|    Apr 20 Fri, 2018 1:08 am
FLASH NEWS

അവഗണനയുടെ നടുവില്‍ വീര്‍പ്പുമുട്ടി നെട്ടൂരിലെ ‘ശാന്തിവനം’

Published : 21st March 2017 | Posted By: fsq

 

മരട്: പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ആശ്രയമായ നെട്ടൂര്‍ ശാന്തിവനം പൊതുശ്മശാനം അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു. മരട് നഗരസഭ, കുമ്പളം പഞ്ചായത്ത്, ചേര്‍ത്തല, അരൂര്‍, തേവര, പൂണിത്തുറ, ചമ്പക്കര, തൈക്കൂടം, വൈറ്റില, എരൂര്‍ എന്നിവിടങ്ങളിലെ ഹൈന്ദവ വിഭാഗത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തിക്കുന്ന ശ്മശാനമായ നെട്ടൂരിലെ ശാന്തിവനത്തിനാണ് ഈ ദുരവസ്ഥ.
മരട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍ കൗണ്‍സിലിന്റെ ഭരണകാലത്ത് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലാഭമുണ്ടാക്കുന്നതിനു വേണ്ടി കരാറുകാരന്‍ മൃതദേഹം പൂര്‍ണമായും ദഹിപ്പിക്കാതെ ഒന്നിനു മുകളില്‍ മറ്റൊന്നായി ദഹിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവങ്ങളുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തേയും ഇടപെടലിനേയും തുടര്‍ന്ന് കരാറുകാരറെ മാറ്റുകയും പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു.
പിന്നീട് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം, ഭരണമാറ്റത്തോടെയാണ് അവഗണനയിലായതെന്നാണ് ഉയരുന്ന ആക്ഷേപം.
മരട് നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് അന്‍പതുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ഗ്യാസ് ക്രിമറ്റോറിയം അവഗണനയെ തുടര്‍ന്ന് ഭാഗികമായി നശിച്ചനിലയിലാണ്. ഒന്നരവര്‍ഷമായി പ്രവര്‍ത്തനരഹിതവുമാണ്. 14 മൃതദേഹങ്ങളാണ് ആകെ ദഹിപ്പിച്ചിട്ടുള്ളത്. പ്രവര്‍ത്തിക്കാത്തതു കാരണം ഗ്യാസ് ബര്‍ണറുകള്‍ തുരുമ്പെടുത്തു. രണ്ടു ബ്ലോവറുകളും പ്രവര്‍ത്തനരഹിതമായി.
വിറക് ഉപയോഗിച്ച് പരമ്പരാഗതമായ രീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയാണ് ഏറെപ്പേരും  പിന്‍തുടരുന്നത്. എന്നാല്‍ ഈ സംവിധാനവും  മാസങ്ങളായി പ്രതിസന്ധി നേരിട്ടാണ് മുന്നോട്ടു പോവുന്നത്. കേടുപാടുകള്‍ തീര്‍ക്കാത്തതു കാരണം ഷട്ടറുകളില്‍ തുളകള്‍ വീണു. ബിപിഎല്‍ വിഭാഗങ്ങളിലെ കുടുംബാംഗങ്ങള്‍ മരിച്ചാല്‍ സൗജന്യമായാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്.
ബിപിഎല്‍ കുടുംബമാണെന്ന് നഗരസഭ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖ നല്‍കുന്നതല്ലാതെ ശ്മശാന നടത്തിപ്പുകാര്‍ക്ക് ഇതിന്റെ ചെലവിലേക്ക് പണം നല്‍കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും നഗരസഭ ഒഴിഞ്ഞു മാറുകയാണെന്ന് ഹൈന്ദവ സംഘടനകള്‍ പരാതിപ്പെടുന്നു. ഇത്തരത്തില്‍ ഏഴോളം ബിപിഎല്‍ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച പണം നഗരസഭയില്‍ നിന്നും കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്.
ശേഷക്രിയ ചെയ്യാനുള്ള ശുദ്ധജലമെടുക്കേണ്ട ചെറിയ തടാകം മലിനജലം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ്. ജലാശയത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മൃതദേഹത്തില്‍ അര്‍പ്പിക്കുന്ന പുഷ്പചക്രങ്ങളും തുണിയും മറ്റും മാസങ്ങളായി ശ്മശാനത്തിലെ ടാങ്കില്‍ കൂട്ടിയിട്ട നിലയിലാണ്. പരിസരവാസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കത്തിച്ചു കളയാന്‍ കഴിയാത്തതാണ് ഈ അവസ്ഥക്ക് കാരണം. മതിലില്‍ ഉയരമുള്ള ഷീറ്റുപയോഗിച്ച് മറച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളുവെന്നാണ് ചൂണിക്കാട്ടപ്പെടുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തി ശ്മശാനവും പരിസരവും ശുചീകരിക്കേണ്ട നഗരസഭാ ജീവനക്കാര്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും എത്തുന്നില്ല. ഇതുമൂലം ആളുകള്‍ക്ക് ഇരിക്കാന്‍ വൃക്ഷങ്ങള്‍ക്കു ചുറ്റും നിര്‍മിച്ച മാര്‍ബിള്‍ പാകിയ ഇരിപ്പിടങ്ങള്‍ വൃത്തിഹീനമായി നശിച്ച അവസ്ഥയിലാണ്. പുഴയോരത്തെ കൈവരികളും പൊട്ടിപ്പൊളിഞ്ഞു. ആറുമാസത്തിലേറെയായി ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. ഭരണമാറ്റത്തെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെയാണ് പൊതുശ്മശാനം ഇത്രയേറെ  അവഗണയില്‍ വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലായതെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആക്ഷേപം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss