|    Aug 22 Tue, 2017 12:55 pm
FLASH NEWS

അഴീക്കോട്ട് അര്‍ധരാത്രി സ്ഥലങ്ങള്‍ കൈയേറി അതിക്രമം : കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചു, തെങ്ങുകള്‍ പിഴുതുമാറ്റി

Published : 8th August 2017 | Posted By: fsq

 

കണ്ണൂര്‍: അര്‍ധരാത്രി വീടുകളും സ്ഥലങ്ങളും കൈയേറി വ്യാപക അതിക്രമം. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചുമാറ്റുകയും എട്ടോളം തെങ്ങുകള്‍ പിഴുതുകളയുകയും ചെയ്തു. അഴീക്കോട് പഞ്ചായത്തിലെ കാപ്പിലെ പീടികയ്ക്ക് സമീപമാണ് സംഭവം. സ്വാതന്ത്ര്യസമര സേനാനിയും അഴീക്കോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പന്നേന്‍ നാരായണന്റെ ഭാര്യ പൊന്‍മുടിയന്‍ സുശീല, സഹോദരി ലക്ഷ്മി, എം പി പ്രേമജ, എന്‍ കെ സുനജ, ടി വി സുന്ദരന്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് കൈയേറ്റം നടന്നത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു സംഭവം. വയോധികയായ ലക്ഷ്മിയുടെ വീടിന്റെ ശൗചാലയവും ടാങ്കും നശിപ്പിച്ച സംഘം കായ്ഫലമുള്ള എട്ടോളം തെങ്ങുകളും പിഴുതുമാറ്റി. റോഡ് നിര്‍മാണത്തിന്റെ പേരില്‍, സമീപം താമസിക്കുന്ന ധീരജ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. ഉടന്‍തന്നെ വളപട്ടണം പോലിസില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിറ്റേദിവസം രാവിലെ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലിസുകാര്‍ തിരിഞ്ഞുനോക്കിയില്ലത്രെ. തുടര്‍ന്ന് ആഗസ്ത് രണ്ടിനു ജില്ലാ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ല. കൈയേറിയ ഭാഗത്ത് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ പ്രേമജയുടെ മകന് മര്‍ദനമേറ്റതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഇന്നലെ വീണ്ടും ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക