനന്തസാധ്യതകളാണ് സൃഷ്ടിച്ചത്. നെഹ്‌റു സവര്‍ക്കര്‍ക്കും ഗാന്ധിജി ഗോഡ്‌സെയ്ക്കും വഴങ്ങിയതോടെ വര്‍ത്തമാന ഇന്ത്യയില്‍ ഈ വ്യവസായത്തിന് ഉടുപ്പഴിഞ്ഞാടാന്‍ പേടിക്കേണ്ടതില്ലെന്നുവന്നു. ചോരപ്പുഴകള്‍ ഉറഞ്ഞാണ്  1947ല്‍ രണ്ടു രാജ്യങ്ങളുടെ അതിരുകള്‍ രൂപപ്പെട്ടതെന്നു പറയുന്നു. അതിലും കാണുമായിരുന്നു മാനവികതയുടെ ഒരുപാട് തിരയിളക്കങ്ങള്‍. സാദത്ത് ഹസന്‍ മാന്‍തോയെയോ ഭീഷ്മസാഹിനിയെയോ വായിക്കുമ്പോള്‍ നാം കണ്ടെത്തുന്ന അത്തരം ചെറുതിരികള്‍ ഊതിയണയ്ക്കുന്ന കൊടുങ്കാറ്റിന്റെ ഇരമ്പമാണ് ചക്രവാളത്തില്‍.
വിഭജനത്തിന്റെ 69 വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് ഒരു തലമുറ മുഴുവന്‍ വന്നേടത്തേക്ക് മടങ്ങിയ ശേഷവും നടേ പറഞ്ഞ ശത്രുനിര്‍മാണവ്യവസായം വന്‍ കുതിപ്പ് നേടിക്കൊണ്ടിരിക്കുകയാണ്. കാളനും കാളയ്ക്കും തമ്മിലെന്ത് എന്ന് മനുഷ്യത്വമുള്ളവര്‍ക്കാര്‍ക്കും ചോദിക്കാന്‍ വയ്യാത്തവിധം മലീമസമായ ഒരന്തരീക്ഷത്തില്‍ അവര്‍ സലഫിയെ തേടിയുമെത്തി. ചരിത്രത്തെയും വര്‍ത്തമാനത്തെയും വസ്തുനിഷ്ഠമായി വിലയിരുത്തി രാജ്യത്തോടൊപ്പം നില്‍ക്കേണ്ടിയിരുന്നവര്‍ ‘ഉപരാജ്യങ്ങള്‍’ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം അറിഞ്ഞോ അറിയാതെയോ ഒത്തുപാട്ടുകാരാവുകയായിരുന്നല്ലോ. അവര്‍ ഭീകരനെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ മല്‍സരിച്ചുകൊണ്ടിരുന്നു. വിഭജനത്തിനു മുമ്പ് മുസ്‌ലിം ലീഗുകാരായിരുന്നു, വിഭജനത്തോടെ റസാക്കര്‍മാര്‍, തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി, പിഡിപി, എന്‍ഡിഎഫ്, ജിന്ന മുതല്‍ സേട്ടും ഉവൈസിയും വരെ… ഗുലാംനബി ആസാദ് പോലും രക്ഷപ്പെടാത്തവിധം ചാപ്പകുത്തപ്പെട്ട ‘രാജ്യദ്രോഹികള്‍’ക്കൊപ്പം ത്വരീഖത്തുകാരും തബ്‌ലീഗുകാരും സാക്കിര്‍ നായിക്കും സലഫി പള്ളിയിലെ ഖത്തീബും അണിചേരാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പറയുന്നതും ചെയ്യുന്നതും എന്തെന്നല്ല, ബാബു ബജ്‌രംഗിയോ സാധ്വി പ്രാചിയോ അസദുദ്ദീന്‍ ഉവൈസിയോ സുലൈമാന്‍ സേട്ടോ കനയ്യകുമാറോ അരുന്ധതി റോയിയോ ആരാണ് പറയുന്നതെന്നാണ് രാജ്യദ്രോഹവും മതദ്രോഹവും എന്തെന്ന് ഇനിമേല്‍ നിശ്ചയിക്കുക.
ശത്രുനിര്‍മാണവ്യവസായികള്‍ക്ക് വേണ്ടതെന്തെന്ന് തിരിച്ചറിയാതെ പോയവരാണ് ഒടുവില്‍ താന്‍ തന്നെയുമാണ് അസംസ്‌കൃതവസ്തു എന്ന തിരിച്ചറിവിലേക്ക് നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇത് അസൂയാര്‍ഹമായ സാഹചര്യമല്ല. മിസയും പോട്ടയും യുഎപിഎയും പോലുള്ള ഒരിക്കലും അവസാനിക്കാന്‍ പോവുന്നില്ലാത്ത കരിനിയമങ്ങളുടെ ഘോഷയാത്ര വരേണ്യ ഫാഷിസ്റ്റ് താല്‍പര്യങ്ങളെ അലോസരപ്പെടുത്തുന്ന ഏതൊരു നെടുവീര്‍പ്പിന്റെയും കതകില്‍ ഏതു പാതിരാത്രിക്കും വന്നു മുട്ടാം. ഒട്ടും ആഹ്ലാദിക്കാവുന്ന കാലവുമല്ല ഇത്. ഒരുപിടി കര്‍മാനുഷ്ഠാനങ്ങളുടെ വ്യാഖ്യാനഭേദങ്ങളില്‍ തല തല്ലിക്കീറി ജീവിക്കുകയും ഒഴിവുവേളകളില്‍ കാംപയിന്‍ ആക്ടിവിസത്തിന്റെ ഉല്ലാസനൗകയേറി ചൂണ്ടും ഒറ്റുപാട്ടുമായി അര്‍മാദിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യയുടെ വര്‍ത്തമാനം എന്തെന്നറിയാന്‍ ഉണരേണ്ട സമയമായിരിക്കുന്നു. കാരണം, മാര്‍ട്ടിന്‍ നിയമെല്ലര്‍ പറഞ്ഞുവച്ചതുപോലെ ”അവര്‍ എന്നെ തേടി വന്നപ്പോള്‍ ഞാനൊറ്റയ്ക്കും അയല്‍പക്കങ്ങളെല്ലാം ശൂന്യവുമായിരുന്നു.” അങ്ങനെയാവാതെ തരമില്ലല്ലോ. അവിടെയൊക്കെ കതകുകളില്‍ മുട്ടുമ്പോള്‍ ഞാന്‍ അപഹാസ്യമായ മൗനത്തിലോ അര്‍മാദത്തിലോ ആയിരുന്നല്ലോ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 290 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക