അവര്‍ക്കായി ചിലതൊക്കെ നമുക്ക് വാങ്ങാം
Published : 1st December 2015 | Posted By: G.A.G
എ പി അനില്‍കുമാര്‍
കേരളത്തിന്റെ വ്യാപാരോല്‍സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ് 9 ഇന്ന് ആരംഭിക്കുകയാണ്. കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കുമ്പോള്‍ 46 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരോല്‍സവത്തിന് തുടക്കമാവും. ഓണം മാത്രം ഒരു ഷോപ്പിങ് സീസണ് ആയുള്ള കേരളത്തിന് മറ്റൊരു ഷോപ്പിങ് സീസണ് സൃഷ്ടിക്കാനും ഒപ്പം ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികള്‍ കേരളത്തിലെത്തുന്ന ഡിസംബര്‍-ജനുവരി മാസങ്ങളില്‍ വ്യാപാരമേഖലയ്ക്കും തദ്ദേശീയ ഉല്പന്നങ്ങള്ക്കും വിപണനസാധ്യത തുറക്കുന്നതിനും ലക്ഷ്യംവച്ചാണ് മേള ആരംഭിച്ചത്. ദുബയ് ഷോപ്പിങ് ഫെസ്റ്റിവല്‍, സിംഗപ്പൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയില്‍നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ജികെഎസ്എഫ് സംഘടിപ്പിക്കുന്നത്. അവിടങ്ങളിലെ സ്വതന്ത്ര വിപണിയില്‍ ചില മാളുകളും ഉല്പന്നങ്ങളും കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ എങ്കില്‍ ഇവിടെ എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും പങ്കാളികളായി കേരളമൊന്നാകെ ഒരു ഷോപ്പിങ് മാള്‍ പോലെ ആയിത്തീരുന്നതിലൂടെയാണ് ഈ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാരമേളയായി പരിഗണിക്കപ്പെടുന്നത്. ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരസംഘടനകളുടെ പങ്കാളിത്തംകൊണ്ടും സമ്മാനഘടനയുടെ വ്യത്യസ്തതകൊണ്ടും സംഘാടനമികവുകൊണ്ടും വ്യത്യസ്തമാണ്. എല്ലാ വ്യാപാരസംഘടനകളും പങ്കെടുക്കുന്നു എന്നതും എല്ലാ കൂപ്പണുകളിലും സമ്മാനം നല്‍കുന്നതും ആദ്യമായി ഡിജിറ്റല്‍ കൂപ്പണ്‍ പരീക്ഷിക്കപ്പെടുന്നതും പ്രത്യേകതയാണ്. പരമ്പരാഗത കരകൗശലമേഖലയില്‍ ഊന്നല്‍ നല്കുന്ന ഫെസ്റ്റിവല്‍ കാലയളവില്‍ സംസ്ഥാനത്തെ കരകൗശല ശില്‍പ്പികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതും വടകരയിലെ ഇരിങ്ങലിലും കൊല്ലത്തെ ചവറയിലും കരകൗശല ഫെസ്റ്റിവലും കരകൗശല കോര്‍പറേഷനുമായി സഹകരിച്ച് പ്രദര്‍ശന-വിപണന മേളകളും നടത്തുന്നതും എടുത്തുപറയേണ്ടതാണ്. ഈ സീസണിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ് ‘അവര്‍ക്കായി നമുക്ക് വാങ്ങാം’’പദ്ധതി. ഷോപ്പിങ് സീസണില്‍ നാമൊക്കെ പലതും വാങ്ങുമ്പോഴും ഇങ്ങനെ വാങ്ങാന്‍ കഴിയാതെ പലതരം പ്രയാസങ്ങളില്‍ കഴിയുന്ന ഒട്ടേറെപേര്‍ നമുക്കു ചുറ്റുമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ അല്‍പ്പം ചുരുക്കി അവരെ സഹായിക്കേണ്ടതും സ്നേഹപൂര്‍വം പ്രതികരിക്കേണ്ടതും നമ്മുടെ കടമയാണ്. ഇത്തരം പങ്കുവയ്ക്കലിലൂടെയാണ് മനസ്സിന് സന്തോഷവും ജീവിതത്തിന് ഐശ്വര്യവും കൈവരുന്നത്. ഈ ചിന്തകളാണ് നമ്മുടെ ചുറ്റുപാടുമുള്ള സഹോദരങ്ങള്‍ക്കായി എന്തെങ്കിലുമൊന്ന് വാങ്ങിനല്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും പദ്ധതി ഒരുക്കിയിട്ടുള്ളത്. അഗതിമന്ദിരങ്ങള്‍, അനാഥമന്ദിരങ്ങള്‍, ജുവനൈല്‍ ഹോമുകള്‍, ആതുരാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം സഹായിക്കാനും പലപ്പോഴും ഒറ്റപ്പെടലുകളില്‍ കഴിയുന്ന ഇവര്‍ക്ക് നാമെല്ലാം കൂടെയുണ്ടെന്നും അവരോട് ഒരു കരുതലും സ്നേഹവും പ്രകടിപ്പിക്കാനും ‘അവര്‍ക്കായി നമുക്ക് വാങ്ങാം’ എന്ന പദ്ധതിയിലൂടെ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.സാമ്പത്തികസ്ഥിതിക്കും മനോഗതിക്കും അനുസരിച്ച് വാങ്ങി നിങ്ങള്‍ക്ക് തന്നെ നേരിട്ടു നല്കാവുന്ന ഈ പദ്ധതിയുടെ തുടക്കം ഗവര്‍ണര്‍ പി സദാശിവം രാജ്ഭവനില്‍ നിര്‍വഹിക്കുകയുണ്ടായി. ഇത്തരം നന്മയുടെ പ്രതിഫലം തീര്‍ച്ചയായും തലമുറകള്‍ക്ക് കൈമാറപ്പെടുക തന്നെ ചെയ്യും. സംസ്ഥാനത്തെ ബിസിനസ് ഗ്രൂപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പരിപാടിയുടെ ഭാഗമായി നന്മയുടെ പ്രചാരകരാവാം. ഇത്തരത്തില്‍ ചെയ്യേണ്ട ആവശ്യങ്ങളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ അറിയുന്നതിന് സഹായം ആവശ്യമുണ്ടെങ്കില്‍ അത് ജികെഎസ്എഫില്‍ നിന്നു ലഭിക്കുന്നതാണ്. ഇതിന്റെ സംഘാടന ചെലവുകള്‍ ജികെഎസ്എഫ് വഹിക്കും. എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ വ്യാപാരോല്‍സവം വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു. ഈ ഫെസ്റ്റിവലിന്റെ ഡിജിറ്റല്‍ പങ്കാളിയായ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, അസോഷ്യേറ്റ് സ്പോണ്‍സറായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്, ട്രേഡ് പങ്കാളിയായ ഭീമ, ഫെസ്റ്റിവലിന്റെ വെബ് ആവിഷ്കരിച്ച അപ്സാള്‍ട്ട്, ടെലികോം പാര്‍ട്ണര്‍ വോഡഫോണ്‍, ഗിഫ്റ്റ് പാര്‍ട്ണറായ മാരുതി, സാംസങ് അടക്കമുള്ള എല്ലാ പങ്കാളികളെയും ഫെസ്റ്റിവലിന് പൂര്‍ണ പിന്തുണ നല്കുന്ന വ്യാപാരസംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു.
(ടൂറിസം-പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയാണ് ലേഖകന്‍.) $

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.