|    Feb 28 Tue, 2017 9:07 am
FLASH NEWS

അവധി ദിനത്തില്‍ ശ്രദ്ധേയമായി ജീവനക്കാരുടെ ശ്രമദാനം

Published : 21st November 2016 | Posted By: SMR

മലപ്പുറം: അവധി ദിനമായ ഇന്നലെ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചും കാടുകള്‍ വെട്ടിത്തെളിച്ചും ജീവനക്കാരുടെ ശ്രമദാനം. ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ നേതൃത്വത്തില്‍ 500 ഓളം ജീവനക്കാരാണ് അവധി ഒഴിവാക്കി ചൂലും കൊട്ടയും അരിവാളും കൈക്കോട്ടുമായി സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കാനിറങ്ങിയത്. നെഹ്‌റു യുവകേന്ദ്രയുടെ വിവിധ ക്ലബ്ബ് വോളന്റിയര്‍മാരും മലപ്പുറം ഗവ. കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാരും സഹായിക്കാനെത്തി. നവംബര്‍ ഒന്നിന് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കോടതി കെട്ടിടത്തിനു മുമ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ്, സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാടുപിടിച്ചു കിടക്കുന്ന സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് വെട്ടിവെളുപ്പിക്കാനും ചപ്പുചവറുകള്‍ നീക്കി ശുചിയാക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. 35 ഏക്കറോളം വരുന്ന സിവില്‍സ്റ്റേഷനില്‍ കലക്ടറേറ്റും മജിസ്‌ട്രേറ്റ് കോടതിയും കുടുംബ കോടതിയും പിഎസ്‌സി ഓഫിസും ഉള്‍പ്പെടെ 80 ഓളം സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ അടുത്ത ദിവസം സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ച ഓഫിസ് മേധാവികളുടെ യോഗത്തില്‍ പരിസര ശുചീകരണ ചുമതല ജീവനക്കാര്‍ സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വീസ് സംഘടനകള്‍ ഉള്‍പ്പെടെ യജ്ഞത്തിന് പൂര്‍ണ പിന്തുണ ഉറപ്പു നല്‍കി. ഇതേതുടര്‍ന്നാണ് ഇന്നലെ ജീവനക്കാര്‍ ഒന്നിച്ച് സിവില്‍ സ്റ്റേഷനിലെ ഓഫിസുകളും പരിസരവും കോംപൗണ്ടിലെ റോഡുകളും ഒഴിഞ്ഞ് കിടക്കുന്ന ഭാഗങ്ങളും വെട്ടി വെടിപ്പാക്കിയത്. മണ്ണുമാന്തി, കാടുവെട്ട് യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു ശുചീകരണം. ഓരോ വിഭാഗത്തിനും സ്വന്തം ഓഫിസും പരിസരവും കൂടാതെ ശുചീകരണത്തിന് പ്രത്യേക ഭാഗങ്ങള്‍ നിര്‍ണയിച്ച് നല്‍കിയിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളും റോഡുകളും വൃത്തിയാക്കാന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എന്‍എസ്എസ്-എന്‍വൈകെ വോളന്റിയര്‍മാരും വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീമും സജീവമായി രംഗത്തിറങ്ങി. കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവ മാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍ത്തിരിച്ചാണ് ചപ്പുചവറുകള്‍ സംസ്‌കരിക്കുന്നതിനായി നീക്കിയത്. ജില്ലാ ശുചിത്വ മിഷന്‍ ഇതിന് മേല്‍നോട്ടം വഹിച്ചു. രാവിലെ 8.30ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. എഡിഎം പി സെയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, എ നിര്‍മലകുമാരി, ഡോ. ജെ ഒ അരുണ്‍, സി അബ്ദുറഷീദ്, പി എന്‍ പുരുഷോത്തമന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ പങ്കെടുത്തു. ബി-3 ബ്ലോക്കിനു പിന്നില്‍ ജില്ലാ പ്ലാനിങ് ഓഫിസ് ജീവനക്കാര്‍ പരിപാലിക്കുന്ന ജൈവ പച്ചക്കറി-കിഴങ്ങു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day