|    Jul 19 Thu, 2018 5:55 am
FLASH NEWS

അവഗണന പേറി വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രം ; കിടത്തിച്ചികില്‍സ പുനരാരംഭിക്കാന്‍ നടപടിയില്ല

Published : 12th September 2017 | Posted By: fsq

 

മാനന്തവാടി: സൗകര്യങ്ങളും ആവശ്യത്തിനു കെട്ടിടങ്ങളും ഉണ്ടായിട്ടും ഒരുവര്‍ഷം മുമ്പ് മുടങ്ങിയ കിടത്തിച്ചികില്‍സ പുനരാരംഭിക്കാന്‍ നടപടിയില്ല. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളുടെ സംഗമസ്ഥലമായ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടാണ്  ആരോഗ്യവകുപ്പിന്റെ അവഗണന. ആധുനിക സജ്ജീകരണങ്ങളുള്ള ലബോറട്ടറി, ഫാര്‍മസി, കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ കിടത്തിച്ചികില്‍സ ആരംഭിക്കുകയും ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോവുന്നതോടെ നിര്‍ത്തുകയും ചെയ്യുകയാണ്. ഇതോടെ കട്ടിലുകളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്തു. മെഡിക്കല്‍ ഓഫിസറുടെ ക്വാട്ടേഴ്‌സ് കാടുമൂടി നശിക്കുകയാണ്. കിടത്തിച്ചികില്‍സ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹികവിരുദ്ധരുടെ താവളമാവുന്ന സാഹചര്യവും നിലവിലുണ്ട്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ സ്ഥലം മാറ്റപ്പെട്ടതോടെയാണ് കിടത്തിച്ചികില്‍സ നിലച്ചത്. പ്രതിദിനം മുന്നൂറിലേറെ പേര്‍ ഒപി വിഭാഗത്തില്‍ ചികില്‍സ തേടുന്ന ഈ ആശുപത്രിയില്‍ ആകെയുള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രം. നാലു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു മെഡിക്കല്‍ ഓഫിസറും ഒരു എന്‍എച്ച്എം ഡോക്ടറുമാണ് നിലവില്‍. കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ ഓഫിസര്‍ക്ക് ഇവിടെ അധികസമയം ചെലവഴിക്കാന്‍ കഴിയില്ല. മെഡിക്കല്‍ ഓഫിസര്‍ കോണ്‍ഫറന്‍സ്, മെഡിക്കല്‍ ക്യാംപ് മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തുപോവേണ്ടിവരുവുന്നതു മൂലം രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാവും. രണ്ടു ഫാര്‍മസിസ്റ്റ് വേണ്ടിടത്ത് ഒരാള്‍ മാത്രമാണ്. നാലു സ്റ്റാഫ് നഴ്‌സ് വേണ്ടിടത്ത് നിലവിലുള്ളത് രണ്ടുപേര്‍. വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലെ ആദിവാസികളുള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമാണ് വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രം. നിരവില്‍പ്പുഴ, മട്ടിലയം, കുഞ്ഞോം, കോറോം, മക്കിയാട്, കാഞ്ഞിരങ്ങാട്, തേറ്റമല, വെള്ളിലാടി, അഞ്ചാംപീടിക, പുതുശേരി, പുളിഞ്ഞാല്‍, നാരോക്കടവ്, മൊതക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ദിനേന ഈ ആശുപത്രിയിലെത്തുന്നുണ്ട്. മഞ്ഞപ്പിത്തം അടക്കമുളള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് വെള്ളമുണ്ട പിഎച്ച്എസി പരിധിയില്‍ ഒന്നിലേറെ ആളുകള്‍ മരിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് ആരോഗ്യവകുപ്പ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss