|    Jun 22 Fri, 2018 1:39 am
FLASH NEWS
Home   >  Editpage  >  Article  >  

അവരെ പഠിക്കാനനുവദിക്കൂ

Published : 4th September 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

ഒരു ബാനര്‍ ഒന്നുരണ്ടു കമ്പുകള്‍കൊണ്ട് ഉയര്‍ത്തിവച്ച് അതിനടിയില്‍ മൂന്നു കല്ലുകള്‍ കൂട്ടിയ അടുപ്പില്‍ ഒരു കലത്തില്‍ കഞ്ഞി തിളച്ചുകൊണ്ടിരിക്കുന്നു. അടുത്ത് ഒരമ്മയും മോളും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ നല്ലളം ബസാറിനടുത്താണ് ഈ അമ്മയും മോളുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഒരു ചായ്പുണ്ടായിരുന്നത് പുതിയ വീട് നിര്‍മിക്കാനായി പൊളിച്ചു. 2013-14 വര്‍ഷത്തില്‍ വീടുവയ്ക്കാനായി സര്‍ക്കാരില്‍നിന്നു 2.70 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, അനുവദിച്ച തുകയില്‍ തറയ്ക്കായി ലഭിച്ച പണം ചതുപ്പു നികത്താന്‍ മാത്രമേ തികഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ രണ്ടാംഗഡുകൊണ്ട് പാതി ചുവര്‍ നിര്‍മിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മാത്രമല്ല, 40,000 രൂപ കോണ്‍ട്രാക്ടര്‍ക്ക് കടവുമാണ്. ലിന്റല്‍ നിര്‍മാണം പൂര്‍ത്തിയായാലേ മൂന്നാം ഗഡു ലഭിക്കുകയുള്ളൂ.
എന്നാല്‍, അമ്മയുടെ ആധി അതല്ല. എംഎക്കു പഠിക്കുന്ന മകളുടെ സുരക്ഷയും പഠനസൗകര്യവുമാണ്. അവളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക അടുപ്പിലെ തീപോലെ അവരുടെ ഉള്ളിലും ആളുന്നുണ്ട്. ദാരിദ്ര്യത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ അവള്‍ എംഎ രണ്ടാം സെമസ്റ്റര്‍ വരെ എത്തിയിരിക്കുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന തോന്നല്‍ അവളെയും കുടുംബത്തെയും തളര്‍ത്തുന്നു.
ഈ ദുരിതാവസ്ഥയില്‍ സ്വസ്ഥമായിരുന്ന് വായിക്കാനോ സമാധാനമായൊന്ന് ഉറങ്ങാനോ അവള്‍ക്ക് സാധ്യമല്ല. ദലിത് വിഭാഗത്തില്‍പെട്ട ഈ കുട്ടിക്ക് ഹോസ്റ്റല്‍ സൗകര്യം കിട്ടുമോ എന്നന്വേഷിച്ചപ്പോഴാണ് പട്ടികജാതി-വര്‍ഗ ഹോസ്റ്റലുകളുടെ പരിമിതിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്.
ഈ കുട്ടി പഠിക്കുന്ന കോളജില്‍ പോയി അന്വേഷിച്ചപ്പോഴാണ് അവിടെ പഠിക്കാനായി ചേര്‍ന്ന പട്ടികജാതി-വര്‍ഗത്തില്‍പെട്ട പല കുട്ടികളും താമസസൗകര്യമില്ലാതെ മടങ്ങിപ്പോയതറിഞ്ഞത്. പഠിക്കാന്‍ തയ്യാറായി വയനാട്ടില്‍നിന്നും മറ്റ് ആദിവാസി മേഖലകളില്‍നിന്നും വന്ന് കോളജില്‍ ചേര്‍ന്ന് താമസസൗകര്യമില്ലാത്തതിന്റെ പേരില്‍ മാത്രം മടങ്ങിപ്പോവേണ്ടിവരുന്ന കുട്ടികള്‍ നിരവധിയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ പൊതു അവസ്ഥയാണെന്നു മാത്രം കരുതാന്‍ വയ്യ. പട്ടികജാതി-വര്‍ഗ കുട്ടികള്‍ക്കായി താമസമൊരുക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്കു മാത്രമേ ഹോസ്റ്റല്‍ അനുവദിക്കാനാവുന്നുള്ളൂ എന്നാണ് പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞത്. ഇക്കാര്യം പലതവണ വകുപ്പുതലത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ് പട്ടികവര്‍ഗ ഹോസ്റ്റലിലെയും അവസ്ഥ. ബത്തേരിയില്‍നിന്നും പുല്‍പ്പള്ളിയില്‍നിന്നുമെല്ലാം ആദിവാസി കുട്ടികള്‍ പഠിക്കാനുള്ള മോഹവുമായി വന്നു താമസസൗകര്യമില്ലാത്തതിന്റെ പേരില്‍ മടങ്ങിപ്പോവേണ്ടിവരുന്നത് പൊറുക്കാവുന്നതല്ല. പട്ടികജാതി-വര്‍ഗ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നത് വിദ്യാഭ്യാസം നേടാനുള്ള അവരുടെ അവകാശമാണ്.
ഹോസ്റ്റല്‍ പ്രവേശനത്തിനായി അഭിമുഖത്തിനു ചെന്നപ്പോള്‍ തനിക്ക് വീടില്ലെന്നു പറയാന്‍ പോലും സമ്മതിക്കാതെ കുട്ടിയെ അവഹേളിച്ചതിനാല്‍ കരഞ്ഞ് ഇറങ്ങിപ്പോരേണ്ട അവസ്ഥയും പെണ്‍കുട്ടിക്കുണ്ടായി. താമസസൗകര്യമില്ലാതെ ദലിത് കുട്ടികള്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്നുണ്ടെന്നാണ് അധ്യാപിക കൂടിയായ ഷിംല പറഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ ദലിത് കുട്ടികളുടെ പഠനം മുടങ്ങുമ്പോള്‍ അവരുടെ പഠനത്തിനു വേണ്ടി നീക്കിവയ്ക്കുന്ന കോടിക്കണക്കിനു രൂപയാണ് ലാപ്‌സാവുന്നത്. താല്‍ക്കാലികമായി ഒരു വാടകക്കെട്ടിടമെങ്കിലും ഒരുക്കി ദലിത് കുട്ടികളുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരും പട്ടികജാതി-വര്‍ഗ വകുപ്പും തയ്യാറാവേണ്ടതുണ്ട്. ഈ വര്‍ഷം തന്നെ അതിനുള്ള നടപടികള്‍ കൈക്കൊണ്ടാല്‍ ആദിവാസി മേഖലകളിലെയും മറ്റു ദലിത് കുട്ടികളുടെയും ഒരു വിദ്യാഭ്യാസവര്‍ഷം നഷ്ടമാവാതെ സംരക്ഷിക്കാനാവുമെന്നു ഓര്‍മിപ്പിക്കട്ടെ. പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വകുപ്പും മന്ത്രിയും ഉണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നത് ഖേദകരമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss