|    Feb 23 Fri, 2018 8:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അവയവദാനം: സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമാക്കുന്നു

Published : 25th January 2017 | Posted By: fsq

 

പൊന്നാനി: അവയവദാനത്തിന് സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമാക്കുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടാവണമെന്നും നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും നിബന്ധനവരും. ജീവിച്ചിരിക്കേ അവയവദാനം നടത്തുന്നവരുടെ റജിസ്റ്റര്‍ സൂക്ഷിക്കണം. ചൂഷണം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ഡോക്ടര്‍ എസ് ഗണപതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത്. നിലവില്‍ നാലംഗ ഡോക്ടര്‍ സംഘമാണ്  മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. ഇതിലൊരാള്‍ ആശുപത്രിക്കു പുറത്തുനിന്നുള്ള, ഡിഎംഇ അംഗീകരിച്ച പാനലില്‍പ്പെട്ട സര്‍ക്കാര്‍ ഡോക്ടറോ സ്വകാര്യ ഡോക്ടറോ ആവാം. എന്നാല്‍, ഇനിമുതല്‍  സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യം നിര്‍ബന്ധമാക്കും. നടപടിക്രമങ്ങള്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. രാജ്യത്തുതന്നെ ആദ്യമായാണ് ഈ പരിഷ്‌കാരങ്ങള്‍. മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെയും അവയവങ്ങള്‍ സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍, കരള്‍, വൃക്ക തുടങ്ങിയവ ദാനംചെയ്യുന്ന ജീവിച്ചിരിക്കുന്ന ദാതാക്കളുടെയോ സ്വീകര്‍ത്താക്കളുടെയോ ഒരുവിവരവും സര്‍ക്കാരിന്റെ പക്കലില്ല. ഇവരുടെ രജിസ്റ്റര്‍ തയ്യാറാക്കും. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും കൂടുതല്‍ സുതാര്യത കൈവരുകയും ചെയ്യുന്നതോടെ അവയവദാനത്തിന് കൂടുതല്‍ പേര്‍ സന്നദ്ധരാവുമെന്നും ചൂഷണങ്ങ ള്‍ അവസാനിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss