|    Dec 14 Thu, 2017 6:01 am
FLASH NEWS
Home   >  Kerala   >  

അവയവദാനത്തെ പരിഹസിച്ച ശ്രീനിവാസനെതിരെ മാത്യു അച്ചാടന്‍

Published : 5th October 2016 | Posted By: mi.ptk

sreenivasan

കൊച്ചി: അവയവ ദാനത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ നടന്‍ ശ്രീനിവാസനെതിരെ മാത്യു അച്ചാടന്‍. ഹൃദയം മാറ്റിവച്ച ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീനിവാസന് മറുപടി നല്‍കിയത്. ലിസി ആശുപത്രിയില്‍ നിന്ന് ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്നുള്ളതായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.
ഹൃദയ വേദനയോടെയാണ് താന്‍ ഈ കുറിപ്പിടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അച്ചാടന്‍ തുടങ്ങുന്നത്.ലിസി ആശുപത്രിയില്‍ നിന്ന് ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് തന്നെയാണെന്ന് അച്ചാടന്‍ പറയുന്നു. അവയവദാനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലുള്ളവര്‍ പറയുന്നത് സങ്കടകരമാണെന്നും ദയവ് ചെയ്ത് ഇത്തരം പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തരുതെന്നും മാത്യു അച്ചാടന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

mathew-achadan

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ ശ്രീനിവാസന്‍ , അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവര്‍ത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍. 15 മാസം മുമ്പ് നടക്കാനോ നില്‍ക്കാനോ കഴിയാതെ ഏത് നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാള്‍ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടന്‍ എന്ന നിലയിലും, എഴുത്തുകാരന്‍ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങള്‍ മലയാളികള്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക. കാര്യങ്ങള്‍
അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളില്‍ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതില്‍ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അവന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ….

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക