|    Aug 21 Mon, 2017 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവതാരകയോട് മോശം പെരുമാറ്റം; ഹൈടെക് സെല്‍ ഡിവൈഎസ്പിക്ക് സ്ഥാനചലനം

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: കേരള പോലിസിന്റെ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഹൈടെക് സെല്‍ ഡിവൈഎസ്പി വിനയകുമാരന്‍ നായരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എആര്‍ ക്യാംപിലേക്ക് തിരിച്ചയച്ചത്.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് കൊല്ലം റൂറല്‍ എസ്പി അജിതാബീഗത്തെ ഡിജിപി ചുമതലപ്പെടുത്തി. ഇവര്‍ നടത്തുന്ന അന്വേഷണത്തിനു ശേഷമായിരിക്കും പോലിസ് ഉദ്യോഗസ്ഥനെതിരേ കൂടുതല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കൊല്ലത്തെ ഒരു സ്വകാര്യഹോട്ടലില്‍ നടന്ന കേരള പോലിസിന്റെ സൈബര്‍ സുരക്ഷാസമ്മേളന ചടങ്ങിലാണ് അവതാരകയായ പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറിയത്.
ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങിയ ശേഷം സാംസ്‌കാരിക പരിപാടി അരങ്ങേറി. ഈ സമയം അവതാരകയായ പെണ്‍കുട്ടി സദസ്സിലെ സീറ്റിലിരിക്കുമ്പോള്‍ ഉദ്യോഗസ്ഥനെത്തി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും പിന്നീട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.
കൊല്ലം സ്വദേശിയായ പെ ണ്‍കുട്ടി അപ്പോള്‍തന്നെ റേഞ്ച് ഐജി മനോജ് എബ്രഹാമിനെ പരാതി അറിയിച്ചു. ഐജി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും മറ്റൊരു പോലിസുകാരനെയും ചോദ്യം ചെയ്തു. പരിപാടിയില്‍നിന്ന് ഇരുവരെയും ഇറക്കിവിടുകയും ചെയ്തു.  പരിപാടി നടക്കുന്ന സ്ഥലത്തെ ചുമതലയില്ലാതിരുന്നിട്ടും  ഉദ്യോഗസ്ഥന്‍ അനാവശ്യമായാണ് അവിടെയെത്തിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതിനെത്തുടര്‍ന്ന് സംഭവം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്താണ് ഐജി റിപോര്‍ട്ട് കൈമാറിയത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, ഡിജിപി അടക്കമുള്ള ഉന്നതര്‍, സംസ്ഥാനത്തെയും വിദേശത്തെയും പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇത്തരമൊരു സംഭവമുണ്ടായത് സേനയ്ക്കു നാണക്കേടായി മാറിയെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക