|    Dec 18 Mon, 2017 3:15 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അവഗണിക്കപ്പെടുന്ന സാമൂഹികപ്രശ്‌നങ്ങള്‍

Published : 4th May 2016 | Posted By: SMR

ജമാല്‍ കൊച്ചങ്ങാടി

സദാ ജാഗരൂകമായ ഒരു ഫുഡ് വിജിലന്‍സ് ഉണ്ടെങ്കില്‍ ഒരുപരിധിവരെ ഈ രോഗങ്ങളെയും അതുവഴിയുണ്ടാവുന്ന ചികില്‍സാച്ചെലവുകളെയും തടഞ്ഞുനിര്‍ത്താന്‍ കഴിയും. വല്ലപ്പോഴുമൊരിക്കല്‍ നിരത്തുവക്കത്തുള്ള വത്തക്കാ കച്ചവടക്കാരനെയോ മാമ്പഴവ്യാപാരിയെയോ പിടികൂടിയതുകൊണ്ടു മാത്രം ഇതു സാധ്യമല്ല. ചെക്‌പോസ്റ്റുകളില്‍നിന്ന് പ്രതിരോധം തുടങ്ങണം. വിഷഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തികടത്തിക്കൊണ്ടുവരില്ലെന്ന് പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടമുണ്ടാവണം. ഏതൊരു ഭക്ഷ്യവസ്തുവും ഏതു സമയത്തും സാംപിള്‍ പരിശോധനയ്ക്കു വിധേയമാവും എന്ന ഭയം മൊത്തവ്യാപാരികള്‍ക്കും ചില്ലറ കച്ചവടക്കാര്‍ക്കും ഉണ്ടാവണം. നക്കാപ്പിച്ച കൈക്കൂലി വാങ്ങി മരണത്തിന്റെയും രോഗത്തിന്റെയും ഏജന്റുമാരായ വ്യാപാരികളുടെ കൊടുംക്രൂരത മറച്ചുവയ്ക്കുന്ന ചെറുതും വലുതുമായ ഉദ്യോഗസ്ഥരെ നീതിപീഠത്തിനു മുമ്പില്‍ കൊണ്ടുവരാനും ശിക്ഷിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഭരണകൂടത്തിനുണ്ടാവേണ്ടത്.
ഇതൊക്കെ അസാധ്യവും അപ്രായോഗികവുമെന്നു പറഞ്ഞ് തള്ളിക്കളയുക എളുപ്പമാണ്. ആരോഗ്യരംഗത്ത് വളരെയധികം പ്രശംസിക്കപ്പെട്ട ഒരു മാതൃകയായിരുന്നു കേരളം. ആയുര്‍ദൈര്‍ഘ്യം, ശിശു-മാതൃ മരണനിരക്കുകള്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നാം ദേശീയ ശരാശരിയെ കവച്ചുവച്ചിരുന്നു. വികസിത രാജ്യങ്ങളോടൊപ്പം ഉയര്‍ന്ന ആരോഗ്യനിലവാരത്തെക്കുറിച്ച് നാം അഭിമാനംകൊണ്ടിരുന്നു. എന്നാല്‍, അടുത്ത ഏതാനും ദശകങ്ങളായി ഈ ഇമേജ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന മഞ്ഞപ്പിത്തവും മലേറിയയും ടൈഫോയ്ഡും എലിപ്പനിയും ഡെങ്കിപ്പനിയും ക്ഷയരോഗവുമൊക്കെ തിരിച്ചുവരുന്നു. ശുദ്ധജലവിതരണത്തിലെ അപര്യാപ്തതയും മാലിന്യനിര്‍മാര്‍ജനത്തിലുള്ള അനാസ്ഥയും രോഗപ്പെരുപ്പത്തിനും പകര്‍ച്ചവ്യാധികള്‍ക്കും വേഗം കൂട്ടുന്നു. സര്‍ക്കാരാശുപത്രികളുടെ ശോച്യാവസ്ഥ സാധാരണക്കാരനെ ചികില്‍സാച്ചെലവേറിയ സ്വകാര്യ ആശുപത്രികളിലേക്ക് ഓടിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ കാലമാണിത്. ഉള്ളതും ഇല്ലാത്തതുമായ സ്‌കാനിങുകളുടെയും സര്‍ജറികളുടെയും പേരുപറഞ്ഞ് കഴിയാവുന്നതിലപ്പുറം രോഗികളെ പിഴിയുകയാണ് ഈ ആതുരാലയങ്ങള്‍. വര്‍ധിച്ച നിത്യചെലവുകള്‍ക്കു പുറമേ ദുര്‍വഹമായ ഈ ചികില്‍സാച്ചെലവിന്റെ ഭാരവും സാധാരണക്കാരനെ വീര്‍പ്പുമുട്ടിക്കുകയാണ്. ജനസംഖ്യയുടെ അഞ്ചിലൊരുഭാഗവും 60 വയസ്സിനു മുകളിലെത്തി നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് രോഗപ്രതിരോധത്തിലൂടെ മാത്രമേ ചികില്‍സാച്ചെലവുകള്‍ തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധിവരെയെങ്കിലും കഴിയൂ.
സാധാരണക്കാരന്റെ ഈ ദുര്‍വഹമായ ഭാരം നമ്മുടെ പ്രതിനിധികളായി അസംബ്ലിയിലെത്തുന്നവര്‍ അറിയണമെന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ചികില്‍സാച്ചെലവിന്റെ പേരില്‍ രണ്ടുകോടി രൂപയോളം പൊതുഖജനാവില്‍നിന്ന് അടിച്ചുമാറ്റിയ എംഎല്‍എമാര്‍ വരെയുണ്ട്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന സിനിമാതാരത്തിന്റെ ചികില്‍സയ്ക്കു വരെ കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നല്‍കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടായതായി കേട്ടു. പക്ഷേ, സാധാരണക്കാരന്‍ എന്തുചെയ്യും? അവരുടെ ഭാവി ഭയാനകമാണ്. അതിന് ഒരറുതിവരുത്താനുള്ള അവസരം ഇതാണ്.
ഫഌക്‌സ് ബോര്‍ഡുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി ആയിരക്കണക്കിന് കോടികള്‍ ചെലവാക്കുന്നത് മോക്ഷത്തിനുവേണ്ടിയല്ല. പദവിയും സ്ഥാനമാനങ്ങളും പിന്നാമ്പുറത്തു കൂടി സമ്പാദിക്കാന്‍ കഴിയുന്ന വന്‍ സമ്പത്തും കണ്ടിട്ടുതന്നെയാണ് സീറ്റുകള്‍ക്കു വേണ്ടി കടിപിടികൂടുന്നതും സോപ്പിടുന്നതും വിലപേശുന്നതുമൊക്കെ. അഞ്ചുകൊല്ലം നിയമസഭയിലോ പാര്‍ലമെന്റിലോ ഇരുന്നാല്‍പ്പോലും പെന്‍ഷന്‍ കിട്ടും. റേഷന്‍, വൈദ്യുതി, വെള്ളം, ഫോണ്‍, യാത്ര, പാര്‍പ്പിടം എല്ലാത്തിനും സൗജന്യം. ഇതെല്ലാം തന്നെയാണ് ജനപ്രതിനിധികളാവാന്‍ പ്രേരിപ്പിക്കുന്ന പ്രലോഭനങ്ങള്‍. കഴുത്തില്‍ ഷോളണിഞ്ഞ്, കൂപ്പുകൈയും പുഞ്ചിരിയുമായി അവരെത്തുമ്പോള്‍ തുറന്നുപറയുക: വിഷമില്ലാത്ത ഭക്ഷണം നല്‍കുന്നവര്‍ക്കു മാത്രമാണ് ഞങ്ങളുടെ വോട്ട്. ഇതു ഞങ്ങളുടെ മൗലികാവകാശമാണ്. മറ്റുള്ളതെല്ലാം ഈ അടിയന്തരാവശ്യം കഴിഞ്ഞു മതി.

(അവസാനിച്ചു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss