|    Dec 11 Mon, 2017 7:52 am
Home   >  Editpage  >  Article  >  

മനുഷ്യാവകാശം ഭരണവര്‍ഗത്തിന് മാത്രമുള്ളതോ?

Published : 11th December 2016 | Posted By: mi.ptk

avakasangal-nishedhangal

അംബിക

maoist-devaraj-funeral

വംബര്‍ 24 ന് കൊലചെയ്യപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെയും അജിത എന്ന കാവേരിയുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ കുപ്പു ദേവരാജിന്റെ സംസ്‌കാരം ഡിസംബര്‍ 9ന് കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തിലാണു നടന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ഏറ്റുവാങ്ങിയ ശേഷം കേരള പോലിസും സംഘപരിവാരശക്തികളും നടത്തിയ നെറികേടുകളും മനുഷ്യാവകാശലംഘനങ്ങളും വാക്കുകള്‍കൊണ്ട് വിവരിക്കാനാവുമെന്ന് തോന്നുന്നില്ല.

devaraj

ഏതു കൊടും കുറ്റവാളിയുടേതായാലും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയാല്‍ പിന്നീട് അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണിക്കുന്നതിനും പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനും സംസ്‌കരിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍, ഇത്തരം അവകാശങ്ങളെല്ലാം ഇവിടെ നിഷേധിക്കപ്പെട്ടു. മുതലക്കുളം മൈതാനിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചത് അവിടെ ക്ഷേത്രമുണ്ടെന്ന കാരണം പറഞ്ഞ് സംഘികളും പോലിസും തടയുകയായിരുന്നു.

പിന്നീട് മനുഷ്യാവകാശപ്രവര്‍ത്തകനായ ഗ്രോ വാസു തന്റെ പേരില്‍ 50 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പൊറ്റമ്മലില്‍ സ്ഥിതിചെയ്യുന്ന വര്‍ഗീസ് സ്മാരക പുസ്തകശാലയ്ക്കു സമീപം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനമറിഞ്ഞ ഉടനെ സംഘികളും പോലിസും ചേര്‍ന്ന് ക്രമസമാധാനപ്രശ്‌നം പറഞ്ഞ് അതും തടയുകയായിരുന്നു. വാസ്തവത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള സാഹചര്യം ഒരുക്കേണ്ടിയിരുന്ന പോലിസ് സംഘികള്‍ക്കൊപ്പം നിന്ന് അതു തടയുന്നതിനായുള്ള പിണറായിയുടെ ഉത്തരവ് നടപ്പാക്കുകയായിരുന്നു. ഒരു കുറ്റവാളിയുടേതുപോലെ ആരും കാണാതെ ഒളിച്ചുകടത്തി കുഴിച്ചുമൂടാനുള്ളതല്ല ജനങ്ങള്‍ക്കു വേണ്ടി മരിച്ച ഒരു മനുഷ്യസ്‌നേഹിയുടെ മൃതദേഹം എന്ന് കുപ്പു ദേവരാജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും തീരുമാനിച്ചതോടെയാണ് മോര്‍ച്ചറിക്കു മുന്നിലും മാവൂര്‍റോഡ് ശ്മശാനത്തിലും അല്‍പനേരമെങ്കിലും പൊതുദര്‍ശനത്തിനുവയ്ക്കാന്‍ കഴിഞ്ഞത്.

kuppudevarajku-ami

മൃതദേഹം കണ്ട ഏതൊരാള്‍ക്കും മനസ്സിലാക്കാനാവുന്ന ഒരു കാര്യമുണ്ട്, പോലിസ് കസ്റ്റഡിയിലെടുത്തശേഷം ക്രൂര പീഡനത്തിനൊടുവിലാണ് വെടിവച്ചുകൊന്നതെന്നത്. കുപ്പു ദേവരാജിന്റെ കണ്ണിന്റെ സ്ഥാനത്ത് ഒരു കുഴിമാത്രമാണുള്ളത്. ബയണറ്റുകൊണ്ട് ചൂഴ്‌ന്നോ അതോ കണ്ണിലും വെടിവച്ചോ? മുഖത്തും മര്‍ദനമേറ്റ പാടുണ്ട്. എന്തായാലും പോലിസ് പറഞ്ഞപോലുള്ള ഏറ്റുമുട്ടല്‍ കൊലയല്ല ഇത് എന്നുള്ളതിന് ഈ ഒരൊറ്റ തെളിവ് ധാരാളം മതി. റീ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കാത്തതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ലെന്നു കരുതേണ്ടിവരുന്നു. ആ മുഖം കണ്ട ഏതൊരാളിലും ഈ ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും എന്നതുകൊണ്ടുതന്നെയാണ് പൊതുദര്‍ശനം പരമാവധി ചുരുക്കാനും കഴിയുന്നതും വേഗം സംസ്‌കരിക്കാനും പോലിസ് തിരക്കു കൂട്ടിയത്.

ധൃതിപിടിച്ച് മൃതദേഹം പോലിസ് സംസ്‌കരിക്കുമെന്നു പറഞ്ഞ് പിടിച്ചുവാങ്ങാനുള്ള ശ്രമം വരെ ഉണ്ടായി. മാത്രമല്ല, കുപ്പു ദേവരാജിന്റെ സഹോദരന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കാന്‍ വരെ പോലിസ് മുതിര്‍ന്നു. 87 വയസ്സുള്ള വാസു ഏട്ടനോടടക്കം അപമര്യാദയായി പോലിസ് പെരുമാറി. ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ മോര്‍ച്ചറിയിലിരിക്കുകയാണ് കൊല്ലപ്പെട്ട കാവേരിയുടെ മൃതദേഹം. ഡിസംബര്‍ 14 വരെ സൂക്ഷിക്കാനുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. അവരുടെ ജീവിതപങ്കാളി എത്തിയെങ്കിലും കൂടെ ജീവിച്ചതിന് തെളിവില്ലെന്നതിന്റെ പേരില്‍ ആവശ്യം നിരസിക്കുകയായിരുന്നു. അവരുടെ സുഹൃത്തുക്കളും മൃതദേഹം ആവശ്യപ്പെട്ട് എത്തിയെങ്കിലും വിട്ടുകൊടുത്തിട്ടില്ല.

gl-maoist-kupppu-devaraj

കാവേരിയെന്ന അജിതയുടെ പേരില്‍ ഒരു പെറ്റിക്കേസ് പോലുമില്ല. അവരുടെ കൈയില്‍നിന്ന് ഒരായുധവും പിടികൂടാനുമായിട്ടില്ല. അവരെ എന്തിനു കൊന്നു എന്നാണ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. ഇവരുടെ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. മുഖത്ത് മര്‍ദനത്തിന്റെ പാടുണ്ടെന്നു മൃതദേഹം കണ്ടവര്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്നത് കസ്റ്റഡിയിലെടുത്ത് കൊടിയ മര്‍ദനത്തിനൊടുവിലാണ് അവരെയും വെടിവച്ചുകൊന്നിരിക്കുന്നത് എന്നതാണ്.

maoists-nilambur

വീണ്ടും പോസ്റ്റ്‌മോര്‍ട്ടം എന്ന ആവശ്യം ഇവരുടെ കാര്യത്തിലും അനുവദിച്ചിട്ടില്ല. ഇവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മനുഷ്യാവകാശപ്രവര്‍ത്തകരും സുഹൃത്തുക്കളും ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ അതിനു തയ്യാറാവുന്നില്ല. ഇത്തരം ഒരാവശ്യം പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നില്ലെന്നുള്ളത് ദുഃഖകരമാണ്. ഉന്നത നിയമബിരുദമുള്ളവരാണവര്‍. സ്ത്രീപ്രവര്‍ത്തകയും മനുഷ്യാവകാശപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു അവരെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഇത്തരമൊരു പൊതുപ്രവര്‍ത്തകയുടെ, മനുഷ്യസ്‌നേഹിയുടെ മൃതദേഹം അജ്ഞാത ശരീരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നിഷ്ഠുര നിലപാടിനെതിരേ ശക്തമായ പ്രതിഷേധം കേരളത്തിലാകെ ഉയര്‍ന്നുവരേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക