|    Oct 16 Tue, 2018 6:58 am
FLASH NEWS
Home   >  Editpage  >  Article  >  

യാത്രയ്ക്കിടയില്‍ ഇത്തിരി നേരം ഒത്തിരി കാര്യം

Published : 27th December 2015 | Posted By: SMR

slug-avkshngl-nishdngl

ഇന്‍സാന്‍

അറബിക്കടലിന്റെ റാണിയായ കൊച്ചി കാണാനാണു മാതാപിതാക്കളും കൗമാരപ്രായം പിന്നിട്ട രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം എറണാകുളത്തേക്കു തിരിച്ചത്. പാലക്കാട് നിന്ന് അതിരാവിലെ ആരംഭിച്ച ആനബസ്സിലെ യാത്ര ഒരുവിധം പിന്നിട്ടപ്പോഴാണ് ആ സൂപ്പര്‍ഫാസ്റ്റ് ബസ് ഇഴയാന്‍ തുടങ്ങിയത്. ബസ്സിന്റെ വേഗം കുറയാനുള്ള കാരണം പുറത്തേക്കുനോക്കിയപ്പോള്‍ അവര്‍ക്കു മനസ്സിലായി. മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവൃത്തി നടക്കുന്നതിനാലാണു ബസ്സിന്റെ വേഗം നഷ്ടപ്പെട്ടത്. ആലുവയില്‍നിന്ന് എറണാകുളത്തേക്കെത്താന്‍ ഏകദേശം ഒന്നരമണിക്കൂര്‍ എടുത്തതില്‍ സമയത്തിന്റെ മുഖ്യപങ്കും അപഹരിച്ചത് ഇടപ്പള്ളിയിലെ ലുലു മാളിനു മുമ്പിലുണ്ടായ വാഹനഗതാഗതക്കുരുക്കാണ്. എറണാകുളം ബോട്ട്‌ജെട്ടിയിലെത്തി ഫെറി ബോട്ട് മാര്‍ഗം കൊച്ചിക്കു പോവാനാണ് ആ കുടുംബം തീരുമാനിച്ചത്.
കുടുംബം കൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ കയറിക്കൂടി. ഇതിനിടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇടംതേടിയെങ്കിലും അക്കാര്യം നടന്നില്ല. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ ബോട്ടിറങ്ങിയ ആ കുടുംബം പ്രാഥമികാവശ്യം നിറവേറ്റാന്‍ മൂത്രപ്പുര അന്വേഷിച്ചപ്പോള്‍ അവര്‍ ഏതോ അന്യഗ്രഹജീവികളാണെന്ന മട്ടിലാണ് ജെട്ടി അധികൃതരും മറ്റും പെരുമാറിയത്. കൂടാതെ നിര്‍മാണം പൂര്‍ത്തിയാക്കി കാലങ്ങളായി പൂട്ടിക്കിടക്കുന്ന മൂത്രപ്പുര ചൂണ്ടിക്കാട്ടി ജെട്ടിമാസ്റ്റര്‍ ഒരു കോമഡി സിനിമയിലെ അഭിനേതാവിനെപ്പോലെ ഒരു വഷളന്‍ കമന്റ് പാസാക്കുകയും ചെയ്തു.
കേരളത്തിലെ മഹാനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ഭൗതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് മേല്‍പറഞ്ഞ സംഭവം. ഇതിനു സമാനമായ നിരവധി സംഭവങ്ങള്‍ ഈ നഗരത്തില്‍ നടന്നുവരുന്നുണ്ട്. കൊച്ചി നഗരം മുനിസിപ്പല്‍ കോര്‍പറേഷനായിട്ട് അരനൂറ്റാണ്ടു തികയാന്‍ അധികകാലമില്ലെങ്കിലും കൊച്ചി കാണാനെത്തുന്നവര്‍ക്ക് ആവശ്യമായ ഭൗതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ നഗരസഭയ്ക്കു സാധിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്ക് കൊച്ചിയിലും മറ്റു നഗരങ്ങളിലും എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് മതിയായ സൗകര്യങ്ങളോടുകൂടിയ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിച്ചുനല്‍കേണ്ട അനിവാര്യ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിറവേറ്റാത്തത് വലിയ ഒരു വീഴ്ച തന്നെയാണ്. മാലിന്യനിര്‍മാര്‍ജനത്തിനും മറ്റും കോടികള്‍ ചെലവിടുമ്പോള്‍ നഗരത്തില്‍ വന്നുപോവുന്നവര്‍ക്ക്, പ്രത്യേകിച്ച് വനിതകള്‍ക്ക് സുരക്ഷിതത്വവും വൃത്തിയും വെടിപ്പുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഒരുക്കിനല്‍കേണ്ടത് ഒരു ഭരണഘടനാബാധ്യതയാണ്. ഈ വിഷയം സംബന്ധിച്ച് കോടതികള്‍ മുമ്പാകെ നിരവധി ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകള്‍ വീടിനു പുറത്തുപോവുമ്പോള്‍ അവരുടെ ഉപയോഗത്തിനായി സുരക്ഷിതവും മോശമല്ലാത്തതുമായ വിധത്തിലുള്ള കക്കൂസുകള്‍ നിര്‍മിച്ചുനല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. അഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ ഭാഗമാണ് സുരക്ഷിതത്വവും വൃത്തിയുമുള്ള കക്കൂസുകള്‍ ഉണ്ടാവുക എന്നതെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രസ്തുത വിധിയില്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും ഹൈക്കോടതി ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. യാത്രക്കാരായ സ്ത്രീകള്‍ക്കു വേണ്ടി കക്കൂസുകളും മൂത്രപ്പുരകളും വിശ്രമമുറികളും മറ്റും നിര്‍മിച്ചുനല്‍കാന്‍ ആവശ്യമായ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നഗരസഭകള്‍ക്കു നിര്‍ദേശം നല്‍കിയ കോടതി ഇവയുടെ ഉപയോഗത്തിന് ചാര്‍ജ് ഈടാക്കാനുള്ള വ്യവസ്ഥകളുണ്ടാക്കാവുന്നതാണെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ള ശൗചാലയസൗകര്യങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കേണ്ടതാണെന്നും ഇതിനു പ്രയാസമാണെങ്കില്‍ രാവിലെ മുതല്‍ രാത്രി വരെയെങ്കിലും ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ സൗകര്യപ്രദമായ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് കക്കൂസുകള്‍ നിര്‍മിച്ചുനല്‍കുകയെന്നത് സംസ്ഥാനത്തിന്റെയും നഗരസഭയുടെയും പരമോന്നത ചുമതലയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കാനുള്ള യോഗ്യതകളില്‍ ഒന്ന് സ്ഥാനാര്‍ഥിയുടെ താമസസ്ഥലത്ത് ശൗചാലയമുണ്ടാവുക എന്ന നിബന്ധന വ്യവസ്ഥചെയ്ത് ഹരിയാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് അധികനാളായിട്ടില്ല. എന്നാല്‍, കേരളത്തിലെ ജീവിതസാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത്തരമൊരു നിബന്ധനയ്ക്ക് ഇവിടെ പ്രസക്തിയില്ല. പകരം പലപല ആവശ്യങ്ങള്‍ക്കു വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ വിധിക്കപ്പെടുന്ന നമ്മുടെ അമ്മപെങ്ങന്‍മാര്‍ക്കും ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും യാത്രയ്ക്കിടയില്‍ പ്രാഥമികാവശ്യങ്ങള്‍ നിവൃത്തിക്കാനുള്ള ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളത് ഒരു മാനുഷികപ്രശ്‌നം തന്നെയാണ്. പൊതുസ്ഥലത്ത് ചുംബിക്കാനും ക്ലാസ്മുറികളില്‍ ഒരുമിച്ചിരിക്കാനും സമരം ചെയ്യാനിറങ്ങുന്നവര്‍ ഇത്തരം വിഷയങ്ങള്‍ സൗകര്യപൂര്‍വം മറക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടല്‍ മാത്രമാണ് അവകാശസംരക്ഷണത്തിനു കാവലാളാവുന്നത്. സര്‍ക്കാരും നഗരസഭകളും യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയാല്‍ കേരളം ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാവും. അല്ലാതെ ‘ഇവിടെ മലമൂത്രവിസര്‍ജനം നിരോധിച്ചിരിക്കുന്നു’ എന്ന് ബോര്‍ഡ് നാട്ടിയാല്‍ പ്രശ്‌നത്തിനു പരിഹാരമാവില്ല. $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss