|    Mar 21 Wed, 2018 2:34 pm
FLASH NEWS
Home   >  Editpage  >  Article  >  

അവധിക്കാലവും കുട്ടികള്‍ക്ക് തടവറ

Published : 3rd April 2016 | Posted By: SMR

അംslug-avkshngl-nishdnglബിക

നമ്മളില്‍ ഓരോരുത്തരുടെയും ബാല്യകാലസ്മരണകള്‍ക്ക് നിറംപകരുന്നത് പലപ്പോഴും അവധിക്കാലാനുഭവങ്ങള്‍ തന്നെയാണ്. ഓര്‍മയില്‍ നിറപ്പകിട്ടുള്ള കുട്ടിക്കാലവും അവധിക്കാലവുമൊക്കെ അയവിറക്കാനില്ലാത്തവരും ഉണ്ടാവാം. ആഹ്ലാദാനുഭവങ്ങള്‍ കൈമുതലായവര്‍ക്കൊപ്പം ഇല്ലായ്മകളും ദാരിദ്ര്യവും കവര്‍ന്നെടുത്ത, കൊച്ചുകൊച്ചു സന്തോഷങ്ങളും കുസൃതികളുമില്ലാത്ത ദൈന്യതയാര്‍ന്ന മുഖങ്ങളും മനസ്സിലോടിയെത്തുന്നുണ്ട്.
നാട്ടുമാവിന്‍ ചുവട്ടില്‍ അണ്ണാറക്കണ്ണനോട് മല്‍സരിച്ച് മധുരം നുകര്‍ന്നതും പറങ്കിമാങ്ങയും പുളിയും നെല്ലിക്കയും പേരക്കയുമൊക്കെ കടിച്ചുവലിച്ചു നടന്നതും മതിവരുവോളം പുഴയിലും കുളത്തിലുമൊക്കെ നീന്തിത്തുടിച്ചതും നേരം വൈകിയതിന് അമ്മയുടെ അടികൊണ്ടതും കൊത്തങ്കല്ലാടിയതും ഏറുപമ്പരം കളിച്ചതും തുടങ്ങി മധുരം നിറഞ്ഞ എത്രയോ അവധിക്കാല ഓര്‍മകള്‍ മനസ്സിലോടിയെത്തുന്നു.
ഇന്നു പക്ഷേ, സ്ഥിതി മാറിയിരിക്കുന്നു. ജീവിതത്തിന്റെ ഉള്ളടക്കവും സ്വപ്നങ്ങളുടെ നിറങ്ങളുമൊക്കെ മാറിയിരിക്കുന്നു. തിരക്കുകള്‍ക്കൊപ്പം ബാല്യകാലം സുരക്ഷിതമായ ഭാവിക്കുള്ള നിക്ഷേപമാണെന്ന ബോധ്യം രക്ഷിതാക്കളില്‍ പ്രബലമായിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍പ്പോലും അവധിക്കാലങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടമായിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്ക്കുന്നതിനു മുമ്പുതന്നെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയില്‍ മാതാപിതാക്കള്‍ അവര്‍ക്കായി പുതിയ ലാവണങ്ങള്‍ കണ്ടെത്തിയിരിക്കും. തൊഴില്‍ പരിശീലനത്തിനുള്ള മുന്നൊരുക്കം ലക്ഷ്യമിട്ടുള്ള ട്യൂഷന്‍, എന്‍ട്രന്‍സ് പരിശീലനങ്ങള്‍ ഒരുഭാഗത്ത്. ഹൈസ്‌കൂള്‍ ക്ലാസുകളിലെ ഗ്രേസ്മാര്‍ക്ക് ലക്ഷ്യമിട്ടുള്ള കഠിനപരിശീലനങ്ങള്‍ വേറെ. മൂന്നു വയസ്സുള്ള കുഞ്ഞുങ്ങള്‍പോലും ഇതില്‍നിന്നു മുക്തരല്ല. ഡാന്‍സ് ക്ലാസ്, കുങ്ഫൂ, സ്‌കേറ്റിങ്, കരാത്തെ, ചിത്രരചന, പെയിന്റിങ്, സംഗീതം, വിവിധ സംഗീതോപകരണങ്ങളുടെ പരിശീലനം, നാടകം, ഭാഷാപഠനം എന്നിങ്ങനെ എന്തിനു പറയുന്നു പ്രസംഗപരിശീലനം വരെ നീളുന്നു കലാപഠനം.
പലപ്പോഴും കുട്ടികളുടെ അഭിരുചിയൊന്നും രക്ഷിതാക്കള്‍ക്ക് പ്രശ്‌നമേയല്ല. അവരെ എവിടെയെങ്കിലും പറഞ്ഞയച്ചേ പറ്റൂ. ഒന്നുകില്‍ വീട്ടില്‍ ആരുമില്ല. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പഠിച്ചാലേ ഏറ്റവും നല്ല സ്‌കൂളില്‍ പ്രവേശനം ലഭിക്കൂ. വിവിധ ചാനലുകളില്‍ കാണുന്ന റിയാലിറ്റി ഷോകള്‍ക്ക് മക്കളെ ഒരുക്കുന്നവരും ധാരാളമുണ്ട്. ഇതിനെല്ലാം പുറമേ മറ്റൊന്നുകൂടിയുണ്ട്- മാതാപിതാക്കളുടെ സ്റ്റാറ്റസ് സംരക്ഷിക്കല്‍.
കുട്ടികള്‍ക്ക് താല്‍പര്യമുള്ള എന്തെങ്കിലുമൊക്കെ പഠിക്കാന്‍ അവധിക്കാലത്ത് അവസരമൊരുക്കുന്നതു നല്ലതുതന്നെ. പക്ഷേ, അധ്യയനകാലത്തേക്കാള്‍ കഠിനവും മടുപ്പിക്കുന്നതുമായ അവധിക്കാലങ്ങളിലേക്കു കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നത് അവരിലുള്ള മാനുഷികതയുടെ ഉറവകളെ വറ്റിക്കാനേ സഹായിക്കൂ എന്ന കാര്യത്തില്‍ സംശയമില്ല.
അയല്‍വീട്ടിലോ ഫഌറ്റിലോ താമസിക്കുന്ന കുട്ടികളെ കാണാനോ പരിചയപ്പെടാനോ കളിക്കാനോ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയാനോ ഒന്നും കഴിയാതെ കുഞ്ഞുങ്ങള്‍ തടവറകളിലെപ്പോലെ വളരുന്നു. ഇത്തരം ചങ്ങാത്തങ്ങള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പക്ഷേ, ഇക്കാലത്തെ കുട്ടികള്‍ക്ക് കൂട്ടുകാരുമായി കാര്യങ്ങള്‍ പങ്കുവയ്ക്കാനും മനസ്സു തുറക്കാനുമുള്ള അവസരങ്ങള്‍ നഷ്ടമാവുന്നു. ചെറിയ കുട്ടികള്‍ക്കുപോലും ഏറ്റവും അടുത്ത ചങ്ങാതിയായി ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
അഭിരുചികള്‍ക്കു വിരുദ്ധമായി അച്ഛനമ്മമാരുടെ താല്‍പര്യം മാത്രം പരിഗണിച്ച് പഠിച്ചെത്താനാവാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനത്തില്‍ പരാജയപ്പെട്ട് ആത്മഹത്യചെയ്യുന്ന കുട്ടികളും മനസ്സിന്റെ താളംതെറ്റുന്ന നിരവധി കുട്ടികളും നമുക്കുചുറ്റുമുണ്ടെന്നതും വസ്തുതയാണ്. ചില കുട്ടികള്‍ മാര്‍ക്ക് വാങ്ങി പഠിച്ചു നല്ല ജോലിയൊക്കെ നേടിയെടുക്കും. പക്ഷേ, സാമൂഹികബന്ധമില്ലാതെ വളര്‍ന്നുവരുന്ന പല കുട്ടികളും വ്യക്തിജീവിതത്തില്‍ പൂര്‍ണ പരാജയമാവുന്ന സംഭവങ്ങളുമേറെയാണ്.
കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ വികസിപ്പിച്ചെങ്കിലും അണുകുടുംബങ്ങളിലേക്ക് മാറ്റപ്പെട്ട കുട്ടികളും പ്രായമായവരും ഒരുപോലെ അരക്ഷിതാവസ്ഥയിലായിരിക്കുന്നു. പഴയ ജീവിതാവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമല്ല. പക്ഷേ, കുട്ടികളുടെ കായിക-മാനസികോല്ലാസങ്ങള്‍ക്കും അതുവഴി വ്യക്തിത്വവികാസത്തിനും ഉതകുന്ന രീതിയില്‍ പുതിയ ജീവിതസാഹചര്യങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം മുതിര്‍ന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായേ തീരു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss