|    Jun 25 Mon, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

അവകാശങ്ങള്‍ നിഷേധങ്ങള്‍;എട്ടുമണിക്കൂര്‍ തൊഴില്‍ദിനം അവകാശം

Published : 21st November 2016 | Posted By: mi.ptk

വര്‍ഷങ്ങള്‍ക്കു മുമ്പ് സുഹൃത്തുമായി ഒരു ആശുപത്രി കാര്യത്തിനാണ് ബംഗളൂരുവില്‍ പോയത്. കാര്യങ്ങളൊക്കെ തീര്‍ത്ത് അദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ ഒരു സൗഹൃദസന്ദര്‍ശനം നടത്തി. ബന്ധു ഐടി പ്രഫഷനലാണ്. ഭാര്യയും ഐടി മേഖലയില്‍ തന്നെ. ഞങ്ങള്‍ ചെല്ലുമെന്നറിഞ്ഞതുകൊണ്ട് യുവാവ് നേരത്തേ എത്തിയിട്ടുണ്ട്. ഭാര്യ ഇനിയും വന്നിട്ടില്ല. കാലത്തു പോയാല്‍ രാത്രി പതിനൊന്നിനാണത്രെ ഭാര്യയുടെ വരവ്. ജോലി അഞ്ചിന് തീരുമെങ്കിലും നേരത്തേ ഇറങ്ങാന്‍ കഴിയാറില്ല. ഭര്‍ത്താവിന്റെ കാര്യം ഭേദമാണ്. എട്ടു മണിക്കു പോരാം. വീട്ടില്‍ ഭക്ഷണംവയ്‌പ്പൊന്നുമില്ല. പാര്‍സല്‍ വാങ്ങും. പാചകം ഞായറാഴ്ചകളില്‍ മാത്രം, അതും ഒത്താല്‍.  ഐടി കമ്പനിക്കാര്‍ വലിയ ശമ്പളം വാങ്ങുന്നവരായതുകൊണ്ട് നാട്ടുകാര്‍ക്കും അവരോട് അത്ര മമത പോര. അനുഭവിക്കട്ടെ എന്നാണ് ലൈന്‍. എട്ടു മണിക്കൂര്‍ ജോലി എന്നതൊക്കെ എന്തോ പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും സുഖിമാന്മാരുടെ പരിപാടിയാണെന്നുമൊക്കെ ഐടിക്കാരും കരുതുന്നുണ്ടെന്നും തോന്നി. ഇതൊക്കെ 10 കൊല്ലം മുമ്പാണ്. ബംഗളൂരുവില്‍ ഇപ്പോഴും അങ്ങനെയാണോ എന്നറിയില്ല. പക്ഷേ, കേരളത്തില്‍ അങ്ങനെത്തന്നെയാണ്. സാമൂഹികപ്രവര്‍ത്തകയും ഐടി തൊഴിലാളിയുമായ അപര്‍ണ പ്രഭയുടെ അനുഭവം നോക്കൂ. കോഴിക്കോട്ടെ ഐടി കമ്പനിയിലാണ് അപര്‍ണ. ജോലിസമയം അഞ്ചുവരെയാണെങ്കിലും തീരാത്ത ജോലിയുണ്ടെങ്കില്‍ ആറരവരെ ഇരിക്കും. സഹപ്രവര്‍ത്തകരില്‍ ചിലര്‍ അതുകഴിഞ്ഞും. പക്ഷേ, അപര്‍ണ ആറരയ്ക്കു ശേഷം ജോലി ചെയ്യാറില്ല. ചെയ്യണമെന്നാണ് മാനേജ്‌മെന്റിന്റെ താല്‍പര്യം. ആറരയ്ക്ക് ഇറങ്ങിയാല്‍ തന്നെ 10 മണിക്കൂറില്‍ അധികമായി. അതില്‍ കൂടുതല്‍ ഇരിക്കേണ്ട കാര്യമില്ലെന്ന് അപര്‍ണയും വാദിച്ചു. മാനേജ്‌മെന്റിനെ അനുകൂലിച്ചവരും സഹപ്രവര്‍ത്തകരിലുണ്ടത്രെ. കഴിഞ്ഞ ദിവസം പതിവുപോലെ ജോലിക്കെത്തിയ അപര്‍ണയോട് മാനേജ്‌മെന്റ് രാജി ആവശ്യപ്പെട്ടു. അപര്‍ണ വഴങ്ങാതായപ്പോള്‍ പിരിച്ചുവിട്ടു. ജോലി ചെയ്യുന്നില്ലെന്നതാണത്രെ പറഞ്ഞ കാരണം. ടെര്‍മിനേഷന്‍ ലെറ്റര്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. എട്ടു മണിക്കൂര്‍ എന്ന തിയറിയൊന്നും ഈ മേഖലയില്‍ നടക്കില്ലെന്നും മാനേജര്‍ സൂചിപ്പിച്ചു. എട്ടു മണിക്കൂര്‍ ജോലി എന്നത് ചരിത്രപരമായി വികസിച്ചുവന്ന ഒരു സംവിധാനമാണ്. വ്യവസായ വിപ്ലവകാലത്ത് ജോലിയെടുക്കാത്ത സമയം നഷ്ടപ്പെട്ട സമയമായാണ് മുതലാളിമാര്‍ കണക്കാക്കിയിരുന്നത്. കൂടുതല്‍ സമയം അധ്വാനിപ്പിച്ച് കൂടുതല്‍ ഉല്‍പാദനം ഉണ്ടാക്കുന്നതിലായിരുന്നു താല്‍പര്യം. അതിനുവേണ്ടി ഒഴിവുദിനങ്ങള്‍ വെട്ടിച്ചുരുക്കുകയും അധ്വാനസമയം വര്‍ധിപ്പിക്കുകയും ചെയ്തു. 12 മണിക്കൂര്‍ തൊഴില്‍ദിനം അസാധാരണമായിരുന്നില്ല. തൊഴിലാളി യൂനിയനുകളുടെ സമ്മര്‍ദവും കാരണമായി. 1830 മുതല്‍ ക്രമാനുഗതമായി ജോലിസമയം കുറഞ്ഞുകുറഞ്ഞുവന്നു. 1919ല്‍ എട്ടു മണിക്കൂര്‍ ജോലിയെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം നടന്നു. മുഴുവന്‍ സമയവും തൊഴില്‍ശാലയില്‍ ചെലവഴിക്കുന്ന തൊഴിലാളി കാറുകളുടെ ഉപഭോക്തക്കളാവില്ലെന്ന പ്രഖ്യാപനത്തോടെ ഹെന്‍ട്രി ഫോര്‍ഡ് ഒഴിവുസമയത്തിനും സാമ്പത്തികമൂല്യമുണ്ടെന്ന കാര്യം മുതലാളിമാരെ ഓര്‍മിപ്പിച്ചു. 1870 മുതല്‍ 1992 വരെയുള്ള കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍സമയം കുറഞ്ഞുകുറഞ്ഞു വന്നതായി കാണാം. തന്റെ കൊച്ചുമക്കളുടെ തലമുറയില്‍ തൊഴില്‍സമയം മൂന്നു മണിക്കൂറായി ചുരുങ്ങുമെന്നുപോലും കെയ്ന്‍സ് പ്രത്യാശിച്ചിരുന്നു. എന്നാല്‍, സേവനമേഖലയുടെ വികാസവും ആഗോളവല്‍ക്കരണവും തൊഴില്‍സമയം അടിമുടി മാറ്റിമറിച്ചു. അസംഘടിതമേഖലയില്‍ മാത്രമല്ല, സേവനമേഖലയിലും ഇന്ന് എട്ടുമണിക്കൂര്‍ തൊഴില്‍ദിനം സ്വപ്‌നം മാത്രമാണ്. തൊഴിലുടമകള്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റിമറിക്കാവുന്ന ഒന്നായി അതുമാറി. തൊഴിലാളിവര്‍ഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒരു സംവിധാനമാണ് അട്ടിമറിക്കപ്പെടുന്നത്. അതു ചോദ്യംചെയ്യേണ്ട തൊഴിലാളിസംഘടനകള്‍ക്കാവട്ടെ പഴയ ശക്തിയും പ്രതാപവുമില്ല. അവസരം മുതലെടുക്കുന്ന മാനേജ്‌മെന്റുകള്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുന്നു.  പിരിച്ചുവിടലും നിയമരാഹിത്യവും നിത്യസംഭവങ്ങളാണ്. അപര്‍ണയെ പോലുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പിരിച്ചുവിടുന്നത് വാര്‍ത്തപോലുമല്ല. പുതിയ കാലത്തിന്റെ നിയമമായി നാമത് അംഗീകരിച്ചുകഴിഞ്ഞു. പക്ഷേ, ഇത് അപകടകരമാണ്, എതിര്‍ക്കപ്പെടേണ്ടതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss