|    Jan 19 Thu, 2017 5:47 am
FLASH NEWS

അവതാരകയോട് അപമര്യാദ; എസിപിക്കെതിരേ കേസ്

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം/കൊല്ലം: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന കേരള പോലിസിന്റെ കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ തിരുവനന്തപുരം ഹൈടെക് സെല്‍ എസിപി വിനയകുമാരന്‍ നായര്‍ക്കെതിരേ  അഞ്ചാലുംമൂട് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിക്കല്‍, സ്ത്രീയോട് മോശമായി പെരുമാറല്‍  എന്നീ വകുപ്പുകള്‍ ചുമത്തി.
അവതാരകയുടെ പരാതിയില്‍ കൊല്ലം റൂറല്‍ എസ്പി അജിത ബീഗം കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എസിപി നിര്‍ബന്ധപൂര്‍വം തന്റെയും സഹ അവതാരകയുടെയും വാട്‌സ്ആപ്പ് നമ്പര്‍ വാങ്ങിയെന്നും ഒപ്പം നിര്‍ത്തി ഫോട്ടോയെടുപ്പിച്ചെന്നും പരാതിയിലുണ്ട്. കൂടാതെ, അന്നു രാത്രി അശ്ലീലച്ചുവയോടെ സംസാരിച്ചു.
എസിപിയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ച എസ്പി അജിത ബീഗം കഴിഞ്ഞ ദിവസം ഡിജിപിക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം അഞ്ചാലുംമൂട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിനയകുമാരന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കും. ഇദ്ദേഹത്തിനെതിരേ കഴിഞ്ഞയാഴ്ച വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഐജി മനോജ് എബ്രഹാം സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തല്‍സ്ഥാനത്തുനിന്നു നീക്കിയത്. ഇക്കഴിഞ്ഞ 18, 19 തിയ്യതികളില്‍ കൊല്ലത്തെ നക്ഷത്ര റിസോര്‍ട്ടില്‍ നടന്ന സൈബര്‍ സുരക്ഷാ സമ്മേളന നടത്തിപ്പിലടക്കം പോലിസിലെ ചില ഉന്നതര്‍ വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
എസിപി ശല്യം ചെയ്ത കാര്യം അന്നുതന്നെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരോട്  പറഞ്ഞിരുന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യുവതി പരാതിയുമായി മുന്നോട്ടുവന്നതോടെയാണ് കേസെടുത്തത്. വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അഞ്ചാലുംമൂട് എസ്‌ഐ എം കെ പ്രശാന്ത്കുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക