|    Jul 19 Thu, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അവകാശനിഷേധത്തിനെതിരേ കായികാധ്യാപക ധര്‍ണ

Published : 7th August 2017 | Posted By: fsq

 

മലപ്പുറം: സംയുക്ത കായികാധ്യാപക സംഘടന സര്‍ക്കാരിനു നല്‍കിയ നോട്ടീസില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവച്ച് കായികമേളകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കായികാധ്യാപക തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത കായികാധ്യാപക സംഘടന സര്‍ക്കാരിനു നോട്ടീസ് നല്‍കിയത്.ആഗസ്ത് 5നു നടന്ന ആരോഗ്യ-കായിക വിദ്യാഭ്യാസ പരിശീലന പരിപാടി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ടാണ് കായികാധ്യാപകര്‍ പ്രതിഷേധത്തിനു തുടക്കം കുറിച്ചത്. നാളെ മലപ്പുറം ജില്ലാ ഓഫിസിനു മുന്നില്‍ പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കാനും എല്ലാ റവന്യൂ ജില്ലാ സെക്രട്ടറിമാരും 17 ഉപജില്ലാ സെക്രട്ടറിമാരും  രാജിവയ്ക്കുവാനും തീരുമാനിച്ചു.ധര്‍ണ പ്രമുഖ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ പി എസ് പയ്യനടം ഉദ്ഘാടനം ചെയ്യും. വിവിധ അധ്യാപക സംഘടനാ നേതാക്കളും സംസ്ഥാന പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ എടരിക്കോട് എന്നിവര്‍ സംസാരിക്കും. ധര്‍ണയില്‍ കലാകായിക വിദ്യാഭ്യാസ അവഗണനക്കെതിരേ കലാ—ധ്യാപകര്‍ പ്രതിഷേധ ഗാനങ്ങള്‍ അവതരിപ്പിക്കും. റാലിയില്‍  കായികാധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് എന്നിവര്‍ പങ്കെടുക്കും. സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ നൂറുകണക്കിന് സ്‌പെഷ്യലിസ്റ്റ് തസ്തികകളാണ് നഷ്ടപ്പെട്ടത്. ഇതോടെ വിവിധ ജില്ലകളില്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും തൊഴില്‍ സാധ്യത ഇല്ലാതായി. ഭാഷാധ്യാപകര്‍ക്കു തുല്യമായി പിരീഡുകള്‍ കണക്കാക്കാക്കി യുപി സ്‌കൂളുകളിലും 8, 9, 10 ക്ലാസുകളിലെ ടൈംടേബിള്‍ പ്രകാരം പിരീഡുകള്‍ കണക്കാക്കി ഹൈസ്‌കൂളുകളിലും തസ്തിക സൃഷ്ടിക്കണമെന്നുമാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്. തുല്യജോലിക്ക് തുല്യവേതനം അനുവദിക്കണമെന്നും പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായ കായിക വിദ്യഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തസ്തിക അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മികച്ച നേട്ടം കൈവരിക്കുന്ന കായികതാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ ഈ കായികപ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്ത കായികാധ്യാപകരെ അവഗണിക്കുകയാണ്. ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് പ്രൈമറി ശമ്പളം മാത്രമാണ് നല്‍കുന്നത്. കൂടാതെ യുപിയില്‍ ഏതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക മാത്രമേ അനുവദിക്കുന്നുള്ളൂ. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കലാകായിക-പ്രവൃത്തിപരിചയ വിഷയങ്ങള്‍ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മറികടക്കാന്‍ എസ്എസ്എയിലൂടെ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാല് സ്‌കൂളില്‍ ജോലി ചെയ്യിച്ചുകൊണ്ട് കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമോഷന്‍ സാധ്യതകളും മറ്റ് ആനുകൂല്യങ്ങളുമില്ലാത്ത സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കാനിരുന്ന മേളകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സെക്രട്ടറി ഫാറൂഖ് പുത്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കായികാധ്യാപക സംഘടനാ മലപ്പുറം റവന്യുജില്ലാ  സെക്രട്ടറി വി സജ്ജാദ് സാഹിര്‍, കെപിഎസ്പിഇടിഎ സെക്രട്ടറി മുനീര്‍ എം, മുഹമ്മദ് ഷറഫുദ്ദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss