|    Dec 15 Sat, 2018 12:02 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

‘അവര്‍ക്കു പണം മുഖ്യം, എങ്കള്‍ക്ക്…’

Published : 6th June 2018 | Posted By: kasim kzm

റെനി ഐലിന്‍
1980കളിലെപ്പോഴോ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൂത്തുക്കുടിയില്‍ ടൂറിന് പോയി. പക്ഷേ, ഇന്നും വ്യക്തമായി ഓര്‍ക്കുന്നു; ആ തുറമുഖത്തിന്റെ പരിസരത്ത് കയറ്റിയില്ല. കാരണം പറഞ്ഞത് ‘തമിഴ്പുലി ശല്യം.’ 2018ല്‍ തൂത്തുക്കുടിയില്‍ എത്തുമ്പോള്‍ 80കളില്‍ മനസ്സിലെ മങ്ങിയ കാഴ്ചയായി വെളുത്ത നിറത്തില്‍ ഉയര്‍ന്നുകിടക്കുന്ന ഉപ്പളങ്ങളിലെ ഉപ്പുകൂനകളായിരുന്നു. മധുരയില്‍ നിന്ന് റോഡ്മാര്‍ഗം ദേശീയ മനുഷ്യാവകാശ ഏകോപന സമിതി അധ്യക്ഷന്‍ പ്രഫ. മാര്‍ക്‌സിനും ഇതര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമൊപ്പം പുറപ്പെടുമ്പോള്‍ കശ്മീരിനെ അനുസ്മരിപ്പിക്കുന്ന സേനാസന്നാഹങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സ്വപ്‌നേപി കരുതിയില്ല. വഴിയില്‍ കനത്ത പരിശോധനകള്‍; വസ്ത്രങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ബാഗും കാറിന്റെ ഡിക്കിയുമെല്ലാം പരിശോധിച്ചു. ആര്, എന്തിന്, എവിടെ നിന്ന്- അങ്ങനെ നിരവധി ചോദ്യങ്ങള്‍.
തൂത്തുക്കുടിയില്‍ എത്തിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ പോലിസാണ്. മുറി കിട്ടിയ ഹോട്ടലിലെ താഴത്തെ നില മുഴുവന്‍ പോലിസ്. എന്‍സിഎച്ച്ആര്‍ഒ തമിഴ്‌നാട് ഘടകത്തിന്റെ അധ്യക്ഷനും ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. ഭവാനിയും സെക്രട്ടറി അഡ്വ. ഷാജഹാനും നേരത്തേ എത്തി. തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി ഗിരിജ വൈദ്യനാഥനും ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയും നിയന്ത്രിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇത്രയും ക്രൂരമായ നരനായാട്ട് ഒട്ടും അതിശയകരമല്ല എന്ന് അവര്‍ അഭിപ്രായപ്പെട്ടു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ യെദ്യൂരപ്പയെ ആദ്യം അഭിനന്ദിച്ച ഒ പന്നീര്‍സെല്‍വം മുതല്‍ എടപ്പാടി വരെയുള്ളവരെ നിയന്ത്രിക്കുന്ന കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വമാണ് വെടിവയ്പിന് ചരടുവലിച്ചത് എന്ന കാര്യം തൂത്തുക്കുടിയില്‍ മാത്രമല്ല, തമിഴകത്തു മുഴുവന്‍ പരസ്യമായ ഒരു രഹസ്യമാണ്.
മെയ് 22ന് രാവിലെ കമ്പനിയുടെ സമീപത്ത് താമസിക്കുന്നവര്‍ മുതല്‍  മല്‍സ്യത്തൊഴിലാളികള്‍ വരെ സമരത്തില്‍ പങ്കെടുത്തിരുന്നു. മുഴുവന്‍ കുടുംബാംഗങ്ങളും കൈക്കുഞ്ഞുങ്ങളെയും എടുത്താണ് സമരത്തിനു പോയത്. വളരെ കുറച്ചു പേര്‍ മാത്രം കരിങ്കൊടി കൈയിലേന്തിയിരുന്നു. കലക്ടറേറ്റ് എത്തുന്നതിന് മുമ്പുള്ള ഒരു പ്രധാന സിഗ്നലില്‍ വച്ചു പോലിസ് തടയാന്‍ ശ്രമിച്ചുവെങ്കിലും പ്രകടനം മുന്നോട്ടുപോയി. കലക്ടറേറ്റിന് മുന്നില്‍ യുദ്ധസമാനമായ സന്നാഹങ്ങളാണ് ഒരുക്കിയത്. പ്രകടനം അവിടെ എത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന് മുകളില്‍ ഡ്രോണുകള്‍ പറന്നുകളിക്കാന്‍ തുടങ്ങിയിരുന്നു. പതിവ് പൊറാട്ടുനാടകങ്ങള്‍ പോലെ ബാരിക്കേഡ് അങ്ങോട്ടുമിങ്ങോട്ടും തള്ളി വെള്ളത്തില്‍ കുളിച്ച് തിരികെ വീട്ടില്‍ പോവാന്‍ ഉദ്ദേശിച്ച് വന്നവരായിരുന്നില്ല സമരക്കാര്‍. വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂനിറ്റ് അടച്ചുപൂട്ടുന്നതു വരെ കലക്ടറേറ്റിന് മുന്നില്‍ തന്നെ കുത്തിയിരിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് വന്നത്. ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചത് കലക്ടറേറ്റിനു വളരെ ദൂരെനിന്നാണ്. അതു മറികടന്ന് കുറേ പേര്‍ മുന്നോട്ടുവന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. പിന്നെ കേള്‍ക്കുന്നത് വെടിയൊച്ചയാണ്.
ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് കൂട്ടക്കൊല നടത്താന്‍ പോലിസ് വളരെ കൃത്യമായ പദ്ധതി നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി ആദ്യം നേരത്തേ തയ്യാറാക്കിനിര്‍ത്തിയിരുന്ന ഒരു കാളയെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുവിട്ടു. ഇത് ജല്ലിക്കെട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്നും ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു. ചിതറിയോടുന്ന ആളുകള്‍ക്കിടയില്‍ പെട്ടെന്ന് ഒരു പോലിസ് ബസ് വന്നുനില്‍ക്കുകയും അതിനകത്ത് നിന്നു വെടിവയ്പ് ആരംഭിക്കുകയും ചെയ്തു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കലക്ടറേറ്റിന് അകത്തു നിന്ന് വെടിവയ്പ് ആരംഭിച്ചിരുന്നു. മൂന്നുതരത്തിലാണ് ജനങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആദ്യം വെടിയുണ്ടകളാല്‍; പിന്നെ ലാത്തിയടി. ആദ്യത്തെ രണ്ടും തെരുവില്‍ പകല്‍വെളിച്ചത്തില്‍ സംഭവിച്ചതെങ്കില്‍ മൂന്നാമത്തേത് നടന്നത് വീടിനുള്ളിലാണ്. വെടിവയ്പ് നടന്ന അന്നും പിറ്റേന്നും രാത്രിയില്‍ ജനങ്ങളെ വീട്ടില്‍ കയറി ഭീകരമായി തല്ലിച്ചതച്ചു. പോലിസ് സ്‌റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയവരെ മൃഗീയമായ മര്‍ദനങ്ങള്‍ നടത്തി ജീവച്ഛവങ്ങളാക്കി.
13 പേര്‍ കൊല്ലപ്പെടുകയും 103 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അതിഗുരുതരമായി മൂന്നുപേര്‍ ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കൂലിത്തൊഴിലാളികള്‍ എന്നിവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. പരിക്കേറ്റവരില്‍ ഒരു കത്തോലിക്കാ വൈദികനും ഉള്‍പ്പെടുന്നു.
മരിച്ച 13 പേരില്‍ രണ്ടു സ്ത്രീകളും വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ കഴിയുന്ന ഒരു ശ്രീലങ്കന്‍ അഭയാര്‍ഥിയും ഉണ്ടായിരുന്നു. ആറുപേര്‍ മല്‍സ്യത്തൊഴിലാളികളാണ്. മരത്തിനു പിന്നില്‍ മറഞ്ഞിരുന്നും പോലിസ് വണ്ടിയുടെ മുകളില്‍ കയറിയിരുന്നും അകത്തിരുന്നുമാണ് വെടിവച്ചുകൊന്നത്. കലക്ടറേറ്റിന് മുന്നില്‍ നടന്ന വെടിവയ്പില്‍ കണ്ണീര്‍വാതകമോ ജലപീരങ്കിയോ വെടിവയ്ക്കുന്നതിനു മുമ്പുള്ള എന്തെങ്കിലും മുന്നറിയിപ്പോ കൊടുത്തിരുന്നില്ല. ഒളിച്ചിരുന്നും വളരെ ദൂരത്തുനിന്നുമാണ് നിരായുധരായ ജനക്കൂട്ടത്തെ ആസൂത്രിതമായി കൊന്നുതള്ളിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞത്, എകെ 47 ഉപയോഗിച്ചാണ് പോലിസ് വെടിവച്ചതെന്നാണ്.
പ്രകടനം ആരംഭിച്ച് കുറേ കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തില്‍ ചിലര്‍ ഒരു പോലിസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ കര്‍ശനമായി ഇടപെട്ട് പിന്തിരിപ്പിച്ചു. എന്നാല്‍, നിരായുധരായ സ്വന്തം ജനതയ്‌ക്കെതിരേ യുദ്ധം അഴിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലിസ് കല്ലെറിഞ്ഞുകൊണ്ട് സമരക്കാരെ നേരിട്ടത് മറ്റൊരു ഉദാഹരണം. സമരമുന്നണിയില്‍ നിന്നവരെ പോലിസ് ആസൂത്രിതമായി ലക്ഷ്യമിട്ടതിന് വ്യക്തമായ തെളിവാണ് സിപിഐ-എംഎല്‍ യുവജന വിഭാഗത്തിന്റെ നേതാവായ തമിഴരശനെ ദൂരെ നിന്ന് വെടിവച്ചുകൊന്നത്. കഷ്ടിച്ച് 18 വയസ്സ് കഴിഞ്ഞ സ്‌നോലിന്‍ എന്ന പെണ്‍കുട്ടിയാവട്ടെ, പ്ലസ്ടു കഴിഞ്ഞ് വക്കീലാവണമെന്ന സ്വപ്‌നവുമായി ജീവിച്ചവളാണ്. കൊന്നവരെ അനാഥശവങ്ങളാക്കിയോ വ്യാജമായ വിലാസങ്ങള്‍ നല്‍കിയോ മറവു ചെയ്യാന്‍ ശ്രമം നടത്തിയെന്ന് ജാന്‍സി എന്ന യുവതിയുടെ അതിദാരുണ മരണത്തിനുശേഷം നടന്ന സംഭവവികാസങ്ങളിലൂടെ മനസ്സിലാവുന്നു.
സ്വന്തം വീട്ടില്‍ നിന്ന് മീനുമായി ബന്ധുവീട്ടിലേക്ക് പോയ ഇവര്‍ക്കു വെടിയേല്‍ക്കുന്നത് തലയുടെ പിന്‍ഭാഗത്താണ്. ഏറെനേരം കഴിഞ്ഞും വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ യുവതിയുടെ ബന്ധുവീടുകളിലും പലയിടങ്ങളിലും അന്വേഷിച്ചു. രാവിലെ കലക്ടറേറ്റിന് മുന്നില്‍ നടന്ന വെടിവയ്പിനുശേഷം കുറേ പേരെ പോലിസ് പിടിച്ചുകൊണ്ടുപോയി. പോലിസ് സൂപ്രണ്ടിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ തടിച്ചുകൂടിയ ജനത്തെ പിരിച്ചുവിടാന്‍ ഉച്ചയ്ക്ക് 2.30ന് വീണ്ടും വെടിവയ്പ് നടത്തി. അതിലാണ് ജാന്‍സി കൊല്ലപ്പെടുന്നത്. എന്നാല്‍ ആശുപത്രിരേഖകളില്‍ വിനീത എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് തന്നെ എഴുതിച്ചേര്‍ത്തു. രാത്രി വൈകി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ താലിമാലയും വളയും കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം റോഡരികില്‍ കിടന്ന ഫഌക്‌സില്‍ പൊതിഞ്ഞ് വണ്ടിയിലേക്ക് മഹാരാജന്‍ എന്ന എസ്‌ഐ വലിച്ചെറിയുമ്പോള്‍ തൊട്ടുമുന്നില്‍ ജാന്‍സിയുടെ ഒരു ബന്ധു ഉണ്ടായിരുന്നുവെങ്കിലും മൃതദേഹം മുഴുവന്‍ ഫഌക്‌സിനാല്‍ പൊതിഞ്ഞിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പരിക്കേറ്റവരുടെ എണ്ണം നിലവില്‍ പറയുന്നതിനേക്കാള്‍ വര്‍ധിക്കുമെന്നാണ് പലരും പറയുന്നത്. അടികൊണ്ട് മൃതപ്രായരായ പലരും പോലിസിനെ ഭയന്ന് ഇപ്പോഴും ആശുപത്രിയില്‍ പോയിട്ടില്ല. പോലിസിന്റെ ലാത്തിച്ചാര്‍ജിലും വെടിവയ്പിലും ചിതറിയോടിയവര്‍ കാണുന്നത് പെട്ടെന്നു തന്നെ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടിരുന്ന വണ്ടികള്‍ക്ക് തീപ്പിടിക്കുന്നതായാണ്. ജനങ്ങള്‍ ചോദിക്കുന്നത്, ഒരു അക്രമാസക്തമായ സമരമാര്‍ഗമായിരുന്നു ഉദ്ദേശിച്ചതെങ്കില്‍ ഞങ്ങളുടെ വീട്ടിലെ കുട്ടികളെ ഞങ്ങള്‍ ഇവിടെ കൊണ്ടുവരുമായിരുന്നോ എന്നാണ്. വാഹനങ്ങള്‍ കത്തിച്ചത് ആരെന്ന് പോലിസിനു തന്നെ അറിയാമെന്നാണ് സമരക്കാര്‍ പറയുന്നത്.                 ി

(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss