|    Apr 20 Fri, 2018 10:23 pm
FLASH NEWS

അവര്‍ രണ്ടു പേര്‍; കൂടെ അല്ലാഹുവും

Published : 21st June 2016 | Posted By: sdq

ramadanമുഹമ്മദ് നബി (സ) പ്രവാചകനായിട്ട് പതിമൂന്ന് വര്‍ഷം പിന്നിട്ട സമയം. മക്കയില്‍ ശത്രുക്കളായ ഖുറെറശികളുടെ എതിര്‍പ്പ് മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുന്നു. സത്യ ദീനിന്റെ പ്രബോധനവുമായി മുന്നോട്ട് പോകാനാവത്ത അവസ്ഥ. സഹായമഭ്യര്‍ച്ചു ചെന്ന ത്വാഇഫിലാകട്ടെ മക്കയിലേതിനേക്കാള്‍ മോശമായിരുന്നു അവസ്ഥ. പ്രവാചകനെ ദേഹോപദ്രവമേല്‍പിക്കുക കൂടി ചെയ്തു അവര്‍.
തന്റെ ദീനിന് വളക്കൂറുളള ഒരു മണ്ണിനു വേണ്ടി പ്രവാചകന്‍ ആഗ്രഹിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു. നിരസിക്കപ്പെടാത്ത പ്രാര്‍ത്ഥനകളുടെ ഉടമയായ പ്രാവചകന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു. ഇരുള്‍ മൂടിയ ആകാശത്തില്‍ പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളായി ഇസ്ലാമിന്റെ പതാക വാഹകരാവാന്‍ യസരിബ് (മദീന)നിവാസികള്‍ മുന്നോട്ടു വന്നു.

യസരിബില്‍ നിന്നു വിശ്വാസികളായി ഹജ്ജിനു വന്നവര്‍ പ്രവാചകന്നുമായി രഹസ്യ ഉടമ്പടിയിലേര്‍പ്പെട്ടു.സ്വന്തം സ്തീകളെയും സന്താനങ്ങളെയും സംരക്ഷിക്കുന്നതു പോലെ പ്രവാചകനെയും സംരക്ഷിക്കുമെന്നവര്‍ പ്രതിജ്ഞ ചെയ്തു. പ്രവാചകനെയും അനുചരന്‍മാരെയും അവര്‍ യസിരിബിലേക്ക് ക്ഷണിച്ചു.
മര്‍ദ്ദനത്തിന്റെ പീഡകളേറ്റു വാങ്ങി തളര്‍ന്ന തന്റെ അനുചരന്മാരോട് സ്വാതന്ത്യത്തിന്റെയും വിമോചനത്തിന്റെയും പുതിയ തുരുത്തിലേക്ക് പലായനം ചെയ്യാന്‍ പ്രവാചകന്‍ കല്‍്പിച്ചു.ഒറ്റക്കും കൂട്ടായും വിശ്വാസികള്‍ യസരിബിലേക്ക് രഹസ്യമായി നീങ്ങിത്തുടങ്ങി. ഖുറൈശികളും വെറുതെയിരുന്നില്ല.കൊടിയ പീഡനങ്ങള്‍ കൊണ്ടും സാമൂഹിക ബഹിഷ്‌കരണം കൊണ്ടും അടിച്ചമര്‍ത്തി നിര്‍ത്തിയിരുന്ന ഈ പുതിയ പ്രസ്ഥാനത്തെ സ്വതന്ത്രമാക്കി വിട്ടാല്‍ അറേബ്യന്‍ ഉപദീപിലെ തങ്ങളുടെ മേധാവിത്തിനത് സമീപ ഭാവിയില്‍ തന്നെ ഭീഷണിയായിരിക്കുമെന്നവര്‍ മനസ്സിലാക്കി.
പാലായനം ചെയ്യുന്നവരെ കണ്ടെത്തി പിടികൂടി ഭീകര മര്‍ദ്ദനങ്ങളഴിച്ചു വിട്ടു കൊണ്ടിരുന്നു അവര്‍.എങ്കിലും ഇരുളിന്റെ മറവില്‍ പാത്തും പതുങ്ങിയും വിശ്വാസികളില്‍ ഭൂരിഭാഗവും പലായനം ചെയ്തു.വരാനിരിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഖുറൈശികള്‍ യോഗം ചേര്‍ന്നു. കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് മുഹമ്മദിനെ വെറുതെ വിട്ടാല്‍ അതു തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ മേധാവിത്വത്തിന്റെ അസ്തിവാരമിളക്കുമെന്നവര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. എല്ലാ ഗോത്ര പ്രതിനിധികളും ചേര്‍ന്ന് പ്രവാചകന്റെ വീട് വളയുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്യുക എന്നതായിരുന്നു പുതിയ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ അവര്‍ കണ്ട പോംവഴി.
വധഗൂഡാലോചനയെക്കുറിച്ചറിഞ്ഞ പ്രവാചകന്‍ പക്ഷേ പെട്ടെന്നു പലായനം ചെയ്തില്ല. മക്കയില്‍ അവശേഷിക്കുന്ന മുസ്ലിംകളില്‍ സാധ്യമാകുന്നത്ര ആളുകളെ പലായനം ചെയ്യിച്ച ശേഷമേ അദ്ദേഹം യാത്രക്കു തുനിഞ്ഞുളളൂ. മാത്രവുമല്ല അദ്ദേഹത്തിന് പലായനത്തിന് ദൈവികാനുമതി ലഭിക്കേണ്ടതുമുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പന കിട്ടിയ ഉടനെ അവിടുന്ന് ആത്മമിത്രമായ അബൂബക്കര്‍ സിദ്ദീഖിനെ കണ്ടു യാത്രക്കു തയ്യാറാവാന്‍ ആവശ്യപ്പെട്ടു.
അബൂബക്കറാവട്ടെ യാത്രക്കായി രണ്ടു ഒട്ടകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയായിരുന്നു. പ്രവാചകന്‍ രക്ഷപ്പെടുന്നത് തടയാന്‍ എല്ലാ ദിവസവും ഖുറൈശി യുവാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിനു കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.അങ്ങനെ യാത്ര പുറപ്പെടേണ്ടുന്ന ദിവസം രാത്രി പ്രവാചകന്‍ തന്റെ സഹചാരിയും പിതൃവ്യപുത്രനുമായ അലിയ്യുബ്‌നു അബീത്വാലിബിനെ തന്റെ കിടക്കയില്‍ കിടത്തി കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ച് വീടിനു പുറത്തേക്കു കടന്നു. കാവല്‍ക്കാരകട്ടെ പ്രവാചകന്റെ വിരിപ്പില്‍ ഉറങ്ങുന്ന അലിയെ മുഹമ്മദാണെന്നു തെറ്റിദ്ധരിച്ചു ശാന്തരായിരുന്നു.
പ്രവാചകനും അബൂബക്കറും നേരെ യസരിബിലേക്കു പോവുകയുണ്ടായില്ല.ശത്രുക്കള്‍ തങ്ങളെ പിന്തുടരുമെന്നവര്‍ക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ യസരിബിലേക്കുളള പരമ്പരാഗത മാര്‍ഗത്തിലൂടെ യാത്ര ചെയ്യാന്‍ അവര്‍ തുനിഞ്ഞില്ല. മക്കയുടെ തെക്കു ഭാഗത്തുളള സൗര്‍ ഗുഹ ലക്ഷ്യമാക്കിയാണവര്‍ നീങ്ങിയത്.
നേരം പുലര്‍ന്നപ്പോള്‍ പ്രവാചകന്‍ രക്ഷപ്പെട്ട വിവരം ഖുറൈശികള്‍ അറിഞ്ഞു. ഉരു വഴുതിപ്പോയതില്‍ കലി കയറിയ ശത്രുക്കള്‍ നാലു പാടും പരക്കം പാഞ്ഞു. മുഹമ്മദിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് നൂറു ഒട്ടകങ്ങള്‍ ഇനാം പ്രഖ്യാപിക്കപ്പെട്ടു. പ്രവാചകന്ും അബൂബക്കറും സൗര്‍ ഗുഹയില്‍ എത്തിച്ചേര്‍ന്നു.പ്രവാചകന്റെ സുരക്ഷയോര്‍ത്ത് അബൂബക്കര്‍ അത്യധികം അസ്വസ്ഥനായിരുന്നു. തങ്ങളുടെ ബദ്ധവൈരിയെയും തേടി ഖുറൈശികള്‍ സൗര്‍ ഗുഹയുടെ സമീപത്തുമെത്തി. ഗുഹാ പരിസരത്തുണ്ടായിരുന്ന ഒരു ഇടയനോട് അവര്‍ പ്രവാചകനെ തിരക്കി.ഇടയന്‍ പറഞ്ഞു.”അവര്‍ ഈ ഗുഹയിലുണ്ടെന്നു തോന്നുന്നു. എന്നാല്‍ ഞാന്‍ ആരെയും കണ്ടിട്ടില്ല.’
ഗുഹയുടെ ഉളളിലിരുന്നു കൊണ്ട് നബിയും അബൂബക്കറും ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.സൃഷ്ടി ശ്രേഷ്ഠനും അന്ത്യ പ്രവാചകനുമായ തന്റെ കൂട്ടുകാരന്റെ ജീവന്‍ അപകടത്തില്‍ പെട്ടതു തന്നെ എന്നു കരുതി അബൂബക്കര്‍ ഭയവിഹ്വലനായി വിയര്‍ത്തൊലിച്ചു. നബിയോട് ചേര്‍ന്നു നിന്നു കൊണ്ടു തിരുമേനിയുടെ കാതില്‍ പറഞ്ഞു’അല്ലാഹുവിന്റെ ദൂതരേ, അവരെങ്ങാനും ഒന്നു കുനിഞ്ഞു നോക്കിയാല്‍ നമ്മെ കണ്ടതു തന്നെ’.
സത്യദീനിന്റെ പോരാട്ട വീഥിയില്‍ അനേകം വൈതരണികള്‍ ഇനിയും താണ്ടാനുണ്ടെന്നും എന്നാല്‍ ലോക രക്ഷിതാവായ അല്ലാഹുവില്‍ അചഞ്ചലമായ ദൃഢ വിശ്വാസമുളളവരെ അവന്‍ സംരക്ഷിക്കുമെന്ന ഉറച്ച ബോധത്തോടെ പ്രവാചകന്‍ പറഞ്ഞു.’ ദുഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്. മൂന്നാമനായി അല്ലാഹൂ കൂടെയുളള രണ്ടു പേരുടെ കാര്യത്തില്‍ ആശങ്കിക്കേണ്ടതില്ല.’
ശത്രുക്കള്‍ ഗുഹയുടെ മുകള്‍ ഭാഗം വരെയെത്തി. എന്നാല്‍ ഗുഹാ മുഖത്ത് കണ്ട പഴക്കമുളള ചിലന്തി വലയും കാട്ടു പ്രാവിന്റെ സാന്നിധ്യവും അവരെ വഴി തെററിച്ചു.അവര്‍ ഗുഹയുടെ ഉള്‍വശത്തേക്ക് നോക്കിയതേയില്ല.ഗുഹക്കരികിലുളള ഒരു വൃക്ഷത്തിന്റെ ചില്ല ഗുഹാ മുഖം അടച്ചു കൊണ്ട് കാണപ്പെട്ടിരുന്നു.അതും ഖുറൈശികളെ കബളിപ്പിച്ചു.
ഗുഹാ പരിസരത്തെ അന്വേഷണം അവസാനിപ്പിച്ചെന്നും ഇനി എല്ലാവര്‍ക്കും മടങ്ങാമെന്നുളള സംഘത്തലവന്റെ ആഹ്വാനം കേട്ടപ്പോഴേ അബൂബക്കറിന് ശ്വാസം നേരെ വീണുളളൂ.അദ്ദേഹത്തിന് ജഗന്നിയന്താവായ സ്ൃഷ്ടാവിലും അവന്റെ ദൂതനിലുമുളള വിശ്വാസം ഒന്നു കൂടി ദ്ൃഢമായി.’അല്ലാഹുവാകുന്നു മഹാന്‍;അവന്നാകുന്നു സര്‍വ്വ സതുതിയും’ എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം.
പ്രവാചകനെ വധിക്കാന്‍ ശത്രുക്കള്‍ നടത്തിയ ഗൂഢാലോചനയും ഗുഹയില്‍ അദ്ദേഹത്തെയും കൂട്ടുകാരനേയും ശത്രുക്കളുടെ ദൃഷ്ടിയില്‍ നിന്നു രക്ഷിച്ചതും അനുസ്മരിച്ചു കൊണ്ട് രണ്ടു സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ ഇറങ്ങി.ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതീര്‍ണമായ സൂറ അല്‍ അന്‍ഫാലിലാണ് ഇക്കാര്യം ആദ്യം അനുസ്മരിക്കപ്പെട്ടത്.
‘താങ്കളെ (പ്രവാചകനെ) തടവിലാക്കുകയോ വധിച്ചു കളയുകയോ നാടു കടത്തുകയോ ചെയ്യുന്നതിന്നു വേണ്ടി സത്യ നിഷേധികള്‍ തന്ത്രങ്ങളാവിഷ്‌കരിച്ചു കൊണ്ടിരുന്ന സന്ദര്‍ഭം അനുസ്മരണീയമാകുന്നു.അവര്‍ സ്വന്തം തന്ത്രങ്ങളാവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു.തന്തം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ അല്ലാഹുവത്രെ.
( വിശുദ്ധ ഖുര്‍ആന്‍ അധ്യായം 8 -അല്‍ അന്‍ഫാല്‍, സൂക്തം 30 )
തബൂക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിച്ച സൂറത്തു തൗബയിലും ഗുഹാ സംഭവം അനുസ്മരിക്കപ്പെട്ടു.
‘നിങ്ങള്‍ പ്രവാചകനെ സഹായിക്കുന്നില്ലാ എന്നത് ശരി. എന്നാല്‍ സത്യ നിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരിക്കെ, അവര്‍ ഇരുവരും ഗുഹയില്‍,അദ്ദേഹം അന്നേരം തന്റെ കൂട്ടുകാരനോട് പറഞ്ഞു.’വ്യസനിക്കാതിരിക്കുക:അല്ലാഹു നമ്മോടൊപ്പമുണ്ട്, ആ സന്ദര്‍ഭത്തില്‍ അല്ലാഹു അവങ്കല്‍ നിന്നുളള മനസമാധാനം അദ്ദേഹത്തിന് ഇറക്കി .നിങ്ങള്‍ക്കു കാണാനാവാത്ത ഒരു സൈന്യത്തെ ഇറക്കി അദ്ദേഹത്തെ സഹായിച്ചു.നിഷേധികളുടെ വചനത്തെ അവന്‍ താഴത്തി. അല്ലാഹുവിന്റെ വചനമാണ് അത്യുന്നതം. അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 9 തൗബ സൂക്തം 40 )

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

വിശ്വാസികളായ ജിന്നുകള്‍

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss