|    Nov 14 Wed, 2018 11:03 pm
FLASH NEWS

അഴുക്കുചാലുകള്‍ ശുചീകരിക്കുകയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയും വേണം

Published : 15th December 2015 | Posted By: SMR

പാലക്കാട്: വൃത്തി ഹീനമായ അഴുക്കുചാലുകള്‍ കൃത്യമായി ശുചീകരിക്കുകയും മാലിന്യ നിക്ഷേപങ്ങള്‍ തടയുകയും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് മന്ത് രോഗം തടയാനുള്ള പ്രധാന മുന്‍കരുതലുകളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത ജോസഫ്. മന്ത് രോഗം പരത്തുന്ന കൊതുകുകള്‍ രൂപപ്പെടുന്നത് മലിനമായ അഴുക്കുചാലുകളിലും ഓടകളിലും മാലിന്യങ്ങളില്‍ നിന്നുമാണെന്നിരിക്കേ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഓടകള്‍ വൃത്തിയാക്കാനും മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നിര്‍മ്മാര്‍ജനം ചെയ്യാനും വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
പാലക്കാട് നഗരസഭാ പരിധിയിലെ വാര്‍ഡുകളിലും സമീപ പഞ്ചായത്തുകളിലുമാണ് ഏറ്റവും കൂടുതല്‍ മന്ത് രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മന്ത് രോഗത്തിന് ഗുളികകള്‍ നല്‍കുക മാത്രമേ ആരോഗ്യ വകുപ്പ് എന്ന രീതിയില്‍ ചെയ്യാനാകൂവെന്നും മലീമസമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും റീത്ത പറഞ്ഞു. മന്ത് രോഗത്തിനെതിരായ ഗുളികകള്‍ എല്ലാവരിലേക്കുമെത്തിക്കുകയെന്നതാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുരുഷന്‍മാരുടെ വൃഷണങ്ങളിലാണ് മന്ത് രോഗത്തിന് കാരണമായ വിരകളെ കണ്ടെത്താനായിട്ടുള്ളത്. കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിക്കുന്ന മലീമസമായ സാഹചര്യത്തില്‍ രൂപപ്പെടുന്ന കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. എല്ലാ ഗുളികകള്‍ക്കുമുള്ളപോലെ പാര്‍ശ്വഫലങ്ങള്‍ മന്ത് രോഗ പ്രതിരോധ ഗുളികള്‍ക്കുമുണ്ടെന്നതല്ലാതെ മറ്റൊരു പ്രശ്‌നവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശാരീരികമായി അവശതയുള്ളവര്‍, നിത്യരോഗികള്‍ എന്നിവര്‍ ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കണം. അതേസമയം ഗുളികള്‍ കഴിക്കേണ്ട സമയവും രീതിയും എല്ലാവരിലേക്കുമെത്തിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുദ്ദേശിക്കുന്നത്. സാധാരണ നിലയിലുള്ള ഒരാള്‍ മതിയായ ഭക്ഷണം കഴിച്ചതിന് ശേഷം മന്ത് രോഗ ഗുളിക കഴിക്കാവുന്നതാണ്. എന്നാല്‍ ശരീരത്തില്‍ മന്ത് രോഗത്തിന്റെ സാന്നിധ്യമുള്ളവര്‍ക്ക് തലതിരിച്ചിലും വിറയലും അനുഭവപ്പെടുമെങ്കിലും ഗുളികകള്‍ അവരുടെ ശരീരത്തിലെ മന്ത് രോഗ സാന്നിധ്യം പൂര്‍ണമായും നീക്കം ചെയ്യുന്നതാണ്-അവര്‍ പറഞ്ഞു.
മന്തുരോഗനിവാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിനു സമീപം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി റീത്ത ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പങ്കെടുത്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ മന്തുരോഗനിവാരണ ഗുളികകള്‍ വേദിയില്‍ കഴിച്ച് നിവാരണ യജ്ഞത്തിന്റ ഭാഗമായി. ഒന്നാം ഘട്ട മന്ത് രോഗ നിവരാണ പദ്ധതി 23ന് സമാപിക്കും. സംസ്ഥാനതല സന്ദേശം പബ്ലിക ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി ചടങ്ങിലറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ മോഹന്‍ദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബി രാധ, എന്‍ സി ഡി സി ജോ. ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി, ഡോ. ശിവശങ്കരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ്, മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ വൈ ഷിബു, വിവിധ നഴ്‌സിംഗ് സ്‌കൂളിലെ പ്രതിനിധികളും മന്ത്‌രോഗ നിവാരണ ചികിത്സയുടെ ഒന്നാം ഘട്ടത്തില്‍ പങ്കാളികളാകാനെത്തിയിരുന്നു. രണ്ടാം ഘട്ട മന്ത്‌രോഗ നിവരാണ പദ്ധതി ജനുവരി മൂന്നു മുതല്‍ 13ന് വരെ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss