|    May 26 Sat, 2018 4:20 am
Home   >  Arts & Literature  >  Art  >  

അവന്‍; ഞങ്ങളുടെ പ്രിയപ്പെട്ട ബാബു…

Published : 22nd May 2016 | Posted By: mi.ptk

babuപി എ എം ഹനീഫ്
മാനവേന്ദ്രന്‍ മരിച്ചു. ഞാനും നാടക സഖാക്കളും ‘മാനവനെ’ ബാബു എന്ന് വിളിച്ചു. ഞങ്ങളുടെ തലമുറയിലെ ‘അച്ചടക്കമില്ലാത്ത’ അവസാനത്തെ വ്യക്തിയുടെ മാഞ്ഞുപോവലാണ് ബാബുവിന്റെ വേര്‍പാട്… ഇനി ചിന്തകന്‍മാര്‍ ആരുമില്ല. മലയാള നാടകചരിത്രത്തില്‍ ഇതുവരെ ബാബു എഴുതപ്പെട്ടിട്ടില്ല. കാരണം, അയാള്‍ അത്തരം നിഘണ്ടു നിര്‍മാണങ്ങള്‍ക്കൊക്കെ എന്നും പുറംതിരിഞ്ഞു നിന്നു. 1978ല്‍ ജി ശങ്കരപ്പിള്ളയുടെ ആശീര്‍വാദത്താല്‍ ‘മലയാള നാടകനിഘണ്ടു’ എന്നൊരു കഠിന സാഹസം ഞാന്‍               എഡിറ്ററായി ആരംഭിച്ചു. ഒടുക്കവും തുടക്കവും ഒന്നിച്ചാ            യിരുന്നു. ‘ഗുരുനാഥനെ ഒന്നു കണ്ടേക്ക്…’ ശങ്കരപ്പിള്ള ഉപദേശിച്ചു. ശങ്കരപ്പിള്ള ചില ആചാര്യരെ ‘ഗുരുനാഥന്‍’ എന്നു വിളിച്ചു. ഒരാള്‍ എം ഗോവിന്ദനായിരുന്നു. കേട്ടപാടെ ‘മലയാള നാടകനിഘണ്ടു’ എന്ന പേര് തന്നെ ഗോവിന്ദന്‍ നിരാകരിച്ചു. മലയാളം വേണ്ടെന്നു പറഞ്ഞു. അതിന് ഗോവിന്ദന്‍ പറഞ്ഞ ന്യായങ്ങളിലൊന്ന് മകന്‍ മാനവേന്ദ്രന്‍ മലയാള നാടകപ്രവര്‍ത്തകനാണെന്നതായിരുന്നു. മദ്രാസില്‍ നിന്ന് മടങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം മകനെ ഗോവിന്ദന്‍ അയച്ചു. കാസര്‍കോട് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഞങ്ങള്‍ കുറെ സഞ്ചരിച്ചു. എം എന്‍ റോയി എം ഗോവിന്ദന്റെ വഴിവിളക്കുകളിലൊന്നായിരുന്നു. ഒരു മനുഷ്യനു വേണ്ടുന്നതൊക്കെ റോയിക്കുണ്ടായിരുന്നു എന്ന് ഗോവിന്ദന്‍ വാദിച്ചു. മകന് മാനവേന്ദ്രന്‍ എന്നു പേരു വിളിച്ചതു തന്നെ വഴിവിളക്കിന്റെ അമൂല്യ               പ്രകാശത്തോടുള്ള ആരാധന കൊണ്ടാവണം. ‘ബാബു അതര്‍ഹിക്കുന്നില്ല…’ പക്ഷേ, ആ പേര് അവന് ഒരാഘാതമായി… ഇതുപറഞ്ഞ് ഗോവിന്ദന്‍ ചിരിച്ച ചിരി എനിക്ക് മറക്കാനാവില്ല. പരപ്പനങ്ങാടിയില്‍ എം ഗംഗാധരന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്തോ… കടമ്മനിട്ട ഗ്രാമത്തില്‍ കവി രാമകൃഷ്ണന് വരവേല്‍പ്. അവിടെ ആ രാത്രിയില്‍ നുരഞ്ഞുപൊന്താത്ത ഉത്തരാധുനികര്‍- ആധുനികര്‍- ആരുമില്ല. ബഹളങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോവിന്ദനും ഗംഗാധരനും പത്തനംതിട്ട ടൗണിലെ ലോഡ്ജില്‍ പോവാന്‍ വാഹനമില്ല. നടന്‍ മുരളിയുടെ ‘ചൊല്‍ക്കാഴ്ച’യ്ക്ക് മാനവേന്ദ്രനാണ് മുഖ്യ ദീപവിതാനം… കുറേ പന്തങ്ങള്‍ കൊണ്ട് ബാബു അന്ന് വേദിയില്‍ സൃഷ്ടിച്ച പ്രകാശ ക്രമീകരണം ഗംഭീരമായിരുന്നു. ഗോവിന്ദനും ഗംഗാധരന്‍ മാഷും വാഹനം കിട്ടാതെ വിഷമിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ബാബു എന്നെ ഉപദേശിച്ചു. ‘നമുക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ വിട്ടുകളയ്ക… നടന്നുപോവട്ടെ…’ അവന്‍ അങ്ങനെ ആയിരുന്നു. ഞാന്‍ ‘കേരളശബ്ദം’ വക ഒരു വാഹനം ഉണ്ടായിരുന്നത് പത്തനംതിട്ടയ്ക്ക് തിരിച്ചുവിട്ടു. യാത്രാമധ്യേ കാറില്‍ ബാബു ‘ചൊല്‍ക്കാഴ്ച’യ്ക്ക് ഉണ്ടെന്നത് വിഷയമായി.’ഞാന്‍ കണ്ടില്ലല്ലോ…’ ഗോവിന്ദന്‍ ഏറെ നാളായി മകനെ കണ്ടിട്ട്.. സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വലിയ അദ്ഭുതവും ചിരിയും സമ്മാനിച്ചിരുന്നു പിതാവും പുത്രനും. ‘അയാള്‍’ എന്നേ ഗോവിന്ദന്‍ പറയൂ…. മാനവേന്ദ്രന്‍           മഹാധിഷണ ആയിരുന്നു. പക്ഷേ, എം ഗോവിന്ദന്റെ പാരമ്പര്യം ആയിരുന്നില്ല ആ ധൈഷണികത്വം. കേരളവര്‍മ കോളജിലായിരുന്നു വി കെ എന്‍ പുത്രന്‍ ബാലചന്ദ്രന്‍ കുറച്ചുകാലം ഡിഗ്രി വായിച്ചത്. ‘ആ കക്ഷി ഒന്നും പഠിക്കാറില്ല. കേരളവര്‍മയില്‍ കക്ഷി വായിക്കയാണ്’- എന്ന് വി കെ എന്‍                ഭാഷ്യം. കുസൃതി കുറച്ചധികമായപ്പോള്‍ ബാലചന്ദ്രന് കോളജ് പ്രവേശനം പ്രിന്‍സിപ്പല്‍ നിരോധിച്ചു. അവന്‍ പിറ്റേന്ന് ഒരു ആനപ്പുറത്താണ് കാംപസിലെത്തിയത്. മാനവേന്ദ്രനാണ് ബാലനെ ‘ആന’ക്കാര്യത്തില്‍ സഹായിച്ചതെന്ന്                 എനിക്കറിയാം… പ്രതിഭകള്‍ക്ക് വട്ടായാല്‍ എന്തും സംഭ          വിക്കുമല്ലോ… ഗോവിന്ദന്‍ ‘പോയ’ ശേഷം ഞങ്ങള്‍ അധികം കണ്ടിട്ടില്ല. അന്താരാഷ്ട്ര നാടകോല്‍സവത്തിനാണ് പത്തുനാള്‍ സന്ധിക്കുക. ‘ഇറ്റ് ഫോക്’ എന്ന നാടകോല്‍സവ ദിവസം. കോര്‍പറേറ്റ് ഉടന്തടികളായപ്പോള്‍ ഞങ്ങള്‍ വലിയ ഒരു വിഭാഗം ‘ഇറ്റ് ഫോക്’ ഉപേക്ഷിച്ചു. ബാബു പക്ഷേ അക്കാദമി വളപ്പില്‍ അലഞ്ഞുനടന്നു. ഫോര്‍ഡ് ഫൗണ്ടേഷന്‍ തുക സ്വീകരിച്ച് തിരുനാവായയില്‍ കുടുംബം വളപ്പില്‍ ടെന്റിട്ട് നാടക പരിശീലന ക്ലാസുകള്‍, ‘തമ്പ്’ നാടകത്തിനായി ഒട്ടേറെ തയ്യാറെടുപ്പുകള്‍. ബാബുവിന്റേതായി കേമപ്പെട്ട രംഗഭാഷകളൊന്നും മലയാള നാടകത്തിന് ലഭിച്ചിട്ടില്ല. പക്ഷേ, നടന്റെ ഊര്‍ജം എങ്ങനെ അരങ്ങിന്റെ ഭാഷയാക്കാമെന്നതു സംബന്ധിച്ച് ബാബുവിന്റെ ചിന്തകള്‍, പ്ലേ റീഡിങില്‍ അവന്‍ പുലര്‍ത്തിയ ചില ആത്മനിഷ്ഠകളൊക്കെ എനിക്ക് അവനുമായിട്ടുള്ള ചങ്ങാത്തം ഉറപ്പിക്കുന്നതില്‍ പ്രമുഖമായിരുന്നു. ആര്‍ക്കും വഴങ്ങാത്ത ഒരാള്‍. മഹാനായ സ്വന്തം പിതാവ് ‘അയാള്‍’ എന്നു വിളിച്ച് ബഹുമാനിച്ചിരുന്ന ഒരാള്‍. കടമ്മനിട്ട കവിത എത്ര പാടിയാലും പറഞ്ഞാലും മടുക്കാത്ത           ഒരാള്‍. മാനവേന്ദ്രനാഥ് എന്ന എന്‍ജിനീയര്‍. ഉവ്വ്; ഞങ്ങളുടെ തലമുറയിലെ നിര്‍വചനങ്ങള്‍ക്ക്                വഴങ്ങാത്ത ഒരാള്‍ കൂടി ‘അപ്രത്യക്ഷമായി…’

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss